21 Tuesday
January , 2020
4.22 PM
livenews logo
flash News
നിങ്ങൾക്കു കഴിയുന്നതുപോലെ പ്രതിഷേധിച്ചോളൂ എന്നാലും സിഎഎ പിൻവലിക്കില്ലെന്ന് അമിത് ഷാ ബാങ്ക് വിളിക്ക് ലൗഡ്സ്പീക്കർ വേണമെന്ന് മതത്തിൽ പറയുന്നില്ല: അലഹബാദ് ഹൈക്കോടതി നേപാളിൽ വിനോദസഞ്ചാരത്തിനുപോയ എട്ടു മലയാളികൾ വിഷവാതകം ശ്വസിച്ചുമരിച്ചു ഊബർ ഈറ്റ്സിനെ ഇന്ത്യയിൽ സൊമാറ്റോ വിഴുങ്ങി ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; അര മൂക്കുമായി നാടുവിട്ട് ഓടിയിരുന്നു അയാൾ: കെ മുരളീധരൻ ​ആരിഫ് മുഹമ്മദ് ഖാനെതിരെ പി സദാശിവം; കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ​ഗവർണറെ അറിയിക്കേണ്ടതില്ല രാജ്യത്തിന് വേണ്ടത് തൊഴിലില്ലാത്ത യുവതയുടെ രജിസ്റ്റർ; എൻആർസിയല്ലെന്ന് പ്രകാശ് രാജ് ഖത്തറിൽ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നടപ്പാക്കാന്‍ ആലോചന മരണം നാലായി, ദുരൂഹവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് ചൈന സ്ഥിരീകരിച്ചു പൗരത്വനിയമത്തെ അനുകൂലിച്ച് സംസാരിക്കാത്തതിന് ദറസ് വിദ്യാർഥിക്ക് നേരെ ആക്രമണം; കേസെടുത്തു

ഉരുളിനൊപ്പം ഒലിച്ചുപോയ പാതാറുകാരുടെ ജീവിതം ശൂന്യതയിൽ

August 22, 2019, 17:15 pm

ഷിയാസ് ബിൻ ഫരീദ്

 

ഓണം ഇങ്ങെത്തി. എന്നാൽ ആഘോഷമോ ആനന്ദമോ ഇല്ലാതെ ഇനിയെന്ത് എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിൽ ഇപ്പോഴും വിറങ്ങലിച്ചു നിൽക്കുകയാണ് നിലമ്പൂരിലെ കുടിയേറ്റ ​ഗ്രാമമായ പാതാർ. ഭീമമായ ഉരുൾപ്പൊട്ടൽ തൂത്തെറിഞ്ഞു പോയി 14 ദിവസം പിന്നിട്ടിട്ടും ഇപ്പോഴും ഭീകരമായ അന്തരീക്ഷമാണ് ഇവിടെ കാണാനാവുക. ഹൃദയം പിടയുന്ന കാഴ്ച. എങ്ങും വലിയ കല്ലുകൾ. റോഡിലടക്കം കിടക്കുന്ന മരത്തടികൾ. പത്തു കിലോമീറ്ററോളം ദൂരത്തിൽ ഉരുൾപ്പൊട്ടലുണ്ടായ ഇവിടെ വറ്റിയ നദി പോലെ കിടക്കുകയാണ് ദുരന്തത്തിന്റെ വഴി. 

നടക്കാൻ പോലും കഴിയാതെ ചെളിയും കല്ലുകളും നിറഞ്ഞ അങ്ങാടിയിലെ ബാക്കിയായ കെട്ടിടാവശിഷ്ടങ്ങളിൽ പുനരുജ്ജീവന ശ്രമങ്ങളുമായി നിരവധി സന്നദ്ധ പ്രവർത്തകരുണ്ട്. രണ്ട് ജെസിബികൾ ചെളി- മൺകൂനകൾ മാറ്റിയും മറ്റൊരെണ്ണം പാറകളും സ്ലാബുകളും പൊട്ടിച്ചും ഇവിടേക്കുള്ള വഴിയൊരുക്കുന്നുണ്ട്. ദുരന്തം മുൻകൂട്ടിക്കണ്ട് ഒഴിഞ്ഞുപോയതിനാൽ മാത്രം മുപ്പതോളം കുടുംബങ്ങളിലെ ആളുകൾ രക്ഷപെട്ട സ്ഥലമാണ് പാതാർ. അല്ലെങ്കിൽ മറ്റൊരു കവളപ്പാറ ആവർത്തിക്കുമായിരുന്ന പ്രദേശം.

