7 Tuesday
July , 2020
6.47 PM
livenews logo
flash News
വീണ്ടും ഞെട്ടിച്ച് കോവിഡ്; ഇന്ന് 272 പേർക്ക് രോ​ഗം ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു

'എന്തായാലും അവസാനത്തെ ചിരി അവരുടേതായിരിക്കില്ല'; വിട്ടുനിൽക്കലിൽ റമീസ് മുഹമ്മദ് സംസാരിക്കുന്നു


 

ഷിയാസ് ബിൻ ഫരീദ്

 

1921ൽ മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടി വീരമൃത്യു വരിച്ച വാരിയംകുന്നത്ത് കു‍ഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം വാരിയംകുന്നൻ എന്ന പേരിൽ സിനിമയാക്കുന്നു എന്ന പ്രഖ്യാപനത്തിനു പിന്നാലെ പൃഥ്വിരാജിനേയും സംവിധായകൻ ആശിഖ് അബുവിനേയും കൂടാതെ തിരക്കഥാകൃത്തുകളിൽ ഒരാളായ റമീസ് മുഹമ്മദിനെതിരെയും വലിയ രീതിയിലുള്ള സംഘപരിവാർ വിമർശനവും സൈബർ ആക്രമണവുമാണ് ഉണ്ടായത്. റമീസിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കി അതിന്റെ പേരിൽ വലിയ കുപ്രചരണങ്ങളും ആരോപണങ്ങളും വ്യാപകമായതോടെ അവയൊക്കെ തെറ്റാണെന്ന് തെളിയിക്കുംവരെ താൽക്കാലികമായ വിട്ടുനിൽക്കൽ റമീസ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിവാദങ്ങളേയും ഭാവി കാര്യങ്ങളേയും തീരുമാനങ്ങളേയും കുറിച്ച് റമീസ് മുഹമ്മദ് ന്യൂസ്ടാ​ഗ് ലൈവുമായി സംസാരിക്കുന്നു.

 

ചോ: താൽക്കാലികമായി വിട്ടുനിൽക്കുക എന്നു പറയുമ്പോൾ അതിന്റെ ഏകദേശ കാലാവധി?

 

ഉ: താൽക്കാലികമായി വിട്ടുനിൽക്കൽ എന്നു പറയുമ്പോൾ തന്നെ അത് എന്നന്നേയ്ക്കും ഉള്ളതല്ലല്ലോ. എത്രയും കുറഞ്ഞതും ആവാമല്ലോ. എത്രയും പെട്ടെന്ന് റീ ജോയിൻ ചെയ്യും. 

 

ചോ: സംഘപരിവാർ പ്രചരണങ്ങൾക്കു മുന്നിൽ കീഴടങ്ങലാണ് എന്നുള്ള ആരോപണം ഉണ്ടല്ലോ?

 

ഉ: അങ്ങനെ കീഴടങ്ങിയാൽ ഞാൻ ഒരിക്കലും ചാനലുകളിൽ വന്നിരുന്ന് സംസാരിക്കില്ലല്ലോ. ഞാൻ എന്റെ അജണ്ടയ്ക്കു വേണ്ടി ഈ സിനിമയെ ഉപയോ​ഗിക്കുകയാണ് എന്നതുൾപ്പെടെയുള്ള കുപ്രചരണങ്ങളെ പൊളിക്കാൻ തന്നെയാണ് ഞാൻ ഇപ്പോൾ താൽക്കാലികമായി വിട്ടുനിൽക്കുന്നത്. ആ പ്രചരണങ്ങളെല്ലാം പൊളിച്ചിട്ട് തിരിച്ചുവരും. 

 

ചോ: വിട്ടുനിൽക്കൽ എന്നതൊരു ഭീരുത്വമാണ്, വഴങ്ങിക്കൊടുക്കലാണ് എന്നുള്ള ചർച്ചകളും നടക്കുന്നുണ്ട്?

