അടിമാലി: കുടുംബങ്ങൾക്കൊപ്പം വിനോദയാത്രയ്ക്കെത്തിയ പ്ലസ്ടു വിദ്യാർഥി
മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയിലെ പുഴയിൽ മുങ്ങിമരിച്ചു. എറണാകുളം നെട്ടൂർ അമ്പലത്തിങ്കൽ മാത്യു– മായ ദമ്പതികളുടെ മകൻ അമിത് മാത്യു (17) ആണ് മരിച്ചത്. ഔർ ലേഡി മേഴ്‌സി സ്‌കൂൾ അരൂർ പ്ലസ്‌ടു വിദ്യാർഥിയാണ്.
|
ഞായർ ഉച്ചയോടെയാണ് സംഭവം. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് 12 കുടുംബങ്ങളിൽപ്പെട്ട 29 അംഗസംഘം മിനി ബസ്സിൽ വിനോദസഞ്ചാരത്തിന് മാങ്കുളത്ത് എത്തിയത്. ഞായർ ഉച്ചയ്ക്ക് ആനക്കുളത്ത് കുടുംബാംഗങ്ങളോടൊപ്പം വല്യപാറക്കുട്ടിയിൽ പുഴയിൽ ഇറങ്ങിയ അമിത് മുട്ടോളം വെള്ളത്തിൽ നടക്കുന്നതിനിടെ പാറക്കൂട്ടത്തിൽ മുങ്ങിപ്പോവുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന പിതാവ് അമിത്തിനെ കരയ്ക്കെത്തിച്ച് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്ത് ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ് അമിത്തിന്റെ പിതാവ് മാത്യു ആന്റണി. അമ്മ മായ മരിയ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ആണ്.



