പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ അധിക്ഷേപ പ്രസ്താവനയില്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഖത്തര്‍ പ്രതിഷേധമറിയിച്ചതിന് പിന്നാലെ ഖത്തർ എയർവെയ്സിനെതിരെ ബഹിഷ്കരണ ആഹ്വാനം തുടങ്ങിയ സംഘ്പരിവാറിനെ ട്രോളി വിമാന കമ്പനി. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെയാണ് സംഘ്പരിവാറിനുള്ള കൊട്ട്.
തങ്ങളുടെ നാലു പ്രതിവാര ഫ്ലൈറ്റുകളിലേതെങ്കിലും ഒന്നിൽ നാഗ്പൂരിൽ നിന്ന് പറന്ന് ലോകം കാണൂ എന്ന പരസ്യവുമായി ഖത്തർ എയർവെയ്സ് സംഘ്പരിവാറിനെ ട്രോളിയത്. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലോകത്തിലെ 140ലധികം സ്ഥലങ്ങളിലേക്കാണ് സർവീസ്.
ഇന്ത്യയിൽ നിന്നുള്ള നിങ്ങളുടെ അടുത്ത അവധിയിൽ, നീണ്ടുകിടക്കുന്ന വിശാലമായ ഇരിപ്പിടങ്ങളിലെ ഖത്തർ എയർവെയ്സിലെ ആഢംബര യാത്ര എന്നും ഓർക്കുന്നതായിരിക്കുമെന്നും പരസ്യം പറയുന്നു.
നുപൂർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നീ ബിജെപി നേതാക്കളുടെ പ്രവാചക അധിക്ഷേപത്തിനെതിരെ ഖത്തർ അടക്കമുള്ള നിരവധി രാഷ്ട്രങ്ങൾ പ്രതിഷേധമറിയിച്ചതോടെയാണ് ഖത്തർ എയർവെയ്സ് ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി സംഘ്പരിവാർ- തീവ്ര ഹിന്ദുത്വ പ്രൊഫൈലുകൾ രംഗത്തുവന്നത്. ട്വിറ്ററിലൂടെയായിരുന്നു ഇത്.
എന്നാൽ 'ബോയ്കോട്ട് ഖത്തര്‍ എയര്‍വെയ്സ്' എന്നാണ് ഉദ്ദേശിച്ചതെങ്കിലും എഴുതിയത് 'ബയ്കോട്ട്' എന്നാണ്. ഈ അക്ഷരത്തെറ്റ് ഇതുവരെ ബഹിഷ്കരണ ആഹ്വാനം നടത്തുന്ന സംഘ്പരിവാർ പ്രവർത്തരോ നേതാക്കളോ മനസിലാക്കിയിട്ടില്ല. ഖത്തര്‍ എയര്‍വെയ്സിന്റെ ലോഗോയിലും ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനിയുടെ ചിത്രത്തിലും ഷൂസിട്ട് ചവിട്ടിയതായി സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ട്വീറ്റുകള്‍.
പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശത്തിന്റെ പേരില്‍ ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം വൻ പ്രതിഷേധം ശക്തമായതോടെ ബിജെപി സസ്പെൻഡ് ചെയ്ത നുപൂര്‍ ശര്‍മയെ പിന്തുണച്ചുള്ള ട്വീറ്റുകളിലും ഹാഷ്ടാഗ് പ്രത്യക്ഷപ്പെടുന്നുണ്ട്. യഥാര്‍ഥ ഹിന്ദുവും ഭാരതീയരുമാണെങ്കില് ഈ ഹാഷ്ടാഗിലുള്ള ട്വീറ്റുകള്‍ പങ്കുവയ്ക്കാനും സംഘ്പരിവാർ പ്രൊഫൈലുകൾ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ ഈ ബഹിഷ്കരണ ആഹ്വാനമൊന്നും ഖത്തർ എയർവെയ്സിനെതിരെ ബാധിക്കില്ല എന്നാണ് വിലയിരുത്തൽ. മറിച്ച്, ഈ ബഹിഷ്കരണ ആഹ്വാനം അവിടെ ജോലി ചെയ്യുകയും ജോലിക്കായി പോവാനിരിക്കുന്നവരും ജോലി നോക്കുന്നവരുമായ ഇന്ത്യക്കാർക്ക് തിരിച്ചടിയാവാനാണ് സാധ്യതയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതു കണ്ട് ഇന്ത്യക്കാരായ ഹിന്ദുക്കളെ ജോലിക്കെടുക്കില്ലെന്ന് ഖത്തറിലെ കമ്പനികൾ തീരുമാനിക്കുകയും വിസ നൽകാതിരിക്കുകയും ചെയ്താൽ അത് വലിയ തിരിച്ചടിക്കാവും കാരണമാവുക.
June 07, 2022, 16:13 pm