26 Tuesday
May , 2020
11.21 PM
livenews logo
flash News
സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു സിനിമാ സെറ്റ് തകർക്കൽ: മൂന്ന് രാഷ്ട്രീയ ബജ്രം​ഗ്ദൾ പ്രവർത്തകർ കൂടി അറസ്റ്റിൽ

കൊറോണക്കാലത്ത് അജ്ഞാതനു നേരെ കരുണയുടെ കൈനീട്ടിയ മനുഷ്യസ്നേഹി


 

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി രാജ്യത്ത് ഏർപ്പെടുത്തിയ 21 ദിവസ ലോക്ക് ഡൗണിൽ സ്തംഭിച്ചുപോയ ജീവനുകളും ജീവിതങ്ങളും ഏറെയാണ്. കൈയിൽ പണമുണ്ടായിട്ടു മാത്രം കാര്യമില്ലെന്ന് ഏവരും തിരിച്ചറിയുന്ന അനേകനിമിഷങ്ങളാണ് പലരുടെയും ജീവിതത്തിൽ ഈ ദിവസങ്ങളിൽ കടുന്നുപോയിട്ടുണ്ടാവുക.

 

അത്തരമൊരു സങ്കടാവസ്ഥയിൽ നട്ടംതിരിഞ്ഞ യുവാവ് തന്റെ ആവശ്യമറിഞ്ഞ് കരുണയുടെ നിറകുടമായി മാറിയ സത്യേട്ടനെക്കുറിച്ചു ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പ് വായനക്കാരുടെ മനസ്സും കണ്ണും നിറയ്ക്കുകയാണ്. സിറാജ് നടുക്കാവിൽ എന്ന യുവാവാണ് കൊറോണക്കാലത്തെ നെഞ്ചുതൊടുന്ന അനുഭവം സാമൂഹികമാധ്യമത്തിൽ കോറിയിട്ടത്.

 

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

 

എന്റെ സഹോദരിയെയും കൊണ്ട് അഞ്ചുദിവസമായി കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ട്. ഈ മഹാമാരിക്കാലത്ത്  വിജനമായ റോഡുകളും അടഞ്ഞു കിടക്കുന്ന അങ്ങാടിയും. മരുന്നു ഷാപ്പുകളല്ലാത്തതൊന്നും തുറന്നു പ്രവർത്തിക്കുന്നില്ല. അവശ്യവസ്തുക്കൾ ലഭിക്കുവാൻ പോലും പാട് പെടുന്ന സാഹചര്യം.

 

അവൾക്ക് ഇളനീർ വെള്ളം മാത്രം കൊടുക്കുവാൻ ഇന്ന് ഡോക്ടർ നിർദേശിച്ചുയ ആളനക്കമില്ലാത്ത അങ്ങാടിയിലൂടെ എങ്ങോട്ടെന്നില്ലാതെ നട്ടുച്ച വെയിലത്തു ഞാൻ ഏറെ ദൂരം നടന്ന് നോക്കി. കവലകളിൽ നിർത്തിയിട്ട പോലിസ് വാഹനത്തിന്റെ അരികിൽ ചെന്ന് ഞാൻ കാര്യം പറഞ്ഞു. സാധാരണ ഇളനീർ കിട്ടുന്ന ഭാഗങ്ങളൊക്കെ എനിക്ക് അവര്  പറഞ്ഞു തന്നു. പ്രതീക്ഷയുടെ ചെറിയ നാമ്പുകൾ കിട്ടുമ്പോൾ ഞാൻ എന്റെ നടത്തത്തിനു വേഗത കൂട്ടി..

 

എവിടെ നിന്നും കിട്ടിയില്ല. നിരാശനായി ഞാൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു നടന്നു. റോഡിൽ ക്‌ളീനിംഗ് ജോലി ചെയ്യുന്നവരോടും,മുന്നിൽ  കാണുന്നവരോടൊക്കെ അറിയാവുന്ന ഏതെങ്കിലും ഭാഗത്തു ഇളനീർ കട ഉണ്ടോ എന്ന് അന്വേഷിച്ചു കൊണ്ടേയിരുന്നു ..

