തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ചു നടത്തിയ പ്രസംഗം വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവച്ചതിനു പിന്നാലെ സജി ചെറിയാനെതിരേ പൊലീസ് കേസെടുത്തു. മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.
മല്ലപ്പള്ളിയിൽ സിപിഐഎം ഏരിയാകമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ സജി ചെറിയാൻ പ്രസംഗിച്ചത്. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേത്. ആര് പ്രസംഗിച്ചാലും ഇന്ത്യൻ ഭരണഘടന മികച്ചതാണെന്ന് ഞാൻ സമ്മതിക്കില്ല എന്നിങ്ങനെയായിരുന്നു സജി ചെറിയാന്റെ പ്രസംഗം.
പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷനൽ ഹോണർ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു കീഴ്വായ്പൂർ പൊലീസിന്റെ നടപടി. വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഭരണഘടനയെ അവഹേളിക്കുന്നതിനെതിരായ വകുപ്പാണിത്.
അതേസമയം, ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും. തൽക്കാലം പകരം മന്ത്രി വേണ്ടെന്നാണ് നിലവിലെ ചർച്ചകൾ. മന്ത്രി രാജി വച്ചതോടെ സജി ചെറിയാന്റെ വകുപ്പുകൾ മുഖ്യമന്ത്രിക്കാണ് കൈമാറിയത്. പക്ഷെ നിലവിലെ ഏതെങ്കിലും മന്ത്രിക്ക് ഇനി അധിക ചുമതല ആയി വകുപ്പുകൾ നല്കാനാണ് സാധ്യത.
സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജിവയ്ക്കണം എന്നാണ് പ്രതിപക്ഷനിലപാട്. വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.
July 07, 2022, 10:29 am