
Cuttack on edge: VHP rallies defy ban കട്ടക്/ഭുവനേശ്വര്‍: ഒഡിഷയിലെ കട്ടക്കില്‍ കഴിഞ്ഞ ദിവസം ദുര്‍ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ സംഘര്‍ഷത്തിന് അയവില്ല. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്പി.) ഞായറാഴ്ച വൈകീട്ട് മോട്ടോര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.
![]() |
|
പൊലീസ് ഘോഷയാത്ര തടഞ്ഞതിനെത്തുടര്‍ന്ന് ഹിന്ദുത്വര്‍ ഗൗരിശങ്കര്‍ പാര്‍ക്ക് പ്രദേശത്തെ കടകള്‍ക്ക് തീയിട്ടു. വഴിയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകള്‍ അടിച്ചു തകര്‍ത്തു.
ബിദ്യാധര്‍പൂരില്‍നിന്ന് ആരംഭിച്ച വി.എച്ച്.പി റാലി കഴിഞ്ഞ ദിവസത്തെ അക്രമത്തിന്റെ പ്രഭവകേന്ദ്രമായ ദര്‍ഗ ബസാര്‍ പ്രദേശം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലൂടെയാണ് നിയമം ലംഘിച്ച് പര്യടനം നടത്തിയത്. ‘ജയ് ശ്രീറാം’ വിളികളോടെയായിരുന്നു റാലി.
ശനിയാഴ്ച പുലര്‍ച്ചെ 1:30 നും 2 മണിക്കും ഇടയിലാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. കഠാജോഡി നദിയിലേക്ക് ദര്‍ഗ്ഗാ ബസാര്‍ വഴി പോവുകയായിരുന്ന ദുര്‍ഗ്ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്ര, അര്‍ധരാത്രിയില്‍ ഉച്ചത്തിലുള്ള സംഗീതം കേള്‍പ്പിക്കുന്നതിനെ എതിര്‍ത്ത ഒരു കൂട്ടം നാട്ടുകാര്‍ തടഞ്ഞതോടെയാണ് സംഭവം. ഒരു വാക്കുതര്‍ക്കമായി തുടങ്ങിയ വിഷയം പെട്ടെന്ന് കല്ലേറിലേക്ക് വഴിമാറുകയായിരുന്നു. തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തി ചാര്‍ജ് പ്രയോഗിച്ചുവെന്നും പോലീസ് അവകാശപ്പെട്ടു.
ALSO READ: പക്ഷാഘാത ലക്ഷണം; മഅ്ദനി ഐസിയുവില്‍
തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ കട്ടക് മുനിസിപ്പല്‍ കോര്‍പറേഷന്‍, കട്ടക് വികസന അതോറിറ്റി (സി.ഡി.എ), തൊട്ടടുത്തുള്ള 42 മൗസ മേഖല എന്നിവിടങ്ങളില്‍ ഞായറാഴ്ച വൈകീട്ട് ഏഴ് മുതല്‍ തിങ്കളാഴ്ച വൈകീട്ട് ഏഴുവരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു.
അക്രമം തുടരുന്നതിനിടെ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയും മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും സാമുദായിക ഐക്യം നിലനിര്‍ത്താന്‍ അഭ്യര്‍ഥിച്ചു. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മാജി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കല്ലേറില്‍ പങ്കെടുത്തവരെ സിസിടിവി ദൃശ്യങ്ങള്‍ വഴി തിരിച്ചറിഞ്ഞാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് പോലീസ് കമ്മീഷണര്‍ എസ്. ദേവ് ദത്ത് സിംഗ് പറഞ്ഞു.
സംഭവത്തില്‍ പങ്കെടുത്ത കൂടുതല്‍ വ്യക്തികളെ തിരിച്ചറിയുന്നതിനായി പോലീസ് നിലവില്‍ സിസിടിവി, ഡ്രോണ്‍, മൊബൈല്‍ ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ചുവരികയാണ്. അക്രമ സംഭവങ്ങള്‍ക്ക് പിന്നാലെ, ദര്‍ഗ്ഗാ ബസാര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളില്‍ നഗര ഭരണകൂടം 36 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്, ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. ഭരണപരമായ പരാജയമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ പോലീസിന് തീര്‍ത്തും നിസ്സഹായരായിരുന്നു. ബിജെപി സര്‍ക്കാരിന് കീഴിലുള്ള നിയമപാലകരുടെ മേലുള്ള സമ്മര്‍ദ്ദം സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുകയാണ്- പട്നായിക് പറഞ്ഞു.
ബരാബതി കട്ടക്ക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ സോഫിയ ഫിര്‍ദൗസ് അക്രമത്തില്‍ ദുഃഖം രേഖപ്പെടുത്തി. ”നമ്മുടെ നഗരം ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും ജീവിക്കുന്ന ഉദാഹരണമാണ്. 500 വര്‍ഷത്തിലേറെയായി ഇവിടെ ദുര്‍ഗ്ഗാ പൂജ ആഘോഷിക്കുന്നു. ഈ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അവര്‍ പറഞ്ഞു.
സംഘര്‍ഷം തുടരുന്നതിനിടെ, വിഎച്ച്പി തിങ്കളാഴ്ച കട്ടക്കില്‍ 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. ഇന്റര്‍നെറ്റ് നിരോധനവും കര്‍ഫ്യൂവും നിലനില്‍ക്കുന്നതിനിടയില്‍ പ്രഖ്യാപിച്ച ബന്ദ് കൂടുതല്‍ സംഘര്‍ഷത്തിന് ഇടയാക്കിയേക്കും.