29 Saturday
February , 2020
2.38 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

“തടങ്കൽപാളയത്തിലേക്കുള്ള വഴി” പൗരത്വം നിഷേധിക്കപ്പെടുന്ന സ്ത്രീയവസ്ഥ അടയാളപ്പെടുത്തുന്ന കവിത തരംഗമാവുന്നു


ഇന്ദു ഗോപൻ

 

വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകളിലെ നാരായണി ഒരു നീറുന്ന നൊമ്പരമായി മലയാളിയുടെ മനസ്സിലിപ്പോഴുമുണ്ട്. എന്നാൽ നാരായണിയേക്കാൾ പതിൻമടങ്ങ് വേദനയും വിരഹവും ഉള്ളിലൊളിപ്പിച്ച് ഇന്ത്യയിലും മറ്റനേകം രാജ്യങ്ങളിലും പൗരത്വമില്ലാതെ തടങ്കൽ പാളയങ്ങളിൽ ജീവിതം ഉരുകിത്തീർക്കുന്നവരുടെ ഹൃദയ വേദനകൾ ഒപ്പിയെടുക്കുന്ന “തടങ്കൽ പാളയത്തിലേക്കുള്ള വഴി" എന്ന കവിതയുടെ ആലാപനം യുറ്റ്യൂബിൽ തരംഗമാവുന്നു.

 

ലോകത്തുടനീളമുള്ള പ്രണയിതാക്കൾ ഹൃദയം പങ്കുവെച്ച് ആഹ്ലാദിച്ചും ആർമാദിച്ചും തിമിർക്കുമ്പോൾ പുറംലോകവും ശുദ്ധവായുവും നിഷേധിക്കപ്പെട്ട് ഡിറ്റൻഷൻ കേന്ദ്രങ്ങളിൽ കഴിയുന്ന അബലകളും ദരിദ്രരും ആലംബഹീനരുമായ പരശ്ശതം പെൺ മനസ്സുകളുടെ നീറ്റലായി മാറുകയാണ് ഇതിലെ വരികൾ. ഇന്ത്യയിലെ വർത്തമാനകാല പൗരത്വം ഭീഷണിയായി തുലാസിലാടി നിൽക്കുന്നവരും ഇതിനോടകം  തന്നെ അസമിലെ ജയിലുകളിൽ പൗരത്വം തെളിയിക്കാനാവാതെ തടവിൽ കഴിയുന്ന ലക്ഷക്കണക്കിന് പെൺശരീരങ്ങളും വല്ലാത്ത നൊമ്പര കാഴ്ചയാകുന്നുണ്ട്.

 

ദീർഘകാലമായി തടവിലുള്ളവരുടെ പട്ടിക ഹാജരാക്കണമെന്ന് പരമോന്നത കോടതി കേന്ദ്രസർക്കാരിന് നോട്ടിസ് നൽകിയ പശ്ചാത്തലത്തിൽ ഈ കവിത കൂടുതൽ പ്രസക്തമാകുന്നുമുണ്ട്. പ്രണയിക്കുന്നതും സ്വപ്നം കാണുന്നതു പോലും കുറ്റകരവും രാജ്യദ്രോഹവുമായി മുദ്രയടിക്കപ്പെടുന്ന ഫാഷിസത്തിന്റെ തേർവാഴ്ച കാലത്ത് തടവറയിലെ സ്ത്രീ പ്രണയവും കിനാവുകളും ഒരു രാഷ്ട്രീയായുധമാണ്. ഇങ്ങനെ ഭരണകൂടം തടവിലാക്കപ്പെട്ട സ്ത്രീകളുടെ കാമനകളും അവരുടെ മാതൃത്വവും നിഷേധിക്കപ്പെടുന്നത് ജർമൻ നാസികാലത്ത് മാത്രമല്ല അനുസ്യൂതം ഇന്നും ലോകത്തുടനീളം തുടരുകയാണ്.

