
Shafi Parambil MP injured; Youth congress protest കോഴിക്കോട്: പേരാമ്പ്രയില്‍ പൊലീസ് ലാത്തിചാര്‍ജിനിടെ ഷാഫി പറമ്പില്‍ എംപിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പരിക്കേറ്റതില്‍ പ്രതിഷേധം ശക്തം. കോഴിക്കോട് ഉള്‍പ്പടെ വിവിധ ജില്ലകളില്‍ രാത്രി നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഇന്നും വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കും.
![]() |
|
പേരാമ്പ്ര സികെജി കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയാണ് യുഡിഎഫും എല്‍ഡിഎഫും ഇന്നലെ വൈകീട്ട് പേരാമ്പ്രയില്‍ റാലി സംഘടിപ്പിച്ചത്. റാലികള്‍ നേര്‍ക്കുനേര്‍ വന്നതോടെയാണ് സംഘര്‍ഷത്തിലേക്കു നീങ്ങിയത്. ഇതിനിടെ പൊലീസിന്റെ ലാത്തി ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും ഷാഫി പറമ്പില്‍ എംപിക്കും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു.
ഷാഫി പറമ്പിലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന് പരിക്കേറ്റ എംപിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പൊലീസ് ലാത്തി ഉപയോഗിച്ച് ഷാഫി പറമ്പിലിനെ മര്‍ദിച്ചെന്ന് ഡിസിസി അധ്യക്ഷന്‍ കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.
പോലീസ് അതിക്രമത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് രാത്രി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട്ട് കമ്മീഷണര്‍ ഓഫീസിലേക്കാണ് മാര്‍ച്ച് നടന്നത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും തൊടുപുഴയിലും നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കൊല്ലം ചവറയിലും പാലക്കാടും കല്‍പ്പറ്റയിലും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചു.
ഇന്ന് കോഴിക്കോട് ഐജി ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ സംഗമം നടക്കും. എം.കെ രാഘവന് എംപി നേതൃത്വം നല്‍കും. വൈകീട്ട് പേരാമ്പ്രയില്‍ നടക്കുന്ന പ്രതിഷേധ സംഗമം കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ഡി.സി.സികളുടെയും യൂത്ത് കോൺഗ്രസിൻ്റെയും നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും. സെക്രട്ടേറിയറ്റിലേക്കും വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും മാർച്ച് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ രാത്രി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധം സംഘർഷത്തിലേക്ക് കടന്നിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാർച്ച് ലാത്തിച്ചാർജിൽ കലാശിച്ചു. പ്രവർത്തകർക്ക് പരുക്കേറ്റു. സർക്കാരിൻ്റെ ഫ്ളെക്സ് ബോർഡുകൾ പ്രവർത്തകർ തകർത്തു.
Shafi Parambil’s injury sparks widespread protests across Kerala. The Congress party is staging protests in response to the alleged police assault on Shafi Parambil, with marches planned to secretariats and police stations statewide.