25
Aug 2025
Fri
25 Aug 2025 Fri
HEAVY RAIN IN DELHI

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനമായ ഇന്ന് രാവിലെ മുതൽ കേരളത്തിൽ തോരാ മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതുപ്രകാരം ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നൽകിയിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശക്തമായി തിരമാലക്കും കടല്‍ക്ഷോഭത്തിനുമുള്ള സാധ്യത മുന്‍നിര്‍ത്തി മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ വരെ കേരളതീരത്തും ഞായറാഴ്ച വരെ ലക്ഷദ്വീപ് തീരത്തും തിങ്കള്‍ വരെ കര്‍ണാടക തീരത്തുമാണ് വിലക്ക്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.

അതേസമയം ഉത്തരേന്ത്യയിലും തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. ഡല്‍ഹിയില്‍ ഗാസിയാബാദ്, ഗുരുഗ്രാം തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറി. ഉത്തര്‍പ്രദേശിലെ ബറേലി, ലഖിംപൂര്‍, ശ്രാവസ്തി, ബല്‍റാംപൂര്‍, സിദ്ധാര്‍ഥ് നഗര്‍, ബറൂച്ച്, സിതാപൂര്‍, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു. അടുത്ത രണ്ട് ദിവസം ഇവിടങ്ങളില്‍ അതിതീവ്ര മഴയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ജാര്‍ക്കണ്ട്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ കനത്തു.ഡൽഹിയിൽ മതിലിടിഞ്ഞു വീണു രണ്ട് കുട്ടികൾ മരിച്ചു.

തെലങ്കാനയിലും ആന്ധ്രാപ്രദേശിലെ തീര ജില്ലകളിലും ശക്തമായ മഴ പെയ്തു. തെലങ്കാനയിലെ കരിംനഗര്‍, പെദ്ദപ്പള്ളി, മുളുഗു, മേദക്, സംഗറെഡ്ഡി, വികാരാബാദ് ജില്ലകളിലും ആന്ധ്രയിലെ രായലസീമ, വിശാഘപട്ടണം, ശ്രീകാകുളം ജില്ലകളിലും ശക്തമായ മഴ പെയ്തു. തീരജില്ലകളിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തീരപ്രദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Heavy rains since morning, yellow alert in four districts; good rains in North India too