ഷിയാസ് ബിൻ ഫരീദ്
1921ല്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ പോരാട്ടം നയിച്ച് വെടിയുണ്ടകളേറ്റു വാങ്ങി മരണം വരിച്ച വീരപുരുഷന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമരജീവിതവുമായി ബന്ധപ്പെട്ട് ഇറങ്ങുന്ന സിനിമകളില്‍ വസ്തുതാ വിരുദ്ധതയുണ്ടെങ്കില്‍ എതിര്‍ക്കുമെന്ന് ഈരാറ്റുപേട്ടയിലെ പിന്മുറക്കാന് ജാഫര്‍ കെ എം. അദ്ദേഹവുമായി ബന്ധപ്പെട്ട് എത്ര സിനിമകള്‍ വന്നാലും ചക്കിപ്പറമ്പന്‍ കുടുംബത്തിന് പ്രശ്നമില്ല. പക്ഷേ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രവുമായി ബന്ധപ്പെടാത്ത കാര്യങ്ങള്‍ അതിലുണ്ടായാല്‍ തങ്ങള്‍ എതിര്‍ക്കുമെന്ന് ജാഫര്‍ ന്യൂസ്ടാഗ് ലൈവിനോടു വ്യക്തമാക്കി.
ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോവുന്ന ആശിഖ് അബുവിന്റെ സിനിമയുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ തന്നെ അണിയറക്കാര്‍ ഫാമിലി അസോയിഷേനിലെ വിവിധ ആളുകളുമായി സംസാരിച്ചിരുന്നു. അവരോടൊക്കെ ആവശ്യപ്പെട്ട ഒരേയൊരു കാര്യം, ചരിത്രത്തില്‍ നിന്ന് വ്യതിചലിച്ച് ഏതു ഭാഗം വന്നാലും അതിനെ ശക്തമായി എതിര്‍ക്കുമെന്നും നേരിടുമെന്നും തന്നെയാണ്. ചരിത്രത്തില്‍ നിന്ന് വ്യതിചലിച്ചു കൊണ്ട് ഒരു ഡയലോഗ് പോലും അതിലുണ്ടാവാന്‍ പാടില്ല എന്നും തുടക്കം മുതല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചരിത്രത്തോട് നീതി പുലര്‍ത്തുന്ന വിധത്തിലുള്ള ഏത് സിനിമ വന്നാലും കേരളത്തില്‍ 12000ഓളം അംഗങ്ങളുള്ള രജിസ്റ്റേര്‍ഡ് സംഘടനയായ ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന് വിരോധമില്ല. അതൊന്നും പ്രശ്നവുമില്ല.
അതേസമയം, വാരിയംകുന്നത്ത് ഹാജിയെ പ്രതിനായകനായി അവതരിപ്പിക്കുന്ന സംഘപരിവാര്‍ സഹയാത്രികനായ അലി അക്ബറിന്റെ സിനിമയോട് ഏതു വിധത്തില്‍ പ്രതികരിക്കും എന്നു ചോദിച്ചപ്പോള്‍, അത്തരമൊരു സിനിമ വന്നാല്‍ എതിര്‍ക്കുക തന്നെ ചെയ്യുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 1921 എന്ന ഐ വി ശശിയുടെ സിനിമ പൂര്‍ണമായും ചരിത്രവുമായി യോജിക്കുന്നതല്ല. ചരിത്രത്തോട് നീതി പുലര്‍ത്താത്ത പലതും അതിലുണ്ടെങ്കിലും വാരിയംകുന്നത്തിനെ മോശം കഥാപാത്രമായി അവതരിപ്പിക്കാത്തത് കൊണ്ടാണ് എതിര്‍ക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവ് മൊയ്തീന്‍കുട്ടി ഹാജിയെ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടവുമായി ബന്ധപ്പെട്ട് അവര്‍ നാടുകടത്തിയതോടെ, പിടിക്കപ്പെടാതിരിക്കാന്‍ ഈരാറ്റുപേട്ടയിലേക്ക് വരികയും ഇവിടെ താമസമാക്കുകയും ചെയ്തു. ഇവിടെ വന്ന് മറ്റൊരു വിവാഹം കഴിച്ച അദ്ദേഹം എട്ടു വര്‍ഷത്തോളം ഈരാറ്റുപേട്ടയില്‍ താമസിച്ച് മദ്രസാ അധ്യാപനവുമായാണ് മുന്നോട്ടുപോയത്. അദ്ദേഹത്തിന്റെ ഈരാറ്റുപേട്ടയിലെ കുടുംബത്തിലെ നാലാം തലമുറക്കാരനാണ് ജാഫര്‍. ഇതിനിടയ്ക്കാണ് ബ്രിട്ടീഷ് പൊലീസ് ദക്ഷിണേന്ത്യ മുഴുവന്‍ അന്വേഷിച്ച് ഒടുവില്‍ അദ്ദേഹത്തെ ഈരാറ്റുപേട്ടയില്‍ നിന്ന് പിടിച്ചുകൊണ്ടുപോവുകയും ആന്‍ഡമാനിലേക്ക് നാടുകടത്തുകയും ചെയ്യുന്നതെന്നും ജാഫര്‍ പറഞ്ഞു.