 

അനധികൃത കുടിയേറ്റക്കാരെന്നും നുഴഞ്ഞുകയറിയവരെന്നും മുദ്രയടിക്കപ്പെട്ട് അനന്തകാലം തടവറയിൽ ജീവിതം ഹോമിക്കപ്പെടാനാണ് അവരുടെ വിധി. ഒടുവിൽ ജീവച്ഛവങ്ങളായി അന്ത്യശ്വാസം വലിക്കുന്ന തരത്തിൽ അവരോട് ഏറ്റവും ക്രൂരമായ മനുഷ്യവിരുദ്ധതയാണ് ലോകത്തെ എല്ലാ ഭരണകൂടങ്ങളും ഇത്തരം ഡിറ്റൻഷൻ സെന്ററുകളിലെ അന്തേവാസികളോട് ചെയ്യുന്നത്. ചരിത്രം ആവർത്തിക്കുമോ എന്ന ഭീതിയിലാണ് നമ്മുടെ രാജ്യവും. യുദ്ധം പോലെ തന്നെ, അഭയാർത്ഥി പ്രവാഹത്തിലും അതിർത്തി കടക്കലിലും മറ്റും ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതും ഇരയാക്കപ്പെടുന്നതും സ്ത്രീകളും കുട്ടികളുമായിരിക്കുമെന്നത് പരക്കെ അംഗീകരിക്കപ്പെട്ട യാഥാർഥ്യമാണ്.

 

ഷഹീൻബാഗിലടക്കം രാജ്യത്തിന്റെ നാനാദിക്കിലും പൗരത്വ നിയമ ഭേദഗതിയെതുടർന്ന് ഉയർന്നുവന്ന സമരമുഖങ്ങൾ നമ്മോട് പറയുന്നത് പൗരത്വ ബില്ലിലൂടെയും പട്ടികയിലൂടെയും സ്വന്തം ആൺതുണകളും പ്രിയതമൻമാരും നഷ്ടപെട്ട് എണ്ണിയിലൊടുങ്ങാത്ത ദുരിതക്കയത്തിലേക്ക് പോകുന്ന സ്ത്രീയുടെ ചെറുത്തുനിൽപ്പിന്റെ കഥ കൂടിയാണ്.

 

തുറസ്സായ ആകാശവും വായുവും ഈശ്വരൻ എല്ലാ മനുഷ്യർക്കും തുല്യമായി നൽകിയതു പോലെ തന്നെയാണ് സ്വപ്നം കാണാനും പ്രണയിക്കാനും ഇണയോടൊപ്പം ഒരുമിച്ച് സ്വാതന്ത്ര്യത്തോടെ ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള മനുഷ്യന്റെ ജൈവികമായ അവകാശവും. അതിന്റെ മേലുള്ള ഏതു കടന്നുകയറ്റവും മാനവികതയ്ക്കു നേരെയുള്ള കൈയേറ്റമാണ്. ആധുനിക ദേശരാഷ്ട്രസങ്കൽപ്പങ്ങൾ അതിരുകൾ വരച്ച് ദേശീയതയുടെ പേശീബലം പ്രദർശിപ്പിക്കുമ്പേൾ ചുട്ടുപൊള്ളുന്ന മനുഷ്യരുടെ കണ്ണീർ ആകാശത്തുള്ള എല്ലാ അധികാരങ്ങളുടെയും അധിപൻ കാണാതിരിക്കില്ലെന്ന സമാശ്വാസമാണ് തടങ്കൽപാളയത്തിൽ തളർന്നുവീണു മരിക്കുന്ന മനുഷ്യർക്ക് കരുത്തു പകരുന്നുണ്ടാവുക.

 

അധികാരത്തിന്റെ ഏതുതരം “ദണ്ഡ”കൾ ഉപയോഗിച്ചായാലും ശരീരങ്ങളെ തടവിലിട്ടാലും  അവരുടെ സ്വപ്നങ്ങളും സ്വാതന്ത്ര്യവാഞ്ജയും ആർക്കും തടവിലാടാനാവില്ല എന്ന് പറയാതെപറഞ്ഞുപോകുന്നുണ്ട് ഈ കവിത. മാധ്യമ പ്രവർത്തകനും കവിയുമായ മസ്ഹർ എഴുതിയ കവിത, അതുൾകൊള്ളുന്ന വികാരതീവ്രതയോടെ മനോഹരമായി ചൊല്ലിഫലിപ്പിക്കാൻ സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ സൗദ പൊന്നാനിക്കായി എന്നതാണ് ഈ കവിതയുടെ ആവിഷ്കാരത്തെ വേറിട്ട അനുഭവമാക്കുന്നത്.

 

പൗരത്വബില്ലുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമുള്ള സമര വേദികളിൽ ഈ കവിത തരംഗമായി മാറികൊണ്ടിരിക്കുകയാണ്. എം വി നൗഫൽ എടപ്പാളാണ് ഇതിന്റെ സംവിധാനവും സംഗീതവും നിർവഹിച്ചിരിക്കുന്നത്.

February 15, 2020, 09:41 am

Advertisement