15
Aug 2024
Sat
15 Aug 2024 Sat

ന്യൂഡല്‍ഹി: ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും തമ്മിലുള്ള ലയനനടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. ഇതിന്റെ ഭാഗമായി എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് സിംഗപ്പൂര്‍ എര്‍ലൈന്‍സിന് ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. സിംഗപ്പുരില്‍നിന്ന് വിസ്താരക്കും സമാനമായ അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ ലയന നടപടികള്‍ നവംബര്‍ 12ന് പൂര്‍ത്തിയാകുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലയനം സാധ്യമാകുന്ന മുറക്ക് നവംബര്‍ 12 മുതല്‍ വിസ്താര ചരിത്രത്തിന്റെ ഭാഗമാകും. എയര്‍ ഇന്ത്യ എന്ന ഒറ്റ ബ്രാന്‍ഡിലായിരിക്കും സേവനം തുടരുക. നവംബര്‍ 12നുശേഷം വിസ്താരയില്‍ ടിക്കറ്റ് ബുക്കിങ് സാധ്യമാകില്ലെന്നും ഇവ എയര്‍ഇന്ത്യ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടുമെന്നും കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ 25.1 ശതമാനം ഓഹരികള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വാങ്ങും. ലയനത്തിന്റെ ഭാഗമായി ഏകദേശം 2290 കോടി രൂപയാണ് എയര്‍ ഇന്ത്യയില്‍ സിംഗപ്പൂര്‍ എര്‍ലൈന്‍സ് നിക്ഷേപിക്കുന്നത്. നിലവില്‍ വിസ്താരയില്‍ ടാറ്റയ്ക്ക് 51 ഉം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ഉം ശതമാനമാണ് ഓഹരി പങ്കാളിത്തം. ലയനം സംബന്ധിച്ച വിവരങ്ങള്‍ ജീവനക്കാരെ വിസ്താര ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് വിസ്താരയും എയര്‍ ഇന്ത്യയും തമ്മിലുള്ള ലയനനടപടികള്‍ക്ക് തുടക്കമായത്. 2022 ലാണ് ലയനം സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. ഒരു വര്‍ഷത്തിനുള്ളില്‍ ലയനം പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചതെങ്കിലും അതു നീണ്ടുപോകുകയായിരുന്നു.

ലയനം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ വിമാനകമ്പനകളിലൊന്നായി എയര്‍ ഇന്ത്യ മാറും. 212 വിമാനങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാകും എയര്‍ ഇന്ത്യമാറും. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തരസര്‍വീസ് പ്രൊവൈഡര്‍മാരായ ഇന്‍ഡിഗോ ആണ് ഒന്നാമത്.

Vistara enters final stretch of its flight path Merger with Air India