നെടുമങ്ങാട് സ്വദേശി ദമ്മാമില്‍ ന്യൂമോണിയ ബാധിച്ചു മരിച്ചു. തിരുവന്തപുരം, നെടുമങ്ങാട്, നെറ്റിച്ചിറ സ്വദേശി അരുണ്‍ നിവാസില്‍ രമേശന്‍ ചെട്ടിയാര്‍-എ. മോളി ദമ്പതികളുടെ മകന്‍ രാകേഷ് രമേശന്‍ (37) ആണ് മരിച്ചത്. പനിക്കും കഫക്കെട്ടിനും രാകേഷ് ദിവസങ്ങള്‍ക്കു മുമ്പ് ചികില്‍സ തേടിയിരുന്നു. അസുഖം കൂടിയതോടെ വീണ്ടും ആശുപത്രിയില്‍ എത്തുകയായിരുന്നു.
|
ശ്വാസതടസ്സവും ബുദ്ധിമുട്ടുകളും കൂടിയതിനെ തുടര്‍ന്ന് ഐസിയുവില്‍ വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിനിടെ നില വഷളാവുകയും മരിക്കുകയുമായിരുന്നു. 10 വര്‍ഷത്തിലേറെ സൗദിയില്‍ ജോലി ചെയ്യുന്ന രാകേഷ് ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ്. ഭാര്യ നീതുവും മക്കളായ സകേത് രാകേഷ്, സാരംഗ് രാകേഷ് (ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍) എന്നിവര്‍ ദമ്മാമിലുണ്ട്.
അഞ്ചുമാസം മുമ്പാണ് കുടുംബം ഇവിടെ എത്തിയത്. രണ്ട് സഹോദരന്മാരുണ്ട്. അല്‍ഖോബാര്‍ ദോസരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികള്‍ സാമൂഹിക പ്രവര്‍ത്തകന്‍ എബ്രഹാം മാത്യുവിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.