ഇത്തവണ പാതാറുകാരുടെ ഓണവും ആഘോഷങ്ങളുമെല്ലാം വീടുകൾക്കും ഉപജീവന മാർ​ഗങ്ങൾക്കുമൊപ്പം ഭൂമിക്കടിയിലായിരിക്കുകയാണ്. വീടുകൾ ഇരുന്ന സ്ഥലമൊന്നും കാണാനേയില്ല. ദുരന്തം വിതച്ചെത്തിയ ഉരുൾപ്പൊട്ടൽ ഇഴുകിച്ചേർന്ന ഇഴികത്തോട് ഇപ്പോൾ ശാന്തമാണെങ്കിലും പാതാറുകാർക്കങ്ങനെയല്ല. അവർക്കത് ഭീതിയുടെ പര്യായമാണ്. കാരണം, കലംകമത്തി മലയിൽ നിന്നും ഉത്ഭവിക്കുകയും പാതാർ അങ്ങാടിയിലൂടെ ഒഴുകുകയും ചെയ്യുന്ന ഇഴികത്തോട്ടിലൂടെയാണ് ദുരിതം പാഞ്ഞെത്തിയത്. 

തോടിന്റെ മുന്നിലും പിന്നിലുമുള്ള 25ഓളം കടകളും കെട്ടിടങ്ങളും നിരവധി വീടുകളും മസ്ജിദ് നൂറിന്റെ ഒരു ഭാ​ഗവും ഈ ഉരുളൊഴുക്കിൽ ഒലിച്ചുപോയി. ഉരുൾപ്പൊട്ടലിൽ കുത്തൊഴുക്ക് വെള്ളം രണ്ടായി ദിശമാറി. ഇത് ഒരു ഇരുനില വീടിന്റെ മുന്നിലൂടെയും പിന്നിലൂടെയും ഒഴുകി വീടിന്റെ താഴത്തെ നിലയെ മൊത്തം വിഴുങ്ങി. പാതാറിന്റെ അവശിഷ്ടങ്ങൾ കാണാനായി നിരവധി പേരാണ് ഇപ്പോഴും ഇവിടേക്ക് ഒഴുകിയെത്തുന്നത്. 

വ്യാഴാഴ്ച വൈകീട്ട് ഏകദേശം അഞ്ചു മണിയോടെയാണ് മലയിൽ ഉരുൾപ്പൊട്ടിയത്. കനത്ത മഴയെ തുടർന്ന് ഇഴികത്തോട്ടിൽ രാവിലെ മുതൽ തന്നെ ചെറിയ തോതിൽ വെള്ളം ഉയർന്നിരുന്നു. വൈകീട്ട് ക്രമാധീതമായി വെള്ളം ഉയരുന്നത് കണ്ട് കരയിലുള്ള കുടുംബങ്ങൾ എല്ലാം വിവിധയിടങ്ങളിലേക്ക് മാറി. വലിയ കല്ലുകളും മരങ്ങളുമൊക്കെ ഒഴുകിവരുന്നത് കണ്ടപ്പോൾ പന്തികേട് തോന്നി. കടക്കാരൊക്കെ കട പൂട്ടി രക്ഷപെട്ടു. 

എന്നാൽ ഇവിടെ നിന്നും ഒന്നര കിലോമീറ്റർ അകലെയുള്ള മുട്ടിപ്പാലത്തെ ചില വീട്ടുകാർ ഇറങ്ങാൻ തയ്യാറായിരുന്നില്ലെന്ന് അങ്കമാലിയിൽ നിന്നും 53 കൊല്ലം മുമ്പ് ഇവിടേക്ക് വന്ന കൃഷ്ണൻ ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. തുടർന്ന് എല്ലാവരും കൂടി നിർബന്ധിച്ച് ഇവരെ വീടുകളിൽ നിന്ന് ഇറക്കുകയായിരുന്നു. ഉടൻ തന്നെ ഉരുൾപ്പൊട്ടി വലിയ വെള്ളപ്പാച്ചിലുണ്ടാവുകയും ആ വീടുകളും അതിൽ പോവുകയും ചെയ്തെന്ന് കൃഷ്ണൻ പറയുന്നു.

മരണമൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ സർക്കാരിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും മറ്റ് അധികൃതരുടേയും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയ പാതാർ അതിജീവനത്തിനായി ഇപ്പോഴും വിലപിക്കുകയാണ്. 

August 22, 2019, 17:15 pm

Advertisement