പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് യുഎപിഎ ചുമത്തിയ ജയിലിൽ അടച്ചപ്പോൾ എല്ലാം അവസാനിച്ചതുപോലെ തോന്നിയെന്ന് ജാമിഅ മില്ലിയ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാര്‍. 2020 ഏപ്രില്‍ 10ന് മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് സഫൂറയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ദ ക്വിന്റിന് നല്കിയ അഭിമുഖത്തിലാണ് താൻ ജയിലിൽ അനുഭവിച്ച ഭയാനകതകൾ സഫൂറ വെളിപ്പെടുത്തിയത്.
ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. ചോദ്യം ചെയ്യലിന് വിളിപ്പിക്കാന്‍ തക്കതായി പോലും ഞാന്‍ ഒന്നും ചെയ്തിരുന്നില്ല. ജാമിഅയിലെ വിദ്യാര്‍ഥിനി എന്ന നിലയില്‍ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ഞാന്‍ പ്രതിഷേധത്തില്‍ സംസാരിച്ചിട്ട് പോലുമില്ല- സഫൂറ പറഞ്ഞു.
ഏറ്റവും വിഷമകരമായ കാര്യം ഏകാന്തതയായിരുന്നു. ഒറ്റയ്ക്ക് ഒരു സെല്ലിലാണ് എന്നെ അടച്ചത്. വലിയ ചുവരുള്ള ഒരു മുറി. വല്ലാതെ പേടിച്ചുപോയി. എല്ലാം അവസാനിച്ചപോലെ തോന്നി. എന്റെ കുഞ്ഞിനെ ജീവനോടെ കിട്ടില്ല എന്നു വരെ എനിക്ക് തോന്നി. ബാത്ത്റൂമിലേക്ക് പോവാന്‍ പോലും ഭയമായിരുന്നു. ഞാനാകെ പരിഭ്രാന്തയായി. ഹൃദയം വല്ലാതെ മിടിച്ചു- സഫൂറ കൂട്ടിച്ചേർത്തു.
2020ല്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ അക്രമമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് 27കാരിയും എംഫില്‍ വിദ്യാര്‍ഥിനിയുമായ സഫൂറയെ അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ ചുമത്തുകയും ചെയ്തു.
ഗർഭിണിയായിട്ടും ആദ്യം സഫൂറയ്ക്ക് ജാമ്യം നൽകാൻ കോടതി തയാറായിരുന്നില്ല. ജാമ്യത്തിന് അർഹയല്ലെന്നും എത്രയോ ഗർഭിണികൾ ജയിലിൽ പ്രസവിച്ചിട്ടുണ്ടെന്നും പറഞ്ഞ് പട്യാല ഹൗസ് കോടതിയായിരുന്നു 55ാം ദിവസം എട്ട് മണിക്കൂർ നീണ്ട വാദം കേൾക്കലിന് ശേഷം ജാമ്യം നിഷേധിച്ചത്.
എന്നാൽ പിന്നീട് 18 ദിവസത്തിനു ശേഷം ജൂൺ 23ന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ പിറ്റേദിവസം സഫൂറ ജയില്‍ മോചിതയായി. തുടർന്ന് ആണ്‍കുഞ്ഞിന് ജന്മം നല്കി.
സഫൂറ വിവാഹിതയല്ലെന്ന് ആരോപിച്ച് അപവാദ പ്രചാരണം നടത്തിയവര്‍ക്ക് അവർ നല്കിയ മറുപടിയിങ്ങനെ- "ഞാൻ വിവാഹിതയാണെന്ന് ആവർത്തിക്കുന്നത് പങ്കാളിയില്ലാതെ തനിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തുന്ന എല്ലാ അമ്മമാരോടും ചെയ്യുന്ന അനാദരവാണ്. എന്റെ വിവാഹം സംബന്ധിച്ച് തെളിവ് നല്കാന് ഞാൻ ആഗ്രഹിക്കുന്നില്ല".
ഭരിക്കുന്ന സര്‍ക്കാരിന് വിയോജിപ്പുകളോട് എങ്ങനെ ഇടപെടണമെന്ന് അറിയില്ലെന്ന് സഫൂറ വിമര്‍ശിച്ചു. എല്ലാ പ്രതിഷേധങ്ങളെയും രാജ്യദ്രോഹമായി മുദ്രകുത്തുന്നത് അവസാനിപ്പിക്കണമെന്നും സഫൂറ ആവശ്യപ്പെട്ടു.
March 07, 2021, 18:26 pm