എന്നാലദ്ദേഹത്തെ മലബാര്‍ പോരാട്ടവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്യുന്നതെന്നും ബ്രിട്ടീഷ് പൊലീസാണ് വന്നതെന്നും അന്നുള്ളവര്ക്കറിയില്ലായിരുന്നു. ഈരാറ്റുപേട്ടയില്‍ മദ്രസാ അധ്യാപകനായി ജോലി ചെയ്തിരുന്നൊരു ഉസ്താദിനെ ഏഴു വര്‍ഷക്കാലം അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്തു കൊണ്ടുപോകാന്‍ എന്താണ് കാരണം എന്നതിനെ കുറിച്ചാണ് താന്‍ അന്വേഷിച്ചതെന്നും ജാഫര്‍ കെ എം വ്യക്തമാക്കി. അങ്ങനെയൊരാളെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ അദ്ദേഹം കേവലമൊരു ഉസ്താദ് മാത്രമായിരിക്കില്ല, അതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടാവും എന്നതിനെ കുറിച്ചാണ് അന്വേഷണം നടത്തിയതെന്ന് ഇതുമായി ബന്ധപ്പെട്ട് രണ്ട് പുസ്തകങ്ങള്‍ രചിച്ച ജാഫര്‍ പറഞ്ഞു.
ആ അന്വേഷണം ചെന്നെത്തിയത് മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ സമരം നയിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവായിരുന്നു അദ്ദേഹം എന്നതിലാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് വളരെ മുമ്പുതന്നെ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ കര്‍ഷക സമരം നടത്തിയ ഒരാളായിരുന്നു അദ്ദേഹത്തിന്റെ പിതാവ് മൊയ്തീന്‍കുട്ടി ഹാജി. 1867 മുതല്‍ 1894 വരെയുള്ള മലബാറിലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായി നിലയുറപ്പിച്ചയാളായിരുന്നു. അതുകൊണ്ടുതന്നെ അത് അന്വേഷിച്ചു കണ്ടെത്തുകയും ഇന്ത്യയ്ക്കകത്തും പുറത്തും ചിതറിക്കിടന്നിരുന്ന, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചക്കിപ്പറമ്പന്‍ കുടുംബങ്ങളെയെല്ലാം ഒരുമിപ്പിക്കാന്‍ അതിലൂടെ സാധിക്കുകയും ചെയ്തു.
കേരളത്തിനകത്തും പുറത്തും നിരന്തരം സഞ്ചരിച്ച് 25-30 വര്‍ഷത്തെ പരിശ്രമത്തിലൂടെയാണ് ഇത് സാധ്യമാക്കിയത്. ഇതൊരു ചെറിയ കുടുംബം അല്ലെന്ന് അതിലൂടെ മനസ്സിലായി. ഈരാറ്റുപേട്ടയില്‍ മാത്രം ഏകദേശം 150ഓളം കുടുംബങ്ങള്‍ ഉണ്ട്. ഈരാറ്റുപേട്ടയില്‍ മൊയ്തീന് കുട്ടി ഹാജിക്ക് മുഹിയുദ്ദീന് കുട്ടി എന്ന മകന് ജനിച്ചു. ഹാജിയായ അദ്ദേഹത്തിന് അലിയാര് മൗലവി, കുഞ്ഞുമുഹമ്മദ് മൗലവി, ഫരീദ് മൗലവി, അബ്ദുല്‍ ഹമീദ്, മൊയ്തീന് കുട്ടി, മൂസാ എന്നീ ആണ്മക്കളും ഫാത്തിമ, ഹലീമ എന്നീ പെണ്‍മക്കളുമാണുള്ളത്. ഇവരുടെ മക്കളും പേരമക്കളുമൊക്കെയടങ്ങുന്ന കുടുംബങ്ങളാണ് ഈരാറ്റുപേട്ടയിലുള്ളത്.
