തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കന്നതിനാല് വോട്ട് ലക്ഷ്യമിട്ട് നിരവധി വികസന – ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
|
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി എ കുടിശിക വിതരണം, ശമ്പള പരിഷ്കരണം എന്നിവ സംബന്ധിച്ച പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാകും. അതേസമയം, ബജറ്റില്‍ ക്ഷേമ പെന്ഷന് വര്‍ധന ഉണ്ടാകുമോ എന്നത് ആകാംക്ഷ നല്‍കുന്നുണ്ട്. പങ്കാളിത്ത പെന്ഷന് പദ്ധതിക്ക് പകരമുള്ള അഷ്വേഡ് പെന്ഷന് പദ്ധതിയുടെ വിശദാംശങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. സാമ്പത്തിക ഞെരുക്കത്തിനിടയിലും വികസന ക്ഷേമ പദ്ധതികളോട് വിട്ടുവീഴ്ച വേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, വോട്ട് ലക്ഷ്യമിട്ട് ബജറ്റ് പ്രഖ്യാപിക്കുന്നത് ഇടതുപക്ഷത്തിന്റെ രീതിയല്ലെന്നു കഴിഞ്ഞ ദിവസം ധനമന്ത്രി സൂചിപ്പിച്ചിരുന്നു.
റബര്‍ താങ്ങുവില വര്‍ധിപ്പിക്കല്‍, ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ എന്നിവയും ബജറ്റില്‍ ഇടം പിടിച്ചേക്കും. പുതുതായി പ്രഖ്യാപിച്ച പ്രതിമാസം ആയിരം രൂപ നല്കുന്ന സ്ത്രീസുരക്ഷാ പെന്ഷന്, യുവാക്കള്‍ക്കുള്ള കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് എന്നിവയുടെ തുകയും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. വയോജനങ്ങളുടെ ആരോഗ്യം, പരിചരണം, ഉപജീവനം എന്നിവയ്ക്ക് ഊന്നല്‍ നല്കുന്ന പദ്ധതികളും പ്രതീക്ഷിക്കാം. മദ്യത്തിന് ഇനിയും വില കൂട്ടുമോയെന്ന ചോദ്യങ്ങളും സംശയങ്ങളും ശക്തമാണ്.
ALSO READ: ഓട്ടോയില്‍ കയറി വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടു യുവതികള്‍ പിടിയില്‍
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുമ്പോഴും ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ വരുമാനം മറ്റു വഴികള്‍ കണ്ടെത്തേണ്ടി വരും. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്നും ബജറ്റില്‍ വ്യക്തമാകും. വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം ലൈറ്റ് മെട്രോ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ വന്‍തുക നീക്കിവെക്കാന്‍ സാധ്യതയുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള ബജറ്റാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. പെന്ഷന് 2,000 രൂപയാക്കിയത് ചെറിയ കാര്യമല്ല. പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കൃത്യമായി നല്‍കുമെന്ന് ഉറപ്പ് വരുത്തലാണ് പ്രധാന ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.
‘തെരഞ്ഞെടുപ്പ് ബംമ്പര്‍ എന്ന നിലയ്ക്ക് ബജറ്റില്‍ വാരിക്കോരി കൊടുക്കുന്നവരല്ല ഇടതുപക്ഷം. ജനങ്ങള്‍ക്കുവേണ്ടി പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കേരളത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയാവും ഈ ബജറ്റും’, കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.





