കട്ടപ്പന: ആർഎസ്എസ്സിന്റെ കലാപനീക്കത്തിനെതിരേ സാമൂഹിക വിമർശനം എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന്റെ പേരിൽ ഉസ്മാൻ ഹമീദിനെതിരേ ഗുരുതര വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവം പക്ഷപാതിത്വവും വിവേചനപരവുമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ കമ്മിറ്റി അറിയിച്ചു.
പൊതുവിഷയങ്ങളിലെ യുക്തിഭദ്രമായ വിമർശനത്തിലൂടെ സാമൂഹികമാധ്യമങ്ങളിൽ പ്രത്യേകിച്ച് ഫേസ്ബുക്കിൽ ഏറെ ശ്രദ്ധേയനായ വ്യക്തിത്വമാണ് ഉസ്മാൻ കട്ടപ്പന. അദ്ദേഹത്തെ 153(എ) വകുപ്പു പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത് ജനാധിപത്യവിരുദ്ധവും സാമൂഹികനീതിയുടെ ലംഘനവുമാണ്.
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പ്രകടനത്തിന്റെ മറവിൽ ആർഎസ്എസ് വൻകലാപത്തിന് പദ്ധതിയിടുന്നതായുള്ള വാർത്തയെ അടിസ്ഥാനമാക്കി ആഭ്യന്തരവകുപ്പിനെയും പൊലീസിനെയും വിമർശിച്ച് ഉസ്മാൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് കേസിന് കാരണമായി പൊലീസ് പറയുന്നത്. ആർഎസ്എസ്സിനെയും പൊലീസിനെയും വിമർശിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കി കേസ് ചുമത്താനും ജയിലിൽ അടയ്ക്കാനും കേരള പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം ബുധനാഴ്ച ഹിന്ദുത്വ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ പ്രകടനത്തിൽ മുസ്ലിം സമുദായത്തെയും സംഘടനകളെയും അവഹേളിക്കുന്നതും പ്രകോപനപരവുമായ മുദ്രാവാക്യങ്ങൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിക്കൊല്ലുമെന്നുവരെ ആക്രോശിച്ച് മുദ്രാവാക്യം ഉയർത്തിയിട്ടും ആർഎസ്എസ് നേതാക്കൾക്കെതിരേ നിസാര കേസുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത്.
ആയുധങ്ങൾ പ്രദർശിപ്പിച്ചും മുസ്ലിം വംശഹത്യയ്ക്കും കലാപത്തിനും പ്രേരണ നൽകുന്നതരത്തിലും സോഷ്യൽ മീഡിയയിൽ പ്രതീഷ് വിശ്വനാഥ് അടക്കമുള്ള ആർഎസ്എസ് ഹിന്ദുത്വ സംഘടനാ നേതാക്കൾ നിരവധി പോസ്റ്റുകൾ ഇട്ടിട്ടും ഇതിനെതിരേ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും കേസ് എടുക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറായിട്ടില്ല. എന്നാൽ ഉസ്മാന്റെ അറസ്റ്റ് വിവരം അറിഞ്ഞ് കടപ്പന സ്റ്റേഷൻ പരിസരത്ത് എത്തുകയും പോലിസിന്റെ അന്യായ നടപടിക്കെതിരേ ജനാധിപത്യപരമായി പ്രതിഷേധിക്കുകയും ചെയ്തവർക്കെതിരേ കേസ് എടുത്തിരിക്കുകയാണ്. അനീതിക്കെതിരേ ജനാധിപത്യ മാർഗത്തിൽ പ്രതിഷേധിക്കുകയെന്ന പൗരൻമാരുടെ മൗലികഅവകാശത്തെ ഇവിടെ ലംഘിക്കപ്പെടുകയാണ്. ഉസ്മാന്റെ അറസ്റ്റിനെതിരേ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ അടക്കം രംഗത്തുവന്നിരുന്നു.
പൊലീസ് ഹിന്ദുത്വത്തിന് വഴിപ്പെടുന്നതിനെതിരേ ശക്തമായ പ്രതിഷേധപരിപാടിയുമായി പോപുലർ ഫ്രണ്ട് മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. എം എച്ച് ഷിഹാസ് ( എറണാകുളം സോണൽ സെക്രട്ടറി, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ), ടി എച്ച് നൗഷാദ് (ഇടുക്കി ജില്ലാ പ്രസിഡന്റ്, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ), ഷാനവാസ് ബക്കർ (പോപുലർ ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മിറ്റിയംഗം) എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
January 07, 2022, 17:54 pm