21 Tuesday
January , 2020
5.56 PM
livenews logo
flash News
പശ്ചിമേഷ്യയിൽ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കം പിഴച്ച് മോദിയും ബിജെപിയും അഫ്സൽ ​ഗുരു ബലിയാട്; ദേവീന്ദർ സിങ്ങിനെതിരെ അന്വേഷണം വേണം: നടി സോണി റസ്ദാൻ നിങ്ങൾക്കു കഴിയുന്നതുപോലെ പ്രതിഷേധിച്ചോളൂ എന്നാലും സിഎഎ പിൻവലിക്കില്ലെന്ന് അമിത് ഷാ ബാങ്ക് വിളിക്ക് ലൗഡ്സ്പീക്കർ വേണമെന്ന് മതത്തിൽ പറയുന്നില്ല: അലഹബാദ് ഹൈക്കോടതി നേപാളിൽ വിനോദസഞ്ചാരത്തിനുപോയ എട്ടു മലയാളികൾ വിഷവാതകം ശ്വസിച്ചുമരിച്ചു ഊബർ ഈറ്റ്സിനെ ഇന്ത്യയിൽ സൊമാറ്റോ വിഴുങ്ങി ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; അര മൂക്കുമായി നാടുവിട്ട് ഓടിയിരുന്നു അയാൾ: കെ മുരളീധരൻ ​ആരിഫ് മുഹമ്മദ് ഖാനെതിരെ പി സദാശിവം; കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ​ഗവർണറെ അറിയിക്കേണ്ടതില്ല രാജ്യത്തിന് വേണ്ടത് തൊഴിലില്ലാത്ത യുവതയുടെ രജിസ്റ്റർ; എൻആർസിയല്ലെന്ന് പ്രകാശ് രാജ് ഖത്തറിൽ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നടപ്പാക്കാന്‍ ആലോചന

മ്യാന്‍മറില്‍ രോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ ഗ്രാമങ്ങള്‍ പൊളിച്ചുനീക്കി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കുന്നു

September 10, 2019, 14:14 pm

മ്യാന്‍മറില്‍ നിന്ന് രോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ ആട്ടിപ്പായിച്ച ശേഷം അവരുടെ ഗ്രാമങ്ങള്‍ പൊളിച്ചുനീക്കി അവിടെ പോലിസ് ബാരക്കുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും നിര്‍മിക്കുന്നതായി റിപോര്‍ട്ട്. രോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ അധിവസിച്ചിരുന്ന നാലു പ്രദേശങ്ങളില്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുന്നിനെക്കുറിച്ച് ബിബിസിയാണ് റിപോര്‍ട്ട് ചെയ്തത്.

 

സൈനികരുടെയും ബുദ്ധസന്യാസിമാരുടെയും നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങള്‍ മൂലം 2017ല്‍ ഏഴുലക്ഷത്തോളം രോഹിന്‍ഗ്യന്‍ മുസ്‌ലിംകളാണ് മ്യാന്‍മറില്‍ നിന്നു പലായനം ചെയ്തത്. മ്യാന്‍മറിലെ നിരവധി പ്രദേശങ്ങള്‍ സഞ്ചരിച്ചാണ് ബിബിസി റിപോര്‍ട്ട് തയ്യാറാക്കിയത്. മ്യാന്‍മര്‍ സര്‍ക്കാരിന്റെ പ്രതിനിധികളും സംഘത്തെ അനുഗമിച്ചിരുന്നു. പോലിസിന്റെ സാന്നിധ്യത്തില്‍ അല്ലാതെ വീഡിയോ പകര്‍ത്താനോ ഫോട്ടോ എടുക്കാനോ ആളുകളെ അഭിമുഖം നടത്താനോ ബിബിസി സംഘത്തിന് അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ രോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ കഴിഞ്ഞിരുന്ന ഗ്രാമത്തിന്റെ അടയാളങ്ങള്‍ പോലും അധികൃതര്‍ ഇല്ലാതാക്കിയെന്ന് തങ്ങള്‍ക്കു നേരിട്ടു ബോധ്യമായതായി ബിബിസി ചൂണ്ടിക്കാട്ടുന്നു.

 

2017ല്‍ നടന്ന സൈനികനീക്കത്തിനു പിന്നാലെ രോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ മ്യാന്‍മര്‍ ഭാഗികമായി നശിപ്പിച്ചിരുന്നു. ഇത് ഇപ്പോള്‍ പൂര്‍ണമായും തുടച്ചുനീക്കിയെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. പലായനം ചെയ്തുപോയ രോഹിന്‍ഗ്യന്‍ മുസ്‌ലിംകളില്‍ നിന്നു തിരിച്ചുവരുന്ന 25000 പേര്‍ക്ക് താമസിക്കുന്നതിന് തയ്യാറാക്കിയതെന്നു പറഞ്ഞ് കാട്ടിത്തന്ന വീടുകള്‍ തകരാന്‍ പാകത്തിലാണുള്ളതെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒരുവര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയതാണ് ഈ കെട്ടിടങ്ങള്‍. പ്രദേശം മുഴുവന്‍ കാടുകയറി കിടക്കുകയാണ്.

