04
Sep 2025
Sat
04 Sep 2025 Sat
BSNL 4G

രാജ്യം മുഴുവന്‍ ബിഎസ്എന്‍എല്‍ 4ജി നെറ്റ്വര്‍ക്ക് ലഭ്യമാക്കി ബിഎസ്എന്‍എല്‍. ഒഡീഷയിലെ ജാര്‍സുഗുഡയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദി തദ്ദേശീയ 4G നെറ്റ്വര്‍ക്ക് ഉദ്ഘാടനം ചെയ്തു. ഇതോടെ സ്വന്തമായി ടെലികോം സാങ്കേതികവിദ്യയുള്ള മികച്ച അഞ്ച് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി.

whatsapp വന്‍കുതിപ്പുമായി ബിഎസ്എന്‍എല്‍; ഇനി രാജ്യം മുഴുവന്‍ 4ജി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വന്തമായി ടെലികോം ഉത്പന്നങ്ങള്‍ രൂപകല്‍പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍ ഇന്ത്യ ഔദ്യോഗികമായി അംഗമാണ്. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ (ബിഎസ്എന്‍എല്‍) രജത ജൂബിലിയോടനുബന്ധിച്ചായിരുന്നു ഈ ചരിത്രനേട്ടത്തിന് തുടക്കംകുറിച്ചത്.

97,500 ലധികം മൊബൈല്‍ 4G ടവറുകള്‍ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി കമ്മിഷന്‍ ചെയ്തു. ഏകദേശം 37000 കോട് ചെലവിലാണ് ഇന്ത്യ ഈ നെറ്റ്വര്‍ക്ക് വികസിപ്പിച്ചത്. 26,700 ഗ്രാമങ്ങള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. ഈ ക്ലൗഡ് അധിഷ്ഠിത നെറ്റ്വര്‍ക്ക് വിപുലീകരിക്കാവുന്നതും പൂര്‍ണമായും 5G യിലേക്കും 6G യിലേക്കും അപ്ഗ്രേഡ് ചെയ്യാവുന്നതുമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

‘ആശ്രിതത്വത്തില്‍ നിന്ന് നേതൃത്വത്തിലേക്ക്’

ബിഎസ്എന്‍എല്‍ കാരണമാണ് ഇന്ത്യ ഒരു ആഗോള ടെലികോം നിര്‍മ്മാണ കേന്ദ്രമായി മാറുന്നത്. ഒരുകാലത്ത് അതിവേഗ ഇന്റര്‍നെറ്റ് ഒരു സ്വപ്നമായിരുന്ന അതിര്‍ത്തി ജില്ലകള്‍ക്കും വിദൂര ഗ്രാമങ്ങള്‍ക്കും ഇതില്‍ നിന്ന് വളരെയധികം പ്രയോജനം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ALSO READ: ഹൈടെക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പിഎസ്‌സി പരീക്ഷയ്ക്കിടെ കോപ്പിയടി; കണ്ണൂരില്‍ യുവാവ് പിടിയില്‍

ആത്മനിര്‍ഭര്‍ ഭാരതിന്റെ വലിയ നേട്ടമാണിതെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ‘ഈ ലോഞ്ചോടെ, ടെലികോം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി, നേരത്തെ ഇന്ത്യയെ ഒരു സേവന രാഷ്ട്രമായും ഉപഭോക്തൃ രാഷ്ട്രമായും ആണ് ലോകം കണ്ടിരുന്നത്, എന്നാല്‍ ഇന്ന് നമ്മള്‍ ഒരു ഉത്പാദക രാഷ്ട്രമായും സംരംഭകത്വത്തിന്റെയും കയറ്റുമതിയുടെയും കേന്ദ്രമായും വളര്‍ന്നിരിക്കുന്നുവെന്നും’ ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

20 ലക്ഷം പുതിയ വരിക്കാര്‍ ഉടന്‍ ഓണ്‍ലൈനില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 19,000 സൗരോര്‍ജ്ജ ടവറുകളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. ഡിജിറ്റല്‍ ഭാരത് നിധി പിന്തുണയുള്ള സാച്ചുറേഷന്‍ പദ്ധതി പ്രകാരം 29,000 മുതല്‍ 30,000 ഗ്രാമങ്ങള്‍ വരെ ബന്ധിപ്പിക്കും. നെറ്റ്വര്‍ക്ക് ഇതിനകം തന്നെ പ്രതിദിനം 22 ദശലക്ഷം വരിക്കാരെയും 4 പെറ്റാബൈറ്റ് ഡാറ്റയും വഹിക്കുന്നുണ്ടെന്ന് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഗ്രാമീണ ശാക്തീകരണം

പതിറ്റാണ്ടുകളായി, ഇന്ത്യയിലെ ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ നഗര കേന്ദ്രങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതേസമയം ഗ്രാമങ്ങള്‍, അതിര്‍ത്തി പ്രദേശങ്ങള്‍, ദ്വീപുകള്‍, സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ എന്നിവയ്ക്ക് സേവനം ലഭ്യമല്ലായിരുന്നു. ഈ വിപുലീകരണത്തോടെ, ആ വിടവ് നികത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഎസ്എന്‍എല്ലിന്റെ വളര്‍ച്ച

ഈ ഒക്ടോബറില്‍ ബിഎസ്എന്‍എല്‍ 25 വര്‍ഷം തികയ്ക്കുകയാണ്. വര്‍ഷങ്ങളോളം നഷ്ടത്തിലോടിയ കമ്പനി വീണ്ടും ലാഭം നേടാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ രണ്ട് പാദങ്ങളില്‍ 262 കോടിയും 280 കോടിയും വരുമാനം വര്‍ധിച്ചു. ബിഎസ്എന്‍എല്‍ വരിക്കാരുടെ എണ്ണം 8.7 കോടിയില്‍ നിന്ന് 9 കോടിയായി വളര്‍ന്നു. 4 ജി ഉപയോക്താക്കളുടെ എണ്ണം ഒരു വര്‍ഷത്തിനുള്ളില്‍ 0.8 കോടിയില്‍ നിന്ന് 2 കോടിയായി ഉയര്‍ന്നു.