ഗുജറാത്തിലെ കന്ദ്ലയിൽ നിന്ന് പറന്നുയർന്ന വിമാനത്തിന്റെ മുന്നിലെ ചില്ല് പൊട്ടി. ഇതേത്തുടർന്ന് വിമാനം മുംബൈയിൽ ഇറക്കി. സ്പൈസ് ജെറ്റിന്റെ ക്യു 400 വിമാനമാണ് അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്. ഇന്നുപുലർച്ചെ ഫ്യുവൽ ഇൻഡിക്കേറ്ററിന്റെ പ്രവർത്തനം താറുമാറായതിനെ തുടർന്ന് സ്പൈസ് ജെറ്റിന്റെ ദുബയിലേക്കുള്ള വിമാനം പാകിസ്താനിലെ കറാച്ചിയിൽ ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു സ്പൈസ് ജെറ്റ് വിമാനത്തിനു കൂടി തകരാർ സംഭവിക്കുന്നത്.
വിമാനം 23000 അടി ഉയരത്തിൽ പറക്കുമ്പോഴായിരുന്നു വിമാനത്തിന്റെ മുന്നിലെ കണ്ണാടിച്ചില്ലിൽ പൊട്ടൽ വീണത്. ഇതേത്തുടർന്ന് വിമാനം മുംബൈയിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. വിമാനത്തിനുള്ളിലെ വായു സമ്മർദ്ദം സാധാരണ നിലയിലായിരുന്നുവെന്നും വിമാനം സുരക്ഷിതമായി മുംബൈയിൽ ഇറക്കിയെന്നും സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു. അതേസമയം ഇന്നു നടന്ന രണ്ട് സംഭവങ്ങളിലും വ്യോമയാന വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.