 

മുമ്പ് രോഹിന്‍ഗ്യന്‍ ഗ്രാമമായിരുന്ന മ്യാര്‍ സിന്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഉഴുതുമറിച്ച ശേഷം ഇവിടെ ബോര്‍ഡര്‍ ഗാര്‍ഡ് പോലിസിന്റെ ബാരക്ക് നിര്‍മിച്ചിരിക്കുകയാണ്. രോഹിന്‍ഗ്യന്‍ മുസ് ലിംകള്‍ക്കെതിരേ നടന്ന അതിക്രമങ്ങളില്‍ ബോര്‍ഡര്‍ ഗാര്‍ഡ് പോലിസ് സുപ്രധാന പങ്ക് വഹിച്ചിരുന്നുവെന്നാണ് ആരോപണം.

 

8000ത്തിലധികം രോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ പാര്‍ത്തിരുന്ന മ്യോ തു ഗിയില്‍ ഇപ്പോള്‍ പഴയ കെട്ടിടങ്ങളൊന്നുമില്ല. എല്ലാം കത്തിച്ചുചാമ്പലാക്കുകയും പ്രദേശത്തുണ്ടായിരുന്ന മരങ്ങള്‍ വെട്ടിനീക്കുകയും ചെയ്തു. ഇവിടെയിപ്പോള്‍ പോലിസിന്റെ കെട്ടിടസമുച്ചമാണ്. സര്‍ക്കാരിന്റെ തന്നെ മറ്റ് കെട്ടിടങ്ങളും ഇവിടെ ഉയര്‍ന്നിട്ടുണ്ട്.
 

 

2017ല്‍ 10 രോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ പിടികൂടി കൂട്ടക്കൊല ചെയ്ത ഇന്‍ ഡിന്നിലും ബിബിസി സംഘം പോവുകയുണ്ടായി. ഇവിടുത്തെ മൂന്നിലൊന്ന് വിഭാഗവും രോഹിന്‍ഗ്യന്‍ മുസ് ലിംകളായിരുന്നു. റാഖൈന്‍ ബുദ്ധമതക്കാരായിരുന്നു ബാക്കിയുള്ളവര്‍. രോഹിന്‍ഗ്യന്‍ മുസ് ലിംകളുടെ വേരുപോലും ഇപ്പോള്‍ ഇന്‍ ഡിന്നിലില്ല. രോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ വീടുകള്‍ ഇരുന്നിടത്തിപ്പോള്‍ ബോര്‍ഡര്‍ ഗാര്‍ഡ് പോലിസിന്റെ ബാരക്കുകളാണ്. രോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ തങ്ങളുടെ ഗ്രാമത്തില്‍ ഇനി ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പ്രദേശത്തെ ബുദ്ധമതക്കാര്‍ ബിബിസി സംഘത്തോട് പ്രതികരിച്ചു.

 

മ്യാന്‍മറിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന ഒരു യുവാവ് പറഞ്ഞത് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നവര്‍ ദയവുചെയ്ത് മ്യാന്‍മറിലേക്കു തിരിച്ചുവരരുതേ എന്നാണ്. മ്യാന്‍മറിലെ അഭയാര്‍ഥി ക്യാംപില്‍ നിന്നു പുറത്തേക്കു പോവുന്നതിനു പോലും അനുമതി വേണം. വിദ്യാഭ്യാസത്തിനു സൗകര്യമില്ല. മതിയായ സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് തങ്ങള്‍ ഇവിടെ കഴിയുന്നതെന്നും യുവാവ് പറയുന്നു. 2012ല്‍ ഉണ്ടായ അതിക്രമത്തെ തുടര്‍ന്ന് മ്യാന്‍മറിലെ തന്നെ അഭയാര്‍ഥി ക്യാംപിലെത്തിയതാണ് യുവാവ് കുടുംബവും. 1,30,000 പേരാണ് അന്ന് അഭയാര്‍ഥികളായി മാറിയതെന്നും യുവാവ് പറയുന്നു.

 

 

ബംഗ്ലാദേശില്‍ കഴിയുന്ന ലക്ഷക്കണക്കിന് രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ പടിപടിയായി മ്യാന്‍മറിലേക്ക് കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ രോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ബംഗ്ലാദേശികളാണെന്നാണ് മ്യാന്‍മര്‍ സര്‍ക്കാരിലെ ഭൂരിഭാഗം മന്ത്രിമാരുടെയും ഭാഷ്യം. അനധികൃത കുടിയേറ്റത്തിലൂടെ മ്യാന്‍മറില്‍ എത്തിച്ചേര്‍ന്നവരാണ് രോഹിന്‍ഗ്യന്‍ മുസ്‌ലിംകളെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നു. രോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ സൈനികനേതൃത്വത്തില്‍ നടന്ന കിരാത നടപടിയോട് സമാധാനത്തിനുള്ള നൊബൈല്‍ പുരസ്‌കാരം നേടിയ മ്യാന്‍മറിന്റെ പ്രധാനമന്ത്രി ഓങ്‌സാന്‍ സൂചി പാലിച്ച നിശബ്ദതയെ അന്താരാഷ്ട്ര സമൂഹം ചോദ്യം ചെയ്തിരുന്നു.

 

September 10, 2019, 14:14 pm

Advertisement