 

നട്ടുച്ച വെയിലിന്റെ തീഷ്ണതയിൽ ഒരു ചെറിയ കവർ തൂക്കിയിട്ട്  സൈക്കിൾ ചവിട്ടി വരുന്ന ഒരു കദർ കുപ്പായക്കാരൻ എന്റെ മുന്നിലൂടെ കടന്നുപോയി ,ഞാൻ പിറകിൽ നിന്നും കൈമുട്ടി  വിളിച്ചു "ചേട്ടാ നിങ്ങൾ വരുന്ന ഭാഗത്ത്‌ എവിടെയെങ്കിലും ഇളനീർ വിൽക്കുന്നത് കണ്ടിട്ടുണ്ടോ "ചേട്ടൻ പറഞ്ഞു  'ഇപ്പോൾ എവിടെ കിട്ടാനാണ് മോനെ ഞാൻ എവിടെയും കണ്ടിട്ടില്ല '

 

ചേട്ടൻ എന്നോട് കാര്യങ്ങൾ തിരക്കി. ഞാൻ പറഞ്ഞു അവൾ വല്ലതും കുടിച്ചിട്ട് നാല് ദിവസമായി ഇന്ന് ഡോക്ടർ പറഞ്ഞത് ഇളനീർ കിട്ടുമെങ്കിൽ കുറേശേകൊടുത്തു നോക്കാമെന്ന്. പക്ഷെ നടന്നു പോകാൻ പറ്റുന്നിടത്തൊക്കെ പോയി നോക്കി റൂമിലേക്ക്‌ തിരിച്ചു പോവുകയാണെന്ന് .

 

ഞാൻ ഇവിടെയുള്ള ആളല്ലെന്നും താമരശ്ശേരിയിൽ നിന്നും പത്തുമുപ്പതു കിലോമീറ്റർ സൈക്കിൾ ചവിട്ടി മരുന്ന് വാങ്ങാൻ വന്നതാണെന്നും പറഞ്ഞു,

 

എന്നാൽ ശെരി ചേട്ടാ എന്നും പറഞ്ഞു തിരിഞ്ഞു നടന്നു. അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു എനിക്ക് തെങ് കയറ്റമായിരുന്നു ജോലിയെന്നും ഇവിടെ അടുത്തുള്ള ഒരു വീട്ടിൽ ഞാൻ മുമ്പ് തെങ് കയറിയിരുന്നെന്നും ഞാൻ ഒന്ന് പോയി നോക്കട്ടെ ..."മോന്റെ നമ്പർ എന്റെ ഫോണിലേക്ക് ആക്കിത്തരി ..എനിക്കി ഫോണൊണ്ട് കളിക്കുന്നൊതൊന്നും അറിയില്ല "

 


സൈക്കിളിന് വേഗത കൂട്ടി അയാൾ വന്ന വഴിക്ക് തിരിച്ചു പോയി ,ഞാൻ പോലീസ് വാഹനത്തിന്റെ അടുത്തെത്തിയപ്പോൾ നിരാശ നിറഞ്ഞ എന്റെ മുഖം കണ്ടിട്ടാവണം ഇളനീർ കിട്ടിയില്ലേ എന്നവർ ചോദിച്ചില്ല.  പാളയം ഭാഗത്ത്‌ പോയാൽ കിട്ടുവാൻ സാധ്യതയുണ്ട് ഒന്ന് പോയി നോക്ക് അതിലൊരു പോലീസുകാരൻ പറഞ്ഞു

 

എനിക്ക് പാളയം എത്തുവാൻ ഈ ഒരവസ്ഥയിൽ കഴിയുമായിരുന്നില്ല. അത് മനസ്സിലാക്കിയിട്ടാവണം. സഹായ മനസ്കനായ ആ പോലീസ് ഉദ്യോഗസ്ഥൻ ഒരു ഗുഡ്സ് ഔട്ടോക്കാരനെ കൈ കാണിച്ചു നിർത്തി എന്നെ പാളയം മാർകറ്റിൽ ഇറക്കിക്കൊടുക്കുവാൻ പറഞ്ഞു.

 

പോകുന്ന വഴിയിൽ എന്റെ ഫോണിൽ കോൾ വന്നു "മോനെവിടെയാ ഉള്ളത് ഇളനീർ കിട്ടീക്ക് ഞാൻ ബേബി ഹോസ്പിറ്റലിന്റെ ഗേറ്റിന്റെ അടുത്ത് നിൽപ്പുണ്ട് "
എന്റെ മറുപടി വാക്കുകൾ പൂര്ണമായില്ല തൊണ്ട ഇടറുന്നുണ്ടായിരുന്നു ഞാൻ ഓട്ടോയിൽ നിന്നും ഇറങ്ങി കിതപ്പിനു വക വെക്കാതെ വളരെ വേഗം ഓടുകയായിരുന്നു ... തീഷ്ണമായ വെയിലിൽ നെറ്റിയിലും കവിൾ തടങ്ങളിലും വിയർപ്പു കണങ്ങൾ ഒലിച്ചിറങ്ങുമ്പോൾ കണ്ണുനീർ തുള്ളികളും  അതിനൊപ്പം ചേർന്നു
 

ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അയാൾ വിളിക്കുമെന്ന്. ഇതിന് മുമ്പ് ഒരിക്കലും പരസ്പരം കണ്ടിട്ടില്ലാത്തവർ. കടപ്പാടോ ബാധ്യതയോ ഒന്നുമില്ലാത്തവർ.എന്നിട്ടുമദ്ദേഹം കദറിന്റെ വെള്ളമുണ്ടുമുടുത്തു തേച്ചു മിനുക്കിയ

 

കുപ്പായമിട്ട് നെറ്റിയിൽ നീളക്കുറി വരച്ചു അസുഖമായിട്ട് ഗുളിക വാങ്ങുവാൻ വന്ന് എന്റെ സങ്കടത്തിനു മുന്നിൽ മനസ്സലിഞ്ഞു പോയതാവാം ഉറവ വറ്റാത്ത മനുഷ്യ നന്മയുടെ ഉദാത്ത മാതൃക കാണിച്ചു തന്നവർ.

 

മരുന്നും ചീട്ടും വച്ചിരുന്ന കീസയിൽ ചെത്തി മിനുക്കിയ ഇളനീർ തൂക്കിപിടിച്ചു മതിലിനോട് ചാരി നിൽക്കുകയായിരുന്നു അദ്ദേഹം.  എന്നെ കണ്ടതും കൈ പൊക്കി കാണിച്ചു.

   

അനിർവ്വചനീയമായിരുന്നു ആ ഒരു നിമിഷം. ഒരു ഗ്ലാസ്‌ ചായ കുടിച്ചിട്ട് പോകാമെന്നു ഞാൻ ഒരുപാട് നിർബന്ധിച്ചു. പക്ഷെ അയാൾ സമ്മതിച്ചതേയില്ല  ഒരുപാട് ദൂരം എത്താനുള്ളതല്ലേ മാത്രമല്ല നല്ല വെയിലും അയാൾ പോകാൻ നിന്നപ്പോൾ ഞാൻ പതുക്കെ ചോദിച്ചു നിങ്ങൾക്ക് എന്തെങ്കിലും പൈസ തന്നാൽ വാങ്ങുമോ എന്ന് "അയ്യേ അങ്ങനെ പൈസ വാങ്ങാനാണെങ്കിൽ ഞാൻ ഈ ഉപകാരം ചെയ്യുമായിരുന്നോ " ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നുമുണ്ടാകുമെന്നു ഞാൻ അയാൾക് വാക്ക് കൊടുത്തു. അയാൾ തിരിച്ചുപോകുമ്പോൾ കണ്ണിൽ നിന്നും മായുന്നതുവരെ ഞാൻ നോക്കി നിന്നു.

      
റൂമിൽ എത്തി വിയർത്തു കുളിച്ച എന്റെ മുഖവും കൈയും കഴുകി. അതിലൊരു ഇളനീർ പൊട്ടിച്ചു ഗ്ലാസ്സിലേക്ക് ഒഴിച്ചു പെങ്ങൾക്ക് കൊടുത്തു. ഞാൻ അടുത്തിരുന്നു  കാര്യങ്ങളൊക്കെ വിവരിച്ചു കൊടുത്തു

 

നിറ കണ്ണുകളുമായി അവൾ ദൈവത്തിനെ സ്തുതിച്ചു "അൽഹംദുലില്ലാഹ് " ഓരോ ഇറക്ക് കുടിക്കുമ്പോഴും അവൾ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു ...അവളുടെ ചുണ്ടും കൈയും വിറക്കുന്നുണ്ടായിരുന്നു കണ്ണുനീർ തുള്ളികൾ കവിളിലൂടെ ചാലിട്ടൊഴുകി ...ഞാൻ പറഞ്ഞു എന്നുമുണ്ടാകണം നമ്മുടെ പ്രാർത്ഥനയിൽ ...

 

താമരശ്ശേരിക്കടുത്തു ,സത്യൻ അത്രമാത്രമേ എന്നോട് പറഞ്ഞിട്ടുള്ളു , സത്യേട്ടൻ എന്റെ ജീവിതത്തിൽ എനിക്കൊരു മാതൃക തന്നെയാണ് ഉറവ വറ്റാത്ത മനുഷ്യത്വത്തിന്റെ ഉദാത്തമാതൃക.

 


നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുന്ന നന്മകൾ അതിന്റെ സമയത്തു തന്നെ ചെയ്തു തീർക്കുക  അതിൽ പരിചിതരെന്നോ അപരിചിതരെന്നോ വ്യത്യാസമില്ലാതെ ..ആ പ്രാർത്ഥന മാത്രമേ നമുക്ക് ഇരു ലോകത്തും  ബാക്കിയുണ്ടാവുകയുള്ളു ..പ്രാർത്ഥനയോടെ .

April 07, 2020, 12:31 pm

Advertisement