നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നുണ്ടെങ്കിൽ അത് അസംഗഡിൽ യോഗി ആദിത്യനാഥിനെതിരേ ആയിരിക്കുമെന്ന് സമാജ് വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. അസംഗഡ് ജനതയുടെ സമ്മതംവാങ്ങിയ ശേഷമായിരിക്കും മൽസരിക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് അഖിലേഷ് യാദവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അസംഗഡ് ജനതയാണ് എന്ന് ലോക്സഭയിലേക്ക് അയച്ചത്. അതിനാൽ തന്നെ അവിടുത്തുകാരുടെ സമ്മതം വാങ്ങിയ ശേഷമായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുകയെന്നും അഖിലേഷ് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നുണ്ടെങ്കിൽ അത് യോഗി ആദിത്യനാഥിനെതിരേ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹോദരന്റെ ഭാര്യ അപർണ യാദവ് ബിജെപിയിൽ ചേർന്നതിനെ അഭിനന്ദിച്ച അഖിലേഷ് യാദവ് സമാജ് വാദി പാർട്ടിയുടെ ആശയങ്ങൾ അവർ ബിജെപിയിലേക്ക് കൊണ്ടുപോകുന്നതായും ഇതിലൂടെ ഭരണഘടനയെ സംരക്ഷിക്കാൻ ആകുമെന്നും പറഞ്ഞു. തങ്ങൾക്ക് സീറ്റ് കൊടുക്കാൻ കഴിയാത്തവർക്ക് സീറ്റ് നൽകുന്നതിൽ ബിജെപിക്ക് നന്ദി പറയുന്നുവെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
ഇന്നുരാവിലെയാണ് അപർണ യാദവ് ബിജെപിയിൽ ചേർന്നത്. രാജ്യത്തിന് മുൻഗണനയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തത്വത്തിൽ ആകൃഷ്ടയായാണ് താൻ ബിജെപിയിൽ ചേരുന്നതെന്നും അപർണ ഡൽഹിയിൽ വച്ച് പറയുകയുണ്ടായി.
January 19, 2022, 15:49 pm