കോവിഡ് വിവിധ രാജ്യങ്ങളിൽ മൂന്നാം തരംഗത്തിലേക്ക് കടന്നപ്പോൾ ചൈന കോവിഡ് രോഗികളെ കൈകൈര്യം ചെയ്യുന്ന രീതിക്കെതിരേ ലോകവ്യാപക വിമർശനം. കോവിഡ് രോഗികളെ ക്വാറന്റൈനിൽ പാർപ്പിക്കുന്നതിന് ചൈന ഒരുക്കിയ ഇരുമ്പുപെട്ടിമുറികളാണ് ഇതിനു കാരണം. ഇതുസംബന്ധിച്ചു പുറത്തുവന്ന വീഡിയോയാണ് ഇരുമ്പുപെട്ടിമുറികൾ ദൃശ്യമാവുന്നത്.
അടുത്തമാസം ബെയ്ജിങ്ങിൽ നടക്കാൻ പോവുന്ന ശീത ഒളിംപ്ക്സിനു മുന്നോടിയായാണ് കോവിഡിനെ പിടിച്ചുകെട്ടാൻ ചൈന കടുത്ത നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നിസ്സാരം കോവിഡ് കേസുകൾ മാത്രമാണ് റിപോർട്ട് ചെയ്യപ്പെട്ടതെങ്കിലും കോടിക്കണക്കിനു പേർ അധിവസിക്കുന്ന നഗരമൊട്ടാകെ ചൈന അടച്ചുപൂട്ടിയതിനെ തുടർന്ന് ആളുകൾ ഭക്ഷ്യവസ്തുക്കൾ പോലുമില്ലാതെ ബുദ്ധിമുട്ടുന്നുവെന്ന വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോൾ ആളുകളോട് ക്വാറന്റൈൻ ക്യാംപുകളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെടുന്നത്. അർധരാത്രി പിന്നിട്ടശേഷവും അധികൃതർ വീടുകളിലെത്തി ആളുകളോട് ക്വാറന്റൈൻ ക്യാംപിലേക്ക് മാറാനാണ് നിർദേശിക്കുന്നത്. താമസകേന്ദ്രങ്ങളിൽ ബസ്സുകൾ എത്തിച്ച് ഈ വാഹനങ്ങളിലാണ് ആളുകളെ ക്യാംപുകളിലേക്ക് മാറ്റുന്നത്.
കോവിഡ് രോഗികളുടെ സമ്പർക്കത്തിലുള്ളവരെ ആപ്ലിക്കേഷനിലൂടെ അതിവേഗം തിരിച്ചറിയാൻ കഴിയുകയും ഇവരെ ക്വാറന്റൈൻ ചെയ്യുകയുമാണ് ചെയ്യുന്നത്. രണ്ടുകോടിയിലേറെ ആളുകളാണ് ചൈനയിൽ വീടുകൾ അടയ്ക്കപ്പെട്ടിരിക്കുന്നതെന്ന് റിപോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
2019ൽ ചൈനയിലാണ് ലോകത്താദ്യമായി കോവിഡ് കേസ് റിപോർട്ട് ചെയ്യപ്പെട്ടതെങ്കിലും നഗരമൊട്ടാകെ ലോക്ക്ഡൗൺ ചെയ്താണ് ചൈന കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടിയത്.
January 13, 2022, 09:39 am