പുതിയ മോഡൽ താർ പുറത്തിറക്കുന്നതിന്റെ ഭാഗമായി മഹീന്ദ്ര ലേലത്തിനു വച്ച നമ്പർ വൺ താർ 1.11 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഡൽഹി സ്വദേശി ആകാശ് മിൻഡ വാഹനമേറ്റുവാങ്ങി. ലേലത്തിൽ വിറ്റഴിക്കുന്ന ആദ്യമോഡൽ താർ സവിശേഷതകൾ നിറഞ്ഞതുമാണ്. താർ നമ്പർ 1 എന്ന ബാഡ്ജ് വാഹനത്തിന്റെ പുറത്തും കാബിനിലും പതിപ്പിച്ചിട്ടുണ്ട്. വാഹന ഉടമയുടെ ഇനീഷ്യലും നമ്പർ വണിനു പുറമേ ഡാഷ്ബോർഡിലും തുകൽ സീറ്റിലും ഉണ്ടാവും.
എൽഎക്സ് പെട്രോൾ ഓട്ടോമാറ്റിക് താർ 2020ന് ലഭിച്ച ഏറ്റവും ഉയർന്ന തുകയായ 1.11 കോടി രൂപയും കോവിഡ് പോരാട്ട രംഗത്തുള്ള സ്വദേശ് ഫൗണ്ടേഷനാണ് മഹീന്ദ്ര കൈമാറുക.
നിരവധി ദിവസം നീണ്ടു നിന്ന താർ ലേലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 5500ൽ അധികം ആളുകൾ പങ്കെടുത്തിരുന്നു. വാശിയേറിയ ലേലനടപടികൾക്കൊടുവിലാണ് അവസാന ദിവസം ഏറ്റവും ഉയർന്ന തുക ആകാശ് മിൻഡ മുന്നോട്ടുവച്ചത്. തമിഴ്നാട് സ്വദേശിയും ഒരു കോടിക്കു മുകളിൽ വിളിച്ചിരുന്നുവെങ്കിലും ആകാശ് മിൻഡ അവസാന നിമിഷം ഇതിനെ മറികടക്കുകയായിരുന്നു. മിൻഡ കോർപറേഷൻ സിഇഒ ആണ് ആകാശ് മിൻഡ.
ഒക്ടോബർ രണ്ടിനാണ് മഹീന്ദ്ര താറിന്റെ പുതിയ മോഡൽ ലോഞ്ച് ചെയ്തത്. 9.8 ലക്ഷം മുതൽ 13.75 ലക്ഷം രൂപ വരെയാണ് താറിന്റെ എക്സ് ഷോറൂം വില. എഎക്സ്, എൽഎക്സ് എന്നിങ്ങനെ പെട്രോൾ, ഡീസൽ മോഡലുകൾ ലഭ്യമാണ്.
ആവശ്യക്കാർ വർധിച്ചതോടെ ഉൽപ്പാദനം വർധിപ്പിക്കുന്നതായി മഹീന്ദ്ര നേരത്തേ അറിയിച്ചിരുന്നു.
November 02, 2020, 10:01 am