തെറ്റിൽ നിന്ന് ശരിയിലേക്ക്. വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥികളൊരുക്കിയ ഹ്രസ്വചിത്രത്തിന്റെ ടൈറ്റിലാണിത്. തലക്കെട്ടുപോലെ തന്നെയാണ് ഈ ചെറുസിനിമയുടെ ഇതിവൃത്തവും.
ഗുരുതരമല്ലെന്നു കരുതുന്ന ചെറിയ ചെറിയ ബാല്യകാല തെറ്റുകളെ അവഗണിച്ചുകളയുന്നത് നാളെയത് വലിയ കളവുകളിലേക്കും കള്ളങ്ങളിലേക്കുമാവും എത്തിക്കുക. അത്തരമൊരു ദുശ്ശീലത്തെ തിരിച്ചറിഞ്ഞ് തെറ്റ് ഏറ്റുപറയുന്ന വിദ്യാർഥിയും അതിനെ പ്രശംസിക്കുന്ന അധ്യാപികയും സഹപാഠികളുമാണ് ഈ ചിത്രത്തിന്റെ സാരം.
തെറ്റുകൾ മനുഷ്യസഹജമാണെന്നും അതു തിരിച്ചറിഞ്ഞാൽ തിരുത്താനുള്ള മനസ്സുകാണിക്കണമെന്നും അധ്യാപിക തന്റെ വിദ്യാർഥികളെ ഉപദേശിക്കുന്നതോടെ കാമറ കാഴ്ച അവസാനിപ്പിക്കുകയാണ്. ഫഹിം ജൗഹറലി, മുഹമ്മദ് ഷഹബിൻ, സഫ്ന(അധ്യാപിക), മുഹമ്മദ് റോഷൻ, മുഹമ്മദ് സദീദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഫാദിൽ എപികെ ആണ് സംവിധാനം. ജാസിം ബിൻ ഉസ്മാൻ(ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി), ഹംദാൻ യാസിർ(എഡിറ്റർ) എന്നിവരാണ് ഹ്രസ്വചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചത്. ക്ലാസിലെ മറ്റുവിദ്യാർഥികളുടെ പേരുകളും ഒടുവിൽ എഴുതികാണിക്കുന്നുണ്ട്.
ഒമ്പതുമിനിറ്റാണ് ചിത്രത്തിനു ദൈർഘ്യം. കുട്ടികളുടെ ശ്രമത്തിന് മികച്ച പിന്തുണയാണ് സ്കൂൾ അധികൃതരും അധ്യാപകരും നൽകിയിരിക്കുന്നത്.
March 19, 2021, 22:23 pm