നടൻ മോഹൻലാലും സംവിധായകൻ പ്രിയദർശനും തീവ്ര ഹിന്ദുത്വവാദിയും വിദ്വേഷ പ്രചാരകനുമായ പ്രതീഷ് വിശ്വനാഥിനൊപ്പം നിൽക്കുന്ന ചിത്രം പുറത്ത്. പ്രതീഷ് വിശ്വനാഥ് തന്നെയാണ് ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിൽ പ്രൊഫൈൽ പിക്ചർ ആയി പങ്കുവച്ചത്. പ്രതീഷ് വിശ്വനാഥ് നടുവിലും മോഹൻലാലും പ്രിയദർശനും ഇരു വശത്തുമായി നിൽക്കുന്നതാണ് ചിത്രം.
നടനും സംവിധായകനും അങ്ങോട്ടുപോയി പ്രതീഷിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതാണെന്ന് മനസിലാവുമെന്ന് നിരവധി പേർ പറയുന്നു. സംഘ്പരിവാർ ചാനലായ ജനം ടിവിയുടെ ചെയർമാനായ പ്രിയദർശന്റെ നിലപാടിന്റെ കാര്യത്തിൽ സംശയമൊന്നും ഇല്ലെങ്കിലും മതേതര പക്ഷത്താണ് താനെന്ന് അവകാശപ്പെടുന്ന മോഹൻലാൽ ഇത്തരത്തിൽ ഒരു തീവ്ര ഹിന്ദുത്വവാദിക്കൊപ്പം ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രം ആരാധകരിൽ ഒരു വിഭാഗത്തെ ഞെട്ടിച്ചിട്ടുണ്ട്.
ഹിന്ദു രാഷ്ട്രത്തിനായി വാദിക്കുകയും നിരന്തരം മുസ്ലിങ്ങള്ക്കെതിരെ വ്യാജ-വിദ്വേഷ പ്രചരണം നടത്തുകയും സോഷ്യൽമീഡിയകളിലൂടെ കലാപാഹ്വാനം നടത്തുകയും ചെയ്യുന്ന വർഗീയവാദിയും തീവ്ര ഹിന്ദുത്വനേതാവുമായ പ്രതീഷ് വിശ്വനാഥിനൊപ്പമുള്ള മോഹൻലാലിന്റെ സാന്നിധ്യത്തിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്.
മോഹൻലാലിന്റെ ഉള്ളിലിരുപ്പ് ഇപ്പോൾ പൂർണമായും വ്യക്തമായി എന്നും മുഖംമൂടി അഴിഞ്ഞുവീണു എന്നും പലരും ചൂണ്ടിക്കാട്ടുന്നു. നേരത്തെ, നോട്ടുനിരോധനം ഉൾപ്പെടെയുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ നയങ്ങളെ അനുകൂലിച്ച് രംഗത്തുവന്നയാളാണ് മോഹൻലാൽ.
January 03, 2022, 18:07 pm