 

ഉ: ഒരിക്കലുമല്ല. ഭീരുത്വമാണെങ്കിൽ ഈ സിനിമയുണ്ടാവില്ലല്ലോ. ഒരു തരത്തിലുള്ള ഭീരുത്വവും ഞാൻ കാണിക്കാൻ പാടില്ല. ഞാനൊരിക്കലും ഭീരുവാകാൻ പാടില്ലല്ലോ. കാരണം ഞാൻ വാരിയംകുന്നന്റെ ചരിത്രം പഠിച്ചയാളാണ്. വാരിയംകുന്നന്റെ പിന്മുറക്കാരനാണ്. 


യാതൊരു മാറ്റവും കാലതാമസവും ഇല്ലാതെ സിനിമയുടെ പ്രവർത്തനങ്ങൾ നടക്കും. ദൈവം ഉദ്ദേശിച്ചാൽ എല്ലാം വിചാരിച്ചതു പോലെ നടക്കും. 

 

ചോ: ഷൂട്ടിങ് ഒക്കെ തീരുമാനിച്ച സമയത്തു തന്നെ നടക്കുമല്ലോ?

ഉ: അത് കൊറോണ കൂടി തീരുമാനിക്കണ്ടേ (ചിരിക്കുന്നു). കൊറോണയാണല്ലോ ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്. കൊറോണ ചതിച്ചില്ലെങ്കിൽ കൃത്യ സമയത്തു തന്നെ നടക്കും.

 

ചോ: വിമർശനങ്ങളെ എങ്ങനെ കാണുന്നു?

 

ഉ: ശരിക്കും അവരുടെ ശത്രു വാരിയംകുന്നനാണ്. അപ്പോൾ വാരിയംകുന്നനെന്ന സിനിമയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ പല ഭാ​ഗങ്ങളിലുള്ള ഒരു ഭാ​ഗം മാത്രമാണ് എനിക്കെതിരെയുള്ള വിമർശനം. ഞാൻ വേറൊരു സാധാരണ സിനിമയുമായിട്ടാണ് വന്നതെങ്കിൽ എന്റെ പഴയ പോസ്റ്റുകൾ തപ്പാനോ എന്നെ വിമർശിക്കാനോ ഇവിടെയാരും ഉണ്ടാവില്ലായിരുന്നു. അവരുടെ ശത്രു വാരിയംകുന്നനാണ്. അപ്പോൾ നേരിട്ട് അദ്ദേഹത്തിലേക്ക് പോവാൻ കഴിയാത്തതിനാൽ ആ സിനിമയെ തകർക്കാനുള്ള ഉദ്ദേശത്തിൽ എനിക്കെതിരെ തിരിയുന്നതാണ്.

 

ചോ: ​ഗോഡ്സെയെ വാഴ്ത്തിയ അലി അക്ബറിനും സംഘപരിവാർ അനുകൂലകരായ സംവിധായകർക്കും ക്രിമിനൽ കേസിൽ പ്രതിയായ ദിലീപ് അടക്കമുള്ള നടന്മാർക്കുമൊന്നും പഴയ നിലപാടുകളുടെ പേരിൽ പബ്ലിക് ഓഡിറ്റിങ്ങിന് വിധേയരാകേണ്ടിവരുന്നില്ല. അവർക്കൊക്കെ പിന്തുണ കൊടുക്കുന്നതല്ലാതെ അവർക്കെതിരെയും അവരുടെ സിനിമകൾക്കെതിരെയും യാതൊരു ആക്രമണങ്ങളും ഉണ്ടാകുന്നില്ല. എന്നിരിക്കെ റമീസ് മുഹമ്മദിന് മാത്രം എന്തുകൊണ്ടാണ് ഇത്തരമൊരു ഓഡിറ്റിങ്ങിന് വിധേയനാകേണ്ടി വരുന്നത്? സംഘപരിവാറിൽ നിന്നും ഇടതു ലിബറൽ പക്ഷത്തു നിന്നും ആക്രമണം ഉണ്ടാവുന്നുണ്ട്?

