കൊറോണ എന്ന പേരു കേട്ടാൽ ഇപ്പോൾ ലോകം ഞെട്ടും. 3385 പേരുടെ ജീവൻ അപഹരിച്ചു സംഹാര താണ്ഡവം ആടുന്ന ഈ മാരക വൈറസ് ഇപ്പോൾ അറിയപ്പെടുന്നത് കോവിഡ് 19 എന്ന പേരിൽ ആണ്.
എന്നാൽ യഥാർത്ഥത്തിൽ ഇതു രോഗത്തിനു കാരണക്കാരൻ ആയ വൈറസിന്റെ പേരല്ല. കൊറോണ വൈറസ് ഡിസീസ് 19 എന്നതിന്റെ ചുരുക്ക പേരാണ് കോവിഡ് 19. അതായത് ഇത് രോഗത്തിന്റെ പേരാണ്. ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന ഈ രോഗത്തിന് കഴിഞ്ഞ മാസം 20നാണ് ലോകാരോഗ്യ സംഘടന കോവിഡ് 19 എന്നു പേരു വിളിച്ചത്.
അപ്പോൾ കോവിഡിന് കാരണക്കാരൻ ആയ ആ ഭീകരന്റെ പേരോ? അതേ അവന്റെ പേര് ഒന്നു പഠിക്കേണ്ടത് തന്നെയാണ്. സിവിയർ അക്യൂട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2. അതേ 2003ൽ നിരവധി പേരുടെ ജീവനെടുത്ത സാർസിന്റെ വംശത്തിൽ പെട്ട ഭീകരൻ തന്നെ.
ലോകത്തു ഏതു രോഗം വന്നാലും പേരിടുന്ന നമ്മുടെ ലോകാരോഗ്യ സംഘടന അഥവാ ഡബ്ല്യുഎച്ച്ഒ പക്ഷെ രോഗികാരികൾക്ക് പേര് വിളിക്കാറില്ലട്ടോ. അതിനുള്ള അധികാരം ഇന്റർനാഷണൽ കമ്മിറ്റി ഓണ്‍ ടാക്സോണമി ഓഫ് വൈറസ് (ഐസിടിവി)നാണ്. ലോകാരോഗ്യ സംഘടനയുമായി ആലോചിച്ചു കഴിഞ്ഞ മാസം 20നു തന്നെയാണ് കോവിഡ് 19നു കാരണക്കാരനായ വൈറസിന് സാർസ് കോവ് 2 എന്നു ഐസിടിവി പേരിട്ടത്.