16 Thursday
July , 2020
10.10 PM
livenews logo
flash News
ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് വരവരറാവുവിന് കൊറോണ ബാധ പാലത്തായി കേസ്: തനിക്കൊന്നും പറയാൻ കഴിയില്ല; പ്രതിക്ക് ജാമ്യം കിട്ടിയതിൽ മുഖ്യമന്ത്രി തിരുവനന്തപുരം സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു സ്വർണക്കടത്ത് കേസ്: യുഎഇ അറ്റാഷെയ്ക്കും പങ്കെന്ന് സരിത്തിന്റെ അഭിഭാഷകൻ; വെളിപ്പെടുത്തൽ രാജ്യം വിട്ടതിന് പിന്നാലെ ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിന് സസ്പെൻഷൻ കേരളത്തിൽ ഇന്ന് കൊറോണ ബാധിച്ചത് 722 പേർക്ക് പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പത്മരാജന് ജാമ്യം മുംബൈയിൽ അഞ്ചുനിലക്കെട്ടിടം തകർന്നുവീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു കൊറോണ: യുഎഇ മൂന്നാം​ഘട്ട വാക്സിൻ പരീക്ഷണം തുടങ്ങി

സമീറിന് മലയാളി കാണികൾ കൈയടി കൊടുക്കുക തന്നെ വേണം/റിവ്യൂ


ഉദയൻ പൊന്നാനി

 


സമീർ എന്ന പ്രവാസി നായക കഥാപാത്രത്തിന്റെ ഓർമകളുടെ തുടക്കമിട്ട് ഗൾഫിലെ ജീവിത വരൾച്ചയും നാട്ടോർമകളുമായി ഒരു കൊച്ചു സിനിമ ഇപ്പോൾ പുറത്തിറങ്ങി. ബുദ്ധി വ്യായാമ മുറകളിലൂടെ ഉരുട്ടി വായടച്ചു വിഴുങ്ങാൻ തരുന്ന ജീവിതാശയ  കാഴ്ചകളിൽ സ്വയം ഉന്മാദിച്ച് പുറത്തുവരുന്ന മലയാള സിനിമാ  മലവെള്ള പാച്ചിലിൽ ഒറ്റപ്പെട്ടു ഒഴുകിവരുന്നൊരു തെളിനീരുറവ പോലെ ഒരു സിനിമ.

 

റഷീദ് പാറക്കലിന്റെ നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് സനിൽ എടപ്പാൾ ഒരുക്കിയ ഒരു ലാളിത്യമാർന്ന സിനിമ.2019 ഉം 2020 തുടക്കവും ചേർത്തുവെച്ചാൽ ശീലിച്ചുപോയ ദൃശ്യ മാജിക്കുകളോ വെടിക്കെട്ടുകാഴ്ചകളോ ഈ സിനിമ സമ്മാനിക്കുന്നില്ല.

 

പകരം ഒരു നാടൻ പ്രേമത്തിൽ നിന്നും തുടങ്ങി ജീവിക്കാനായി ഗൾഫിൽ പോകുന്ന നായകന്റെ ജീവിത പ്രാരാബ്ധങ്ങൾ പറഞ്ഞുപോകുന്നതാണ് അത്. തീർച്ചയായും കാണികളെ ആകർഷിക്കുക ഈ സിനിമയിൽ നാട്ടുമ്പുറത്തെ സിനിമകളിൽ  കണ്ടുമടുത്ത ചില ടാഗു കളിൽ നിന്നുള്ള കുതറിത്തെറിക്കലാണ്, അതിലെ നിർമല നർമ്മ രസങ്ങളാണ്.

 

അത് നിശ്ചമായും ഉടനീളം ഉൾക്കൊണ്ട വിദേശ ദുരിത ജീവിത സന്ദർഭങ്ങളിലും ഒരുക്കിയിട്ടുണ്ട്. നാടും പ്രവാസവും പറഞ്ഞു പോകുമ്പോൾ എടുത്ത് പറയേണ്ടുന്ന ചിലതിൽ ഒന്ന് നായികയുടെ കുളത്തിലെ കൂട്ടുകാരുമൊത്തുള്ള  കളിതന്നെയാണ്. പിന്നെ നോട്ട് ബുക്ക്‌ കൊടുക്കാൻ വരുന്നത്. ഗൾഫിലേക്ക് പോകുമ്പോളുള്ള പിണക്കം കടൽക്കരയിൽ ഇരുന്ന് സംസാരിക്കുന്നതും വേറെയും ചിലതുമാണ്.

