പാര്‍വതി നായികയായ വര്‍ത്തമാനം എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായിരുന്നതിനാലെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് അഡ്വ. വി സന്ദീപ് കുമാർ. ട്വിറ്ററിലൂടെയാണ് ബിജെപി നേതാവായ സെന്‍സര്‍ ബോര്‍ഡ് അംഗം ചിത്രത്തിനെതിരെ പ്രതികരണവുമായി രംഗത്തുവന്നത്.
സെന്‍സര്‍ ബോര്‍ഡ് അംഗമെന്ന നിലയില്‍ വർത്തമാനം സിനിമ കണ്ടെന്നും ജെഎന്‍യു സമരത്തിലെ ദലിത്, മുസ്ലിം പീഡനമായിരുന്നു വിഷയമെന്നും സിനിമയുടെ തിരക്കഥാകൃത്തും നിര്‍മാതാവും ആര്യാടന് ഷൗക്കത്ത് ആയിരുന്നത് കാരണം അതിനെ എതിര്‍ത്തതായും വി സന്ദീപ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. ഇയാളുടെ ട്വീറ്റിനെ പിന്തുണച്ച് നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരാണ് രംഗത്തുവന്നത്.
അതേസമയം, സെന്‍സര്‍ സ്ക്രീനിങ്ങിന് ശേഷമുള്ള സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്റെ പ്രതികരണം അസാധാരണ നടപടിയായാണ് വിലയിരുത്തുന്നത്. തിരുവനന്തപുരം റീജനല്‍ സെന്‍സര്‍ ബോര്‍ഡ് ആണ് വര്‍ത്തമാനം ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ജെഎന്‍യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് സിനിമയുടെ പ്രദര്‍ശനാനുമതി തടഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.
കൂടുതല്‍ പരിശോധനയ്ക്കായി ചിത്രം മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് തീരുമാനമെടുക്കും വരെ ചിത്രം ഇനി പ്രദര്‍ശിപ്പിക്കാനാവില്ല.
കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ഥിയെയാണ് പാര്‍വതി തിരുവോത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആര്യാടന് ഷൗക്കത്താണ് തിരക്കഥ എഴുതിയത്.
ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് മാറ്റണമെന്ന് കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.
റോഷന് മാത്യു, സിദ്ധീഖ്, നിര്‍മല്‍ പാലാഴി എന്നിവരും വര്‍ത്തമാനത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന് ഷൗക്കത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നുണ്ട്. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.
December 27, 2020, 17:54 pm