
ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ ദുരൂഹമരണത്തില്‍ അടുത്ത ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കാമരൂപ് ജില്ലയിലെ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് സന്ദീപന്‍ ഗാര്‍ഗ് ആണ് അറസ്റ്റിലായത്. സിംഗപ്പൂരിലെ പാര്‍ട്ടിക്കിടെ കഴിഞ്ഞമാസം 19നാണ് സുബീന്‍ ഗാര്‍ഗ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
![]() |
|
കടലില്‍ നീന്തുന്നതിനിടെ മുങ്ങിമരിച്ചുവെന്നായിരുന്നു ആദ്യ വിവരം. സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ സംഭവദിവസം ഒപ്പമുണ്ടായിരുന്ന നാലുപേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. സിംഗപ്പൂരില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘാടകനായ ശ്യാംകനു മഹന്ത, സുബീന്‍ ഗാര്‍ഗിന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മ, ബാന്‍ഡ് ടീമംഗം ശേഖര്‍ ജ്യോതി ഗോസ്വാമി, ഗായകന്‍ അമൃത്പ്രവ മഹാന്ത എന്നിവരാണ് അറസ്റ്റിലായത്.
സന്ദീപന്റെ അറസ്റ്റോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. സന്ദീപന്‍ ഗാര്‍ഗിനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
നാലു ദിവസം സിഐഡി ചോദ്യം ചെയ്ത ശേഷമാണ് സന്ദീപന്റെ അറസ്റ്റുണ്ടായത്. സുബിന്‍ ഗാര്‍ഗിന്റെ മരണത്തിനു പിന്നാലെ സിഐഡി മനപ്പൂര്‍വമല്ലാത്ത നരഹത്യ, ക്രിമിനല്‍ ഗൂഢാലോചന, അവഗണനയെത്തുടര്‍ന്നുള്ള മരണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഇതിനു ശേഷം മരണസമയം സുബീന്‍ ഗാര്‍ഗിനൊപ്പമുണ്ടായിരുന്നവരെ ചോദ്യംചെയ്തതിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐഡി കൊലക്കുറ്റവും ചുമത്തി.
സന്ദീപനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെയും അറസ്റ്റ് ചെയ്തത്. സാമ്പത്തിക ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന നിരവധി രേഖകളും സിഐഡി സംഘം അന്വേഷണത്തിനിടെ പിടിച്ചെടുത്തിട്ടുണ്ട്. സിംഗപ്പൂരിലുള്ള ഏതാനും അസമീസ് എന്‍ആര്‍ഐകള്‍ സംഘടിപ്പിച്ച നൗകാ പാര്‍ട്ടിക്കിടെയാണ് സുബീന്‍ ഗാര്‍ഗ് ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്.