ഒറ്റപ്പാലം: മതസൗഹാർദം തകർക്കുംവിധം ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന പരാതിയിൽ ഏഴ് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊല്ലില്ലത്ത് സുരേഷ് ബാബു (35), ചെറുകാട്ടുപുലം സ്വദേശി സുമ ബാബു (40), സനൽ (35), രാജകുമാരൻ (38), സജിൽ (30), രാജേഷ് (37), അരുൺ (30) എന്നിവർക്കെതിരെയാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. ഇവർ ബിജെപി അനുഭാവികളാണെന്ന് ഒറ്റപ്പാലം സിഐ എം സുജിത്ത് പറഞ്ഞു.
ഡിവൈഎഫ്ഐ മേഖല സെക്രട്ടറി നിഷാദ് അഡ്വ. സുജിത്ത് കുമാർ മുഖേന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം സിജെഎം കോടതി നിർദേശപ്രകാരമാണ് നടപടി. വാണിയംകുളം ചെറുകാട്ടുപുലത്ത് പ്രാർഥന നടത്താനായെത്തിയ പാസ്റ്റർ പനയൂർ മിനിപ്പടി കല്ലുപാലം പ്രേംകുമാറിനെ (39) 50ഓളം പേരടങ്ങുന്ന സംഘം ആക്രമിച്ച പശ്ചാത്തലത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ബിജെപി ചെറുകാട്ടുപുലം ഫേസ്ബുക്ക് അക്കൗണ്ടിൽ സുരേഷ് ബാബു ഇട്ട പോസ്റ്റ് ചിലർ പങ്കുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി നൽകിയത്. ഇതിനിടെ, ഹിന്ദു ദേവന്മാരുടെ ഛായാചിത്രങ്ങൾ ചെറുകാട്ടുപുലത്തെ അഴുക്ക് ചാലിൽ തള്ളിയ നിലയിൽ കണ്ടെത്തിയെന്ന ഹിന്ദു ഐക്യവേദിയുടെ പരാതിയും പൊലീസിന് ലഭിച്ചു.
January 15, 2021, 11:24 am