വാട്സ്ആപ്പ് പേമെന്റ്സ് സംവിധാനം ഇന്ത്യയിൽ പ്രവർത്തനസജ്ജം. ആദ്യഘട്ടത്തിൽ നാലു മുൻനിരബാങ്കുകളുമായി സഹകരിച്ചാണ് വാട്സ്ആപ്പ് പേമെന്റ് പ്രവർത്തിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ 20 ദശലക്ഷം ഉപഭോക്താക്കൾക്കാണ് വാട്സ്ആപ്പ് പേമെന്റ് സംവിധാനം തുടക്കത്തിൽ ഉപയോഗിക്കാൻ കഴിയുക.
രണ്ടുവർഷം കാത്തിരുന്ന ശേഷമാണ് വാട്സ്ആപ്പ് പേമെന്റിന് നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ അനുമതി നവംബർ മാസത്തിൽ ലഭിച്ചത്. ഇന്ത്യയിൽ വാട്സ്ആപ്പിന്റെ പത്തു പ്രാദേശിക ഭാഷകളിൽ പീർ ടു പീർ(പി2പി)പേമെന്റ് സംവിധാനം ലഭ്യമാകുമെന്ന് ഫേസ്ബുക്ക് ഇന്ത്യ മേധാവി അഭിജിത് ബോസ് അറിയിച്ചു.
ഏപ്രിലിലാണ് തങ്ങൾ വാട്സ്ആപ്പിൽ ബാങ്കിങ് സേവനങ്ങൾ ആരംഭിച്ചതെന്നും ഈ ചുരുങ്ങിയ കാലയളവിൽ ഇരുപതു ലക്ഷത്തിലേറെ വാട്സ്ആപ് ഉപഭോക്താക്കൾ ഇത് സ്വീകരിച്ചുകഴിഞ്ഞുവെന്നും ഐസിഐസിഐ ഡിജിറ്റൽ ചാനൽസ് ആന്റ് പാർട്ണർഷിപ്പ് മേധാവി ബിജിത് ഭാസ്കർ പറഞ്ഞു.
ഇപ്പോൾ വാട്സ്ആപ്പ് പേമെന്റ് സംവിധാനവും അവർക്കു കൈവന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേടിഎം, ഗൂഗിൾ പേ, ഫോൺ പേ എന്നിവയോട് ഇന്ത്യയിൽ വാട്സ്ആപ്പ് പേമെന്റ്സ് മൽസരിക്കേണ്ടിവരിക.
December 17, 2020, 14:12 pm