കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുമ്പോഴും ശിക്ഷിക്കപ്പെടുന്നത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. 2014 ജൂണ്‍ മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇഡി രാജ്യത്താകെ 6,312 കേസുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരം രജിസ്റ്റര്‍ ചെയ്തതായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇതേ കാലയളവില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷാവിധി ഉറപ്പാക്കാന്‍ ഏജന്‍സിക്ക് സാധിച്ചത് ആകെ 120 പ്രതികള്‍ക്ക് മാത്രമാണ്.
|
കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ അറിയിച്ചത്. രാഷ്ട്രീയ എതിരാളികളെയും ആര്‍എസ്എസ് ശത്രു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവരെയും ഒതുക്കാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതായ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഈ കണക്ക്.
വ്യാജ തെളിവുകളുണ്ടാക്കി രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ കോടതിയിലെത്തുമ്പോള്‍ പൊളിയുന്നതായാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം നിലനില്‍ക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 93 കേസുകളില്‍ ഇഡി ക്ലോഷര്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ധനകാര്യ സഹമന്ത്രി സമര്‍പ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
2019ലെ ധനകാര്യ നിയമത്തിലെ ഭേദഗതി പ്രകാരം (പിഎംഎല്‍എയിലെ സെക്ഷന്‍ 44(1)(യ) ഭേദഗതി) 2019 ഓഗസ്റ്റ് ഒന്നു മുതല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം നിലനില്‍ക്കാത്ത കേസുകളില്‍ ഇഡി സ്‌പെഷ്യല്‍ കോടതിയില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ടതുണ്ട്. ഈ ഭേദഗതി പ്രാബല്യത്തില്‍ വന്ന ശേഷം 93 കേസുകളില്‍ ഇത്തരത്തില്‍ ക്ലോഷര്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഭേദഗതിക്ക് മുമ്പുള്ള കാലയളവില്‍ (പിഎഎല്‍എ പ്രാബല്യത്തില്‍ വന്ന 2005 ജൂലൈ ഒന്നു മുതല്‍ 2019 ജൂലൈ 31 വരെ) കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം നിലനില്‍ക്കാത്ത കേസുകള്‍ റീജിയണല്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ ഓഫ് എന്‍ഫോഴ്‌സ്‌മെന്റിന്റെ അനുമതിയോടെയാണ് അവസാനിപ്പിച്ചിരുന്നത്. ഈ കാലയളവില്‍ 1,185 കേസുകള്‍ ഇപ്രകാരം ക്ലോസ് ചെയ്തിരുന്നു.
ALSO READ: ബാര്‍ക്ക് റേറ്റിങില്‍ തട്ടിപ്പ്; റിപോര്‍ട്ടര്‍ ചാനല്‍ ഉടമയ്‌ക്കെതിരേ കേസ്
പ്രധാന കുറ്റകൃത്യത്തിന്റെ കേസ് അവസാനിപ്പിക്കുക, കോടതിയില്‍ പ്രധാന കുറ്റകൃത്യം തെളിയിക്കപ്പെട്ടില്ല എന്ന് കണ്ടെത്തുക, പ്രഥമ വിവര റിപ്പോര്‍ട്ട് (FIR) റദ്ദാക്കുക തുടങ്ങിയവയാണ് ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാരണങ്ങളായി കാണിച്ചിട്ടുള്ളത്.
നരേന്ദ്ര മോദി ആദ്യമായി അധികാരമേറ്റതിന് തൊട്ടുപിന്നാലെയുള്ള 2014 ജൂണ്‍ ഒന്നു മുതല്‍ 2025 നവംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും ശിക്ഷാവിധികള്‍ നേടിയതിന്റെയും എണ്ണം തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പശ്ചിമ ബംഗാള്‍ അസന്‍സോളില്‍ നിന്നുള്ള എംപിയും മുന്‍ നടനുമായ ശത്രുഘ്നന്‍ സിന്‍ഹ ആവശ്യപ്പെട്ടിരുന്നു. ചൗധരി നല്‍കിയ കണക്കനുസരിച്ച്, ഈ കാലയളവില്‍ ഇഡി ആകെ 6,312 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 120 ശിക്ഷാവിധികള്‍ ഉറപ്പാക്കുകയും ചെയ്തു.
2019-2020 സാമ്പത്തിക വര്‍ഷത്തിന് മുമ്പ് ഇഡി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 200 കടന്നിട്ടില്ല എന്നാല്‍ 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ അത് 557 ആയി ഉയര്‍ന്നു, 2020-21ല്‍ ഇത് 996 ആയും 2021-22ല്‍ 1,116 ആയും വര്‍ധിച്ചു. അതിനുശേഷം ചെറിയ രീതിയില്‍ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഒരു വര്‍ഷം 700ല്‍ കുറഞ്ഞിട്ടില്ല.
മോദി സര്‍ക്കാര്‍ പിഎംഎല്‍എയില്‍ കൊണ്ടുവന്ന ഭേദഗതികളിലൂടെ ഇഡിയുടെ അധികാരങ്ങള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. ഈ ഭേദഗതികളില്‍ ജാമ്യം നേടാന്‍ പ്രതികള്‍ക്ക് പ്രാഥമികമായി തങ്ങളുടെ നിരപരാധിത്വം തെളിയിക്കണം എന്ന വ്യവസ്ഥയും ഉള്‍പ്പെടുന്നു. ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വയ്ക്കാന്‍ പിഎംഎല്‍എ ദുരുപയോഗം ചെയ്യാന്‍ ഏജന്‍സിയെ അനുവദിക്കുന്നു എന്ന് വിമര്‍ശകര്‍ പറയുന്നു. ഭേദഗതികളെ ശരിവെച്ചുകൊണ്ടുള്ള സുപ്രിംകോടതിയുടെ 2022ലെ വിധി വളരെയധികം വിവാദപരമായിരുന്നു. ഈ വിധിക്ക് എതിരായ ഹരജി നിലവില്‍ സുപ്രിംകോടതിയിലെ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നുണ്ട്.
ഈ വര്‍ഷം ആദ്യം സുപ്രിംകോടതിയുടെ ഒരു ബെഞ്ച് ഇഡി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏജന്‍സിക്ക് ലഭിച്ച ശിക്ഷാവിധികള്‍ കുറവാണെന്ന് നിരീക്ഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതി ഇഡിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.





