ഇലക്ട്രിക് വാഹനനിർമാണ രംഗത്തെ അതികായരായ യുഎസ് കമ്പനി ടെസ് ല തങ്ങളുടെ മോഡൽ 3 ഇന്ത്യൻ നിരത്തുകളിലിറക്കുന്നു. 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ വാഹനങ്ങൾ ഇന്ത്യൻ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കം. വാഹനബുക്കിങ് 2021 ജനുവരിയിൽ ആരംഭിക്കുമെന്നും റിപോർട്ടുകൾ വ്യക്തമാക്കുന്നു.
ടെസ് ല സിഇഒ ആയ എലൻ മസ്കും കമ്പനിയുടെ ഇന്ത്യൻ രംഗപ്രവേശത്തെക്കുറിച്ച് ഒക്ടോബറിൽ സൂചന നൽകിയിരുന്നു. മോഡൽ 3 വാഹനങ്ങൾ 2017ൽ ഇന്ത്യയിലെത്തിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും ഇറക്കുമതി നയങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കണക്കിലെടുത്ത് ഇതു നീട്ടുകയായിരുന്നു. 2016ൽ മോഡൽ 3നുള്ള ബുക്കിങ് പോലും ആരംഭിച്ച ശേഷമായിരുന്നു കമ്പനിയുടെ തീരുമാനം.
55 ലക്ഷം രൂപ മുതലാണ് മോഡൽ 3ന്റെ വില തുടങ്ങുന്നതെന്നാണ് വിവരം.
മണിക്കൂറിൽ 162 മൈൽ വരെ വേഗത കൈവരിക്കാൻ മോഡൽ 3ന് ആവും. പൂജ്യത്തിൽ നിന്ന് 60 മൈൽ വേഗത കൈവരിക്കാൻ കേവലം 3.1 സെക്കന്റ് മതിയാകും. ഒറ്റത്തവണ ബാറ്ററി ചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കും. സ്റ്റാൻഡേഡ് റേഞ്ച് അല്ലെങ്കിൽ സ്റ്റാൻഡേഡ് റേഞ്ച് പ്ലസ്, ലോങ് റേഞ്ച്, ലോങ് റേഞ്ച് പെർഫോമൻസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് മോഡൽ 3 ലഭ്യമാവുക.
December 27, 2020, 20:20 pm