നാലുവർഷം പഴക്കമുള്ള ട്വീറ്റിന്റെ പേരിൽ അറസ്റ്റിലായ വസ്തുതാന്വേഷണ വെബ്സൈറ്റ് ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചു. തനിക്ക് നേരെ വധഭീഷണിയുണ്ടെന്നും സുബൈർ ഹരജിയിൽ പറയുന്നു. ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും.
ട്വീറ്റിന്റെ പേരിൽ അറസ്റ്റിലായ മുഹമ്മദ് സുബൈറിനെതിരേ പൊലീസ് പിന്നീട് ക്രിമിനൽ ഗൂഢാലോചന, വിദേശ സംഭാവന നിയന്ത്രണം നിയമം തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തിയിരുന്നു. 14 ദിവസത്തേക്ക് റിമാൻഡിലായ സുബൈർ നിലവിൽ തിഹാർ ജയിലിൽ ആണ് കഴിയുന്നത്. 1983ലെ ഹിന്ദി കോമഡി സിനിമയിലെ രംഗമാണ് മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തിരുന്നത്. ഹനുമാൻ ഭക്ത് എന്ന ട്വിറ്റർ അക്കൗണ്ട് നൽകിയ പരാതിയിലായിരുന്നു സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതിനു ശേഷം ഉത്തർപ്രദേശ് പൊലീസ് എടുത്ത കേസിനെ തുടർന്ന് സുബൈറിനെ യുപിലെ സീതാപൂരിലേക്കും കൊണ്ടുപോയിരുന്നു. യുപി പൊലീസിന്റെ കേസ് അവസാനിപ്പിക്കാൻ ഹരജി നൽകിയിട്ട് അലഹബാദ് ഹൈക്കോടതി അംഗീകരിച്ചില്ലെന്ന് സുബൈറിന്റെ അഭിഭാഷകൻ സുപ്രിംകോടതിയെ അറിയിച്ചു.