ജിദ്ദ: ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ബുക്ക് ഹറാജ് ജനുവരി ഇന്ന് വൈകിട്ട് 4 മുതല്‍ ഷറഫിയ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അങ്കണത്തില്‍ നടക്കും. വായന പ്രോത്സാഹിപ്പിക്കുക, വായിച്ച പുസ്തകങ്ങളുടെ കൈമാറ്റത്തിന് അവസരം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ഹറാജില്‍ പഴയതും പുതിയതുമായ രണ്ടായിരത്തോളം പുസ്തകങ്ങള്‍ പ്രത്യേക സ്റ്റാളുകളില്‍ ഒരുക്കിയിരിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
|
വായിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍ കുറഞ്ഞ നിരക്കില്‍ വാങ്ങുന്നതിനുള്ള സൗകര്യത്തോടൊപ്പം രാജ്യാന്തര എഴുത്തുകാരുടെയും പ്രവാസി എഴുത്തുകാരുടെയും പുതിയ പുസ്തകങ്ങളും സ്റ്റാളുകളില്‍ ലഭ്യമാകും.
വിദ്യാര്‍ഥികള്‍ക്കായി വിവിധ അക്കാദമിക് പുസ്തകങ്ങളും ഗൈഡുകളും ബുക്ക് ഹറാജിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ പുസ്തകങ്ങള്‍ ക്രമീകരിക്കുന്നതിലൂടെ കൂടുതല്‍ ആളുകളെ വായനയിലേക്ക് ആകര്‍ഷിക്കാനാണ് സംഘാടകരുടെ ശ്രമം.
കാപ്പിക്കുരുവിന്റെ കഥ പറയുന്ന ”ബുക്ക് എ കോഫി കോര്‍ണര്‍”, ചിത്ര കലയും കാലിഗ്രാഫിയും ഇഷ്ടപ്പെടുന്നവര്‍ക്കായി കരവിരുതിന്റെ മികവ് അവതരിപ്പിക്കുന്ന ”ആര്‍ടിബിഷന്‍”. ആധുനിക സമൂഹത്തിന്റെ വേഗതാ ഗതി നിര്‍ണയിച്ച ആകാശ പറക്കലിന്റെ തുടക്കം, വരയില്‍ വിസ്മയം തീര്‍ക്കുന്ന ഓപ്പണ്‍ ക്യാന്‍വാസ്, വായനയുടെ രുചിഭേദം തീര്‍ക്കുന്ന ”ബുക്‌സ്ടോറന്റ്” തുടങ്ങി വിജ്ഞാനവും വിനോദവും ഉള്‍പ്പെടുത്തി വ്യത്യസ്തങ്ങളായ സ്റ്റാളുകള്‍ ബുക്ക് ഹാറാജിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഗം കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ കണ്‍വീനര്‍ റഷാദ് കരുമാര, പ്രോഗ്രാം കണ്‍വീനര്‍ ഷഫീഖ് പട്ടാമ്പി, ജൈസല്‍ അബ്ദുറഹ്‌മാന്‍ എന്നിവര്‍ പങ്കെടുത്തു.





