ഷിയാസ് ബിൻ ഫരീദ്
മദ്രാസ് ഐഐടിയില്‍ മാനസിക പീഡനത്തെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാന്‍ കാരണക്കാരനായ അധ്യാപകന് സുദര്ശന് പത്മനാഭന് മിസോറമിലേക്ക് മുങ്ങി. സംഭവത്തിനു ശേഷം സുദര്ശന് കോളേജില്‍ വന്നിട്ടില്ല. ചൊവ്വാഴ്ച അനുശോചന യോഗം നടന്നപ്പോഴും എത്തിയില്ല. ക്യാംപസിനകത്തുള്ള ഇയാളുടെ ക്വാര്‍ട്ടേഴ്സും അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ രാത്രി മിസോറമിലേക്ക് കടന്നു എന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ പിതാവിന്റെ സുഹൃത്ത് ഷൈന്‍ ന്യൂസ്ടാഗ് ലൈവിനോടു പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായിട്ടാണ് കുട്ടി ആകെ അസ്വസ്ഥയായിരുന്നത്. എപ്പോഴും എസ്പി എന്ന പേരു പറയുമായിരുന്നു. അത് സുദര്ശന് പത്മനാഭന് ആണെന്ന് പിന്നീടാണ് ഞങ്ങള്‍ക്കു മനസ്സിലായത്. ഇയാള്‍ പല കുട്ടികളേയും മാനസികമായി പീഡിപ്പിക്കാറുണ്ടെന്നൊക്കെയുള്ള കാര്യങ്ങളാണ് പറഞ്ഞിരുന്നത്. തനിക്ക് അര്‍ഹമായ ഇന്റേണല്‍ മാര്‍ക്ക് മനഃപൂര്‍വ്വം കുറച്ചുകൊടുത്തു എന്ന കാര്യവും വീട്ടുകാരോട് പറഞ്ഞിരുന്നു. ഫാത്തിമയുടെ ഫോണ്‍ കൂടുതല്‍ പരിശോധനയ്ക്കായി പൊലീസിന് നല്‍കിയിട്ടുണ്ട്.
എന്നും രാത്രി ഭക്ഷണം കഴിക്കാന്‍ പോയ ശേഷം എട്ടു മണിക്ക് ഹോസ്റ്റലില്‍ കയറുന്ന ഫാത്തിമ, മരിക്കുന്ന ദിവസം രാത്രി ഒമ്പതര മണി വരെ മെസ് ഹാളില്‍ ഇരുന്ന് കരയുന്നതും ഒരു സ്റ്റാഫ് വന്ന് ആശ്വസിപ്പിക്കുന്നതും കണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ അന്നു രാത്രി എന്താണ് നടന്നതെന്നും ആ സ്റ്റാഫിനോട് ഫാത്തിമ എന്താണ് പറഞ്ഞതെന്നും അന്വേഷിക്കേണ്ടതുണ്ട്. ആ സ്റ്റാഫ് കോളേജിലെ ആരാണെന്ന് അറിയില്ല. പക്ഷേ ഞങ്ങള്‍ക്ക് കണ്ടാല്‍ തിരിച്ചറിയാം. ഹോസ്റ്റലിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിറ്റേന്ന് രാവിലെയാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഫാത്തിമയെ കാണുന്നത്.
സാംസങ് നോട്ട്സില്‍ പറയുന്ന കാര്യങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്നും രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്ന് കേരളാ പൊലീസിന്റെ നിര്‍ദേശമുണ്ട്. അതില്‍ സുദര്‍ശനെതിരെ പരാമര്‍ശങ്ങളുണ്ട്. അവസാനമായി വീട്ടില്‍ നിന്ന് ഒക്ടോബര്‍ എട്ടിനാണ് ഫാത്തിമ കോളേജിലേക്ക് പോയത്. ക്ലാസില്‍ മികച്ച പഠനനിലവാരം പുലര്‍ത്തിയിരുന്ന ഫാത്തിമയോടാണ് പല വിദ്യാര്‍ഥികളും സംശയങ്ങള്‍ ചോദിച്ചിരുന്നത്. ഒരിക്കല്‍ വിദേശത്തുനിന്നും കോളേജിലെത്തിയ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതും ഫാത്തിമയുമായിട്ടായിരുന്നു. ഇതൊക്കെ സുദര്‍ശനെ പ്രകോപിപ്പിച്ചിരുന്നു. നിയമപോരാട്ടവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഫോര്‍ ഫാത്തിമ എന്ന പേരില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ടെന്നും നീതി ലഭിക്കാനായി ഏതറ്റം വരേയും പോകുമെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.
November 13, 2019, 21:55 pm