മധുരരാജയ്ക്കു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടുമൊന്നിക്കുന്നു. പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പേര് ന്യൂയോർക്ക് എന്നാണ്. ഉണ്ണിമുകുന്ദനും ഗോകുൽ സുരേഷനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഇര ഫെയിം നവീൺ ജോണാണ് ന്യൂയോർക്കിന്റെ തിരക്കഥ.
യുജിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഫാമിലി, ആക്ഷൻ, ത്രില്ലർ ഗണത്തിൽപെടുന്നതാണെന്ന് വൈശാഖ് അറിയിച്ചു. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി വൈശാഖ് അണിയിച്ചൊരുക്കിയ മധുരരാജ വൻവിജയമായിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രങ്ങളായ പേരൻപ്, യാത്ര, മധുരരാജ, ഉണ്ട, മാമാങ്കം, ഷൈലോക്ക് തുടങ്ങിയവ മികച്ച വിജയം നേടിയിരുന്നു. മമ്മൂട്ടി കേരളമുഖ്യമന്ത്രിയായി എത്തുന്ന വൺ, ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
February 01, 2020, 11:48 am