 

ഗൾഫിലെ ജീവിതകാഴ്ചകളിൽ ഒരു പ്രവാസിയുടെ വീട്ടിലേക്കുള്ള കാസറ്റ് റെക്കോർഡിങ്, തമിഴന്റെ പ്രണയ ഓർമ്മയുടെ ആവർത്തനം, രണ്ട് ബംഗാളി സഹതൊഴിലാളികളുടെ നായകനോടുള്ള സംവേദനം(ഒരാൾക്ക് ഉറങ്ങേണ്ട സമയത്ത് നായകന്റെ ലെറ്റർ വായനയും എഴുത്തും ) റൂമിൽ കിടക്കാൻ സ്ഥലമില്ലാത്തിടത്ത് കച്ചറ കൂട്ടിയിട്ട റൂമിലേക്കുള്ള മാറൽ.. എന്നിവ പോലെ ഗൾഫ് സിനിമകളിൽ കണ്ടിട്ടില്ലാത്ത സീനുകൾ ഒക്കെയാണ്.

 

അതുകൊണ്ട് തന്നെ ഒരു ഫീൽ ​ഗുഡ് മൂവി ആയി പരിഗണിക്കുമ്പോഴും ജീവിത പരുപരുപ്പിലേക്ക് നോട്ടമെറിയുന്നുണ്ട് ഈ സിനിമ. ഒന്നുരണ്ട് നല്ല പാട്ടുകൾ ഒരുക്കിയിട്ടുള്ള ഈ സിനിമയിൽ " മഴച്ചാറും ഇടവഴിയിൽ.. "എന്ന ഗാനം കൂട്ടത്തിൽ എടുത്ത് പറയണം.

 

ആ സുന്ദര പ്രണയഗാനം മഹാനായ സംഗീത സവിധായകനുപകരം പകരം ഒരു സ്വീറ്റ് വോയ്‌സിൽ കേട്ടിരുന്നെങ്കിൽ എന്നും ആലോചിക്കാതില്ല. എടുത്ത് പറയാൻ  പ്രധാനമായി തോന്നിയ മറ്റൊന്ന് രൂപേഷ് തീക്കോടിയുടെ കാമറയാണ്.

 

ചിലപ്പോഴൊക്കെ ആർഭാടമാണെങ്കിലും എടുത്തുപറയത്തക്ക സന്ദർഭിക സുന്ദര  ഷോട്ടുകൾ  സമ്മാനിക്കുന്നുണ്ട്. സിനിമയുടെ പോരായ്മകൾ പറയുകയാണെങ്കിൽ  തിരക്കഥയും എഡിറ്റിങ്ങും കഥാപാത്രങ്ങളെ ചിലയിടങ്ങൾ പ്ലേസ് ചെയ്തതും പറയണം.

 

ഈ സിനിമ ഒരു 25 മിനുട്ട് മുറിച്ച് മാറ്റിയാൽ കൂടുതൽ മുറുക്കം കിട്ടുമായിരുന്നു എന്ന് തോന്നുന്നത് അതിലെ അനാവശ്യമായ, സമീറിന്റെ ഗൾഫ് ജീവിത പരിസരമൊരുക്കിയ മരുഭൂമി സീനുകളിൽ  വരുന്ന ഫാന്റസി ഷോട്ടുകൾ ത്തന്നെയാണ്.പ്രതീക്ഷയോടെ ചാലിട്ട മിത്തിക്കൽ ബൈപാസ് ഒരിടത്തും സിനിമാ സംവേദനത്തിന്  സഹായകരമായിട്ടില്ല.

 

ലാളിത്യത്തോടെ അൺഡിസർവ്ഡ് മെതേഡിൽ പറഞ്ഞുപോകേണ്ട,  അങ്ങിനെത്തന്നെ തുടങ്ങി വെച്ച അതിന്റെ സൗന്ദര്യം,  ഇടക്കെപ്പോഴൊക്കെയോ സംവിധായകൻ വീഴ്ത്തിയിട്ടത് ലളിതമായി  പറഞ്ഞാൽ അവിവേകമായി  എന്നുതന്നെ പറയണം.

 

എന്നാൽ വൈകാരികതയെ വേണ്ടിടത് ട്വിസ്റ്റ് ചെയ്യാൻ തിരക്കഥ കാട്ടുന്ന മിടുക്ക് ബ്രഹ്തിയൻ എപിക് തിയേറ്റർ സ്വഭാവത്തെ ഓർമപ്പെടുത്തും. പാത്രസൃഷ്ടിയിൽ ഏറ്റവും ആശയക്കുഴപ്പം ഉണ്ടാക്കിയത് നായക കഥാപാത്രം തന്നെ.

