വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരുടെ ജീവൻ രക്ഷിച്ചത് വളർത്തുനായ. രാത്രി വൈകിയുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ ജീവനാണ് ജർമൻ ഷെപേഡ് ഇനമായ ടിൻസ്ലി എന്ന നായയുടെ ഇടപടെലിനെ തുടർന്ന് രക്ഷപ്പെട്ടത്.
അപകടത്തെ തുടർന്ന് സഹായം തേടി നായ തെരുവിൽ അലയുകയായിരുന്നു. ലബനോനിലെ ന്യൂ ഹാംപ്ഷയർ-വെർമോന്റ് അതിർത്തിയിലെ വെറ്ററൻസ് മെമോറിയൽ ബ്രിഡ്ജിൽ നായ ബഹളം വയ്ക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
ഇവരെ കണ്ടതോടെ നായ വഴികാട്ടിയായി മുന്നിലോടി. നായയെ പിന്തുടർന്ന സംഘത്തിന് വഴിയരികിലെ സംരക്ഷണ വേലി തകർന്നുകിടക്കുന്നത് കാണാനായി. ഇതിനു താഴെയായി മറിഞ്ഞ പിക്കപ്പ് വാനും സംഘം കണ്ടു. വാഹനത്തിൽ നിന്നും തെറിച്ചു വീണ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും പൊലീസ് ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ഇരുവരുടെയും ജീവൻ രക്ഷിക്കാനും കഴിഞ്ഞു. കൃത്യസമയത്തു തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായതാണ് യാത്രക്കാരുടെ ജീവൻ രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
നായയുടെ ഉടമയായിരുന്നു അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരിയായ കാം ലൗണ്ട്രി. പൊലീസിനെ കണ്ട പാടെ നായ മുന്നോട്ട് ഓടുകയും വീണ്ടും തിരിച്ചുവരുകയും വീണ്ടും ഓടുകയുമാണ് ചെയ്തിരുന്നതെന്നും ഇതോടെ അത് തങ്ങളോട് പിന്തുടരാൻ ആണ് ഇങ്ങനെ ചെയ്യുന്നതെന്നു മനസ്സിലായെന്നും പോലീസ് ഉദ്യോഗസ്ഥനായ ലഫ്. ഡാനിയൽ ബാൽദസാരേ പിന്നീട് വ്യക്തമാക്കി.
January 05, 2022, 20:03 pm