കൂടാതെ മലപ്പുറം വള്ളുവങ്ങാടും ചെമ്മാടും വയനാടും കോയമ്പത്തൂരും ബംഗളുരുവിലും ഉള്പ്പെടെയെ ഇന്ത്യയുടെ പല ഭാഗത്തും ഉണ്ട്. ഇവയെല്ലാം ഇപ്പോള്‍ പല പേരുകളില്‍ ആണെങ്കിലും അടിസ്ഥാനപരമായി ഇവരൊക്കെ ചക്കിപ്പറമ്പന്‍ കുടുംബം ആണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഇവരെയൊക്കെ കണ്ടെത്തി ചക്കിപ്പറമ്പന്‍ എന്ന ഒറ്റ കുടയുടെ കീഴില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിയത്.
1982 കാലഘട്ടം മുതല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരുന്നു. തന്റെ പഠനം മലബാറില്‍ ആയതിനാല്‍ അന്നത്തെ സാഹചര്യത്തിലും അത് എളുപ്പമായി നടന്നു. എങ്കിലും വാഹനസൗകര്യങ്ങളുടെ പരിമിതികള്‍ മൂലം അന്വേഷണത്തിന് വേഗത കുറവായിരുന്നു. മലബാറിലെ ചരിത്രകാരന്മായ മുഹമ്മദ് അബ്ദുല്‍ കരീം മാഷ് പോലുള്ളവരുമായി ബന്ധപ്പെടാന്‍ സാധിച്ചപ്പോഴാണ് അന്വേഷണത്തിന് വേഗത വന്നതും കൂടുതല്‍ മനസ്സിലാക്കി കുടുംബക്കാരെ ഒന്നിപ്പിക്കാനും ഇത് ജനങ്ങളിലെത്തിക്കാനും സാധിച്ചത്. അത് ഏകദേശം പൂര്‍ത്തിയായി നില്ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഈ സിനിമയുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങള്‍ ഉണ്ടാവുന്നത്.
കേരളത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് ചക്കിപ്പറമ്പന്‍ കുടുംബങ്ങള്‍ കൂടുതലുള്ളത്. ഇതു കൂടാതെ മറ്റെല്ലാ ജില്ലകളിലുമുണ്ട്. 1921ലെ സമരം അവസാനിക്കുന്ന കാലത്ത് ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ തൊഴില്‍ തേടി പോയവരാണ് വയനാട്ടിലെ ചക്കിപ്പറമ്പന്മാരുടെ മുന്‍തലമുറ. നൂറ്റാണ്ടുകളോളം അധിനിവേശത്തിനെതിരെ സമരം ചെയ്ത പാരമ്പര്യ കുടുംബമായിരുന്നു ചക്കിപ്പറമ്പൻ. ഇത് ബ്രിട്ടീഷുകാര്‍ മനസ്സിലാക്കിയതോടെ ആ കുടുംബത്തിലെ മുഴുവനാളുകളേയും കൊന്നൊടുക്കാന്‍ അവര്‍ തീരുമാനിച്ചു. കിട്ടാവുന്നത്ര ആളുകളെ അറസ്റ്റ് ചെയ്യുകയും വെടിവച്ചു കൊല്ലുകയും നാടുകടത്തുകയുമൊക്കെ ചെയ്തു.
ഗത്യന്തരമില്ലാതെ മറ്റു നാടുകളിലേക്ക് എത്തിപ്പെട്ടവരെ, ചക്കിപ്പറമ്പന്‍ എന്നു പറഞ്ഞാല്‍ ആരെങ്കിലും ഒറ്റുകൊടുക്കുകയും ബ്രിട്ടീഷുകാര്‍ പിടിച്ചുകൊണ്ടുപോയി വെടിവച്ചു കൊല്ലുകയോ നാടുകടത്തുകയോ ചെയ്യുമായിരുന്നു. അതുകൊണ്ട് പലരും ഈ കുടുംബപ്പേരു പോലും മറച്ചുവച്ചാണ് പല നാടുകളിലും കഴിഞ്ഞുവരുന്നത്. വാരിയംകുന്നത്ത് എന്നത് സ്ഥലപ്പേരില്‍ അറിയപ്പെടുന്നതാണ്. ചക്കിപ്പറമ്പന്മാരുടെ ആസ്ഥാനം കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരുപ്പാണ്. ഇവിടെ നിന്ന് നാടുവിട്ട് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവ് ആദ്യം പോയത് വള്ളുവങ്ങാട് വാരിയംകുന്ന് എന്ന സ്ഥലത്താണ്. ഇവിടെ വച്ചാണ് കുഞ്ഞഹമ്മദ് ഹാജി ജനിക്കുന്നത്. അങ്ങനെയാണ് അദ്ദേഹം ആ സ്ഥലപ്പേരു ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങിയത്.
