Rajasthan’s “disturbed areas” Bill triggers outcry രാജസ്ഥാനിലെ ചില പ്രദേശങ്ങളെ ‘കലാപബാധിത പ്രദേശങ്ങള്‍’ (Disturbed areas) ആയി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വലിയ രാഷ്ട്രീയ-നിയമ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഈ നിയമം കുടിയേറ്റ നിയന്ത്രണത്തിനും, സ്വത്തവകാശം തടയുന്നതിനും, വര്‍ഗീയ വിഭജനം വര്‍ദ്ധിപ്പിക്കാനും ഉപയോഗിക്കപ്പെടുമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
|
‘രാജസ്ഥാന്‍ ജംഗമ സ്വത്ത് കൈമാറ്റം നിരോധിക്കലും കുടിയൊഴിപ്പിക്കലില്‍ നിന്നുള്ള വാടകക്കാരുടെ സംരക്ഷണവും (കലാപബാധിത പ്രദേശങ്ങള്‍) ബില്‍-2026’-ന്റെ കരടിന് സംസ്ഥാന കാബിനറ്റ് അംഗീകാരം നല്‍കി. ‘അശാസ്ത്രീയമായ ജനസംഖ്യാ കേന്ദ്രീകരണം’ (Improper clustering), ‘ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ’ എന്നിവ തടയുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. മൂന്ന് പതിറ്റാണ്ടായി നിലനില്‍ക്കുന്ന ‘ഗുജറാത്ത് ഡിസ്റ്റര്‍ബ്ഡ് ഏരിയ ആക്ട്-1991’-ന് സമാനമാണ് ഈ പുതിയ നിയമം.
ഭരണഘടനാ സാധുതയില്ല
മത സൗഹാര്‍ദ്ദം നിലനിര്‍ത്താനാണ് ഈ നിയമമെന്ന് രാജസ്ഥാന്‍ നിയമമന്ത്രി പറയുമ്പോഴും, ഇതിന്റെ ഭരണഘടനാ സാധുതയെ നിയമവിദഗ്ധര്‍ ചോദ്യം ചെയ്യുന്നു. ഗുജറാത്തിലെ നിയമപ്രകാരം, ഒരു പ്രദേശം ‘കലാപബാധിതം’ എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍, അവിടെയുള്ള സ്വത്ത് കൈമാറ്റത്തിന് ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഈ അനുമതിയില്ലാത്ത ഇടപാടുകള്‍ അസാധുവായി കണക്കാക്കും.
സ്വത്ത് വില്‍പ്പന ഭീഷണി മൂലമല്ലെന്നും ന്യായമായ വിപണി വിലയ്ക്കാണ് നടക്കുന്നതെന്നും ഉറപ്പാക്കാന്‍ കളക്ടര്‍ അന്വേഷണം നടത്തണം. എന്നാല്‍, പ്രായോഗികമായി അയല്‍പക്കങ്ങളിലെ ജനസംഖ്യാ ഘടന നിയന്ത്രിക്കാനും പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയാനും ഈ നിയമം ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഭരണഘടനയുടെ 14, 15, 19 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും അവര്‍ വാദിക്കുന്നു.
കോടതി ഇടപെടലുകള്‍
ഗുജറാത്ത് ഹൈക്കോടതി ഈ നിയമത്തിലെ പല വ്യവസ്ഥകളെയും മുന്‍പ് ചോദ്യം ചെയ്തിട്ടുണ്ട്. 2020-ല്‍ ഗുജറാത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിലെ ‘ജനസംഖ്യാപരമായ സന്തുലിതാവസ്ഥ’ (Demographic equilibrium) തുടങ്ങിയ അവ്യക്തമായ പദപ്രയോഗങ്ങള്‍ ഭരണകൂടത്തിന് അമിതാധികാരം നല്‍കുന്നതാണെന്ന് കണ്ട് കോടതി സ്റ്റേ ചെയ്തിരുന്നു. രാജസ്ഥാന്‍ സര്‍ക്കാരും ഇപ്പോള്‍ ഇതേ പദപ്രയോഗങ്ങളാണ് പുതിയ നിയമത്തിനായി ഉപയോഗിക്കുന്നത്.
സ്വത്ത് വില്‍പ്പന തടയാന്‍ ക്രമസമാധാന പ്രശ്‌നങ്ങളോ അയല്‍വാസികളുടെ എതിര്‍പ്പോ കാരണമായി കാണിക്കരുതെന്നും, വില്‍പ്പനക്കാരന്റെ സമ്മതവും ന്യായവിലയും മാത്രമേ നോക്കാവൂ എന്നും കോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍
രാജസ്ഥാനെ ബിജെപി സര്‍ക്കാര്‍ ഒരു ‘വര്‍ഗീയ പരീക്ഷണശാല’യാക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. ‘രാജസ്ഥാന്‍ സാഹോദര്യത്തിന് പേരുകേട്ട സ്ഥലമാണ്. അതിനെ ‘കലാപബാധിതം’ എന്ന് മുദ്രകുത്തുന്നത് ലജ്ജാകരമാണ്,’ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ച സമാധാന-അഹിംസ വകുപ്പ് നിര്‍ത്തലാക്കിയ ബിജെപി, ഇപ്പോള്‍ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്രയും നിയമത്തെ ശക്തമായി എതിര്‍ത്തു. ഈ നിയമം സ്വത്ത് മൂല്യം കുറയ്ക്കുമെന്നും നിക്ഷേപകരെ അകറ്റുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ന് അവര്‍ ഒരു പ്രദേശം അശാന്തമാണെന്ന് പറയും, നാളെ ഒരു ജില്ലയെ, മറ്റന്നാള്‍ ജനാധിപത്യം തന്നെ അശാന്തമാണെന്ന് അവര്‍ പ്രഖ്യാപിക്കും,’ ദോതസ്ര പരിഹസിച്ചു.
നിലവില്‍ ഗുജറാത്തില്‍ മാത്രമാണ് ഇത്തരമൊരു നിയമം നിലവിലുള്ളത്. മുസ്ലീം കുടുംബങ്ങള്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് മാറുന്നത് തടയാന്‍ ഈ നിയമം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്.





