29 Saturday
February , 2020
2.27 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

പ്രതികാരദാഹം അടങ്ങാതെ യോഗി പൊലീസ്; ജയിലില്‍ നിന്നിറങ്ങുംമുമ്പ് കഫീല്‍ഖാനെതിരെ എന്‍എസ്എ ചുമത്തി


പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രസംഗിച്ചതിന്റെ പേരില്‍ യുപി പൊലീസ് അറസ്റ്റ് ചെയ്ത ഡോ. കഫീല്‍ഖാനെതിരെ വീണ്ടും യോഗി പൊലീസിന്റെ പ്രതികാര നടപടി. കേസില്‍ ജാമ്യം അനുവദിക്കപ്പെട്ടിട്ടും ഇതുവരെ ജയില്‍ മോചനം സാധ്യമാവാത്ത കഫീല്‍ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി യുപി പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത മുംബൈയിലെ പ്രതിഷേധത്തിന്റെ ഭാഗമായുള്ള പ്രസംഗത്തിന്റെ പേരില്‍ തന്നെയാണ് എന്‍എസ്എയും ചുമത്തിയിരിക്കുന്നത്. 

 

കഴിഞ്ഞദിവസം ജാമ്യം ലഭിച്ച കഫീല്‍ഖാന്‍ ഇന്നു രാവിലെ ആറോടെ പുറത്തിറങ്ങേണ്ടിയിരുന്നതാണ്. എന്നാല്‍ മോചനം നിഷേധിച്ച് അദ്ദേഹം മഥുര ജയിലില്‍ തുടരുകയായിരുന്നു. കഫീല്‍ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായും ഞങ്ങളെ സഹായിക്കണം എന്നും അപേക്ഷിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഡോ. സബിസ്താഖാന്‍ ഇന്നു രാവിലെ രംഗത്തെത്തിയിരുന്നു. ഇന്നു പുറത്തിറങ്ങാനിരിക്കെ അപ്രതീക്ഷിതമായാണ് എന്‍എസ്എ ചുമത്തി കേസെടുത്ത കാര്യം അറിയുന്നതെന്നും യോഗി പൊലീസ് കഫീല്‍ഖാനെ തുടര്‍ച്ചയായി വേട്ടയാടുകയാണെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു.

 

കഫീല്‍ഖാനെ എത്രയും വേഗം മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജയില്‍ അധികൃതര്‍ക്ക് കത്തയച്ചിരുന്നു. മോചനം നീളുന്നതിനെതിരെ കുടുംബം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അതേസമയം, ജാമ്യം ലഭിച്ച ശേഷം ആര്‍ക്കെതിരെയും ദേശീയ സുരക്ഷാ നിയമം ചുമത്തരുതെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് യുപി പൊലീസിന്റെ നടപടിയെന്ന ആരോപണമുണ്ട്. 1985ലെ രമേശ് യാദവ്- ജില്ലാ മജിസ്‌ട്രേറ്റ് കേസിലാണ് സുപ്രീംകോടതി ഇക്കാര്യം നിര്‍ദേശിച്ചിരുന്നത്.

 

ഈ മാസം പത്തിനാണ് അലിഗഢ് കോടതി കഫീല്‍ഖാന് ജാമ്യം അനുവദിച്ചത്. ജനുവരി 29 ബുധനാഴ്ചയാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പ്രകോപന പരമാര്‍ശം നടത്തി എന്നാരോപിച്ചായിരുന്നു ഐപിസി 153 ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്. മുംബൈയില്‍ സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് വരാനിരിക്കെയായിരുന്നു അറസ്റ്റ്. 

 

നേരത്തെ, 2017 സെപ്തംബറില്‍ യുപി ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന കൂട്ടശിശുമരണത്തോടനുബന്ധിച്ചാണ് ആദ്യമായി യോഗി പെലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പുറത്തുനിന്ന് ഓക്‌സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച കഫീല്‍ഖാനെതിരെ കള്ളക്കേസ് ചുമത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ജാമ്യം ലഭിച്ച ശേഷവും അദ്ദേഹത്തെ വേട്ടയാടല്‍ തുടരുകയായിരുന്നു യോഗി പൊലീസ്.

 

ബഹ്റായ് ജില്ലാ ആശുപത്രിയില്‍ തുടര്‍ച്ചയായുണ്ടായ ശിശു മരണങ്ങളെ ആശുപത്രിയിലെത്തിയ ഡോ. കഫീല്‍ഖാന്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ 2018 സെപ്തംബറില്‍ അദ്ദേഹത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അധികൃതരുടെ അനാസ്ഥ തുടര്‍ന്നാല്‍ മരണ സംഖ്യ ഉയരുമെന്ന വിവരം കഫീല്‍ ഖാന്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറംലോകത്തെ അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. 

 

ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു അന്നത്തെ അറസ്റ്റ്. തുടര്‍ന്ന് പൊലീസ് ഗൊരഖ്പൂരിലെ ഡോക്ടറുടെ വീട്ടില്‍ റെയ്ഡും നടത്തി. ഈ കേസില്‍ ജാമ്യം നേടിയതിന് തൊട്ടു പിന്നാലെ കഫീല്‍ ഖാനെ പൊലീസ് മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തു.

 

11 വര്‍ഷം മുമ്പ്, മുസഫര്‍ ആലം എന്നയാള്‍ രാജ്ഘട്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇതിനു പിന്നാലെ ഭവനഭേദനം, ജോലി തടസപ്പെടുത്തല്‍, പൊതുസേവകനെ കയ്യേറ്റം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.

February 14, 2020, 12:53 pm

Advertisement