 

ഉ: അതെനിക്ക് മാത്രം ബാധകമാവുന്നതിന്റെ കാരണം എന്റെ സ്വത്വവും ആദർശവും തന്നെയാണ്. അത്തരമൊരാൾ എന്നും ഓഡിറ്റിങ്ങിന് വിധേയനാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ​ഗതികേടിലാണ് ഇന്നത്തെ ഇന്ത്യയുള്ളത്. ഇടതു ലിബറൽ പക്ഷത്തുനിന്നുള്ളവർ ഒരിക്കലും ഈ സിനിമയേയോ അണിയറ പ്രവർത്തകർക്കരെയോ വിമർശിക്കാൻ പാടില്ല. കാരണം വാരിയംകുന്നനെന്ന വ്യക്തി ചരിത്രത്തിൽ നിന്ന് മറയ്ക്കപ്പെട്ടപ്പോൾ ആദ്യമായി ഓർമയിലേക്ക് തിരിച്ചുകൊണ്ടുവന്നത് മുഴുവൻ സിപിഐഎമ്മിന്റെ നേതാക്കളായ എകെജിയും ഇഎംഎസ്സും അവരുടെ മുഖപത്രമായ ദേശാഭിമാനിയും ഒക്കെയാണ്.

 

അപ്പോൾ വാരിയംകുന്നന്റെ ചരിത്രം പഠിക്കുകയും അതിൽ ​ഗവേഷണം നടത്തുകയും ചെയ്തൊരാൾ എന്ന നിലയിൽ എനിക്ക് പൂർണ പിന്തുണ നൽകുകയാണ് അവർ ചെയ്യേണ്ടത്. 

 

ചോ: ഈ വേട്ടയെ എങ്ങനെ നേരിടാനാണ് ഉദ്ദേശിക്കുന്നത്?

 

ഉ: അത് ഈ സിനിമയിലൂടെ തന്നെയാണ് നേരിടാൻ പോകുന്നത്. സിനിമയുമായി മുന്നോട്ടുപോയും അത് സാധ്യമാക്കിക്കൊണ്ടുമാണ് മറുപടി നൽകുക. 

 

ചോ: ഈ വിട്ടുനിൽക്കൽ അവർക്ക് സന്തോഷമുണ്ടാക്കാൻ ഇടയാക്കിയിട്ടില്ലേ?

 

ഉ: അതെനിക്കറിയില്ല. എന്തായാലും അവസാനത്തെ ചിരി അവരുടേതായിരിക്കില്ല. അവർ സന്തോഷിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും, അവരുടെ സന്തോഷങ്ങളൊന്നും ഞാൻ ശ്രദ്ധിക്കാൻ പോകുന്നില്ല. 

 

ചോ: സിനിമയുടെ തിരക്കഥയൊക്കെ എവിടംവരെയായി?

 

ഉ: തിരക്കഥ ഏകദേശം പൂർത്തിയായിട്ടുണ്ട്. ഇനി ചില മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്. 

 

ചോ: ആശിഖ് അബുവും റമീസിന്റെ വിട്ടുനിൽക്കലിനെ കുറിച്ച് നിലപാട് വ്യക്തമാക്കി പോസ്റ്റിട്ടിരുന്നു? 

 

ഉ: ഞങ്ങൾ ഒരുമിച്ച് ചർച്ച ചെയ്തെടുത്ത തീരുമാനമാണത്. ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. താൽക്കാലികമായി വിട്ടുനിൽക്കാം എന്നത് എന്റെ തീരുമാനമാണ്. ആരും ഇങ്ങോട്ടുപറഞ്ഞതല്ല. അതു ഞാൻ പറഞ്ഞപ്പോൾ, റമീസിന് ശരിയെന്ന് തോന്നുന്നത് റമീസ് ചെയ്യൂ എന്നാണ് ആശിഖ് അബു പറഞ്ഞത്. ഞങ്ങൾ കൂടെയുണ്ട് എന്നും പറഞ്ഞു.

June 28, 2020, 14:15 pm

Advertisement