 

നാട്ടു പ്രണയവും ഗൾഫ് പ്രണയവും രൂപപ്പെട്ടതിൽ,  അത് മുന്നോട്ടുകൊണ്ടുപോവുന്നതിൽ എത്രകണ്ട് നീതീകരണം സിനിമ തരുന്നുണ്ട് എന്നത് ചോദ്യമായി അവശേഷിക്കുന്നു. അതൊന്നുകൊണ്ട് തന്നെയാവണം സമീർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുതുമുഖ നടൻ റോഷൻ ആകെ ധർമ്മ സങ്കടത്തിലായതും.

 

എന്നാലും സമീറിനെ,  റോഷൻ ആനന്ദ് എന്ന പുതുമുഖ നടൻ  പലപ്പോഴും, ഹാസ്യ സീനുകളിലെ  ചില അംഗ ചലനങ്ങൾ ഒഴിച്ച്,  തൃപ്തികരമാക്കിയെന്നും  പറയാം. ബംഗാളികളായി അഭിനയിച്ച മെഹ്ബൂബും ബാബുവും റോളുകൾ മികവുറ്റതാക്കി.

 

നാട്ടുമ്പുറ കാമുകിയായി വേഷമിട്ട അനഘയും, അറബി വേഷമിട്ട മൊയ്‌ദീൻ കോയയും പാട്ടുകാരൻ മുഹമ്മദ്ക്കയായി വന്ന ബഷീറിനെയും എടുത്ത് പറയണം.  

 

റഷീദ് പാറക്കൽ എന്ന സംവിധായകൻ തന്നെ എഴുതിയ നോവലിനെ ഉപജീവിച്ച് അദ്ദേഹം തന്നെ ഒരുക്കിയ തിരക്കഥയിൽ നോവലിലെ എഴുതിയൊരുക്കിയ  സ്വന്തം ഇഷ്ടാശയങ്ങളെ  പിടിവിടാതെ സിനിമയിൽ പകർത്തിവച്ചതും വിനയായി.

 

കഥാപാത്രങ്ങൾ ഇടക്ക് പച്ചമനുഷ്യരുടെ ഭാഷയിൽ സംവേദിക്കുന്നതും ചിലപ്പോൾ താങ്ങാനാവാത്ത അച്ചടി ഫിലോസഫിലേക്ക് നീങ്ങുന്നതും തമ്മിലുള്ള വൈരുധ്യം പലപ്പോഴും അഭിനേതാക്കൾക്കും  ഭാരമായി കാണണം.

 

സിനിമ ഫ്രെമുകളുടെ കളർ ​ഗ്രേഡിങ്, ശബ്ദ മിശ്രണം എന്നിവയെല്ലാം നല്ല നിലവാരം പുലർത്തി കണ്ടപ്പോൾ ബാക്ക്ഗ്രൗണ്ട് സ്കോറിങ് വേണ്ടതുപോലെ ആയില്ലെന്നും പശ്ചാത്തലത്തിൽ  കടന്നുവന്ന പഴയ സിനിമ പാട്ടുകൾ അവശ്യം വേണ്ടതായിരുന്നെങ്കിലും അതിന്റെ ബാഹുല്യം കൊണ്ട് മാത്രം ചിലപ്പോഴൊക്കെ അരോചകമായി.

 

എന്തൊക്കെയായാലും ഇറക്കുമതി പാഠങ്ങൾ അനുസരിച്ചും, വെള്ളം തൊടാതെ വിഴുങ്ങിയും പ്രൈമറി പ്രാർത്ഥനാ നൃത്തം ചവുട്ടിയ 2019 മലയാള സിനിമകളെ  ഓർക്കുമ്പോൾ,  ജീവിത കാഴ്ചകളിൽ പരിചയിച്ചതെങ്കിലും പറഞ്ഞിട്ടില്ലാത്ത രസകരമായ സന്ദർഭങ്ങൾ പലപ്പോഴും ഒരുക്കിയ "സമീറി"ന് മലയാളി കാണികൾ കൈയടി കൊടുക്കുക തന്നെ വേണം.

 

തിരക്കഥയും സിനിമയും ഇനിയും പറയാവുന്ന നാട്ടുമണമോടെ എങ്ങിനെ ഒരുക്കാം എന്നതിന്റെ സൂചനകൾ ഈ സിനിമ പറയുന്നുണ്ടെന്നത് വല്ലാത്തൊരു പ്രതീക്ഷതന്നെ.

 

January 10, 2020, 13:03 pm

Advertisement