ഇതും ബ്രിട്ടീഷുകാരുടെ ഒരു തന്ത്രത്തിന്റെ ഭാഗമായിരുന്നു. കാരണം എല്ലാ കാലത്തും അധിനിവേശത്തിനെതിരെ സമരം ചെയ്തിരുന്ന ചക്കിപ്പറമ്പന്‍ കുടുംബത്തെ ഇകഴ്ത്തിക്കാട്ടാന്‍ വേണ്ടിയും അവരുമായി കുഞ്ഞഹമ്മദ് ഹാജിക്ക് ബന്ധമില്ല എന്ന് തോന്നിപ്പിക്കാനും അങ്ങനെ ചരിത്ര രേഖകളില്‍ വരുത്തിത്തീര്‍ക്കാനുമാണ് വാരിയംകുന്നന് എന്ന പേര് അവര്‍ പ്രോത്സാഹിപ്പിച്ചത്. ആ സ്ഥലത്തുള്ള പലരും നിലവില്‍ വാരിയംകുന്നത്ത് എന്ന പേരില്‍ തന്നെ അറിയപ്പെടുന്നുണ്ട്. അന്ന് പലരും പ്രാദേശികമായി സമരങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അവയെയൊക്കെ ഏകോപിപ്പിച്ചത് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. അന്നത്തേത് ഹിന്ദു വിരുദ്ധ സമരമായിരുന്നു എന്ന ആരോപിക്കുന്നവര്ക്കൊക്കെ സത്യസന്ധമായി വാരിയംകുന്നനെതിരെ ആ ആരോപണം ഉന്നയിക്കാനാവില്ല.
മലബാറിലെ സമരത്തിന്റെ ശക്തനായ നേതാവായിരുന്ന അദ്ദേഹം ഒരിക്കലും ഹിന്ദു വിരുദ്ധനായിരുന്നില്ല എന്ന് മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ കെ മാധവന് നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. മതംമാറ്റത്തെ ശക്തമായി എതിര്‍ത്തയാളായിരുന്നു അദ്ദേഹം. ഒരാള്‍ സ്വമേധയാ ഇസ്ലാമിലേക്ക് വന്നാലല്ലാതെ അദ്ദേഹം അയാളെ സ്വീകരിച്ചിരുന്നില്ല. നിര്‍ബന്ധിത മതംമാറ്റത്തെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്നും ഹിന്ദുക്കളെ ആക്രമിച്ചിട്ടില്ല എന്നും മാധവന് നായര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പുസ്തകം മൊത്തം വായിക്കാതെ ചില ഭാഗങ്ങള്‍ മാത്രം എടുത്തുകാട്ടിയാണ് സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള വിമര്‍കര്‍ അദ്ദേഹത്തിനെതിരെ പ്രചരണം നടത്തുന്നത്.
ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായി നില്ക്കുന്നവര് ആരാണ് എന്നു മാത്രമാണ് വാരിയുംകുന്നന് നോക്കിയിരുന്നത്. അത്തരക്കാര്‍ എല്ലാ വിഭാഗങ്ങളിലും ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരെ കൂടാതെ അത്തരക്കാര്‍ക്കെതിരെ മാത്രമാണ് വാരിയുംകുന്നന് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ചക്കിപ്പറമ്പന്‍ കുടുംബവും വാരിയംകുന്നനുമായി ബന്ധപ്പെട്ട് രണ്ട് പുസ്തകമാണ് ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ക്ലര്‍ക്കായ ജാഫര്‍ കെ എം രചിച്ചിട്ടുള്ളത്. ഒന്ന് വാരിയംകുന്നിന്റെ പ്രഭ: ചക്കിപ്പറമ്പന്‍- ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്നും ഒരേട്, 1921- മലബാര്‍ കലാപവും ചക്കിപ്പറമ്പന്‍ കുടുംബവും എന്നിവയാണവ. മറ്റൊരു പുസ്തകത്തിന്റെ പണി ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും.
June 24, 2020, 17:24 pm