31
Jan 2026
Thu
31 Jan 2026 Thu
kerala budget 2026

Kerala Budget 2026 ഇസ്ലാമിക പണ്ഡിതനും പരിഷ്‌കര്‍ത്താവുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ പേരില്‍ പൊന്നാനിയില്‍ ചരിത്ര ഗവേഷണ സെന്റര്‍ സ്ഥാപിക്കും. ഇതിനായി ബജറ്റില്‍ മൂന്ന് കോടി രൂപയാണ് വകയിരുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള ലളിതകലാ അക്കാദമിക്കായി 7.50 കോടി രൂപയും കേരള നാടന്‍ കലാ അക്കാദമിക്കായി 5 കോടി രൂപയും അയ്യങ്കാളി പഠനകേന്ദ്രത്തിന് 1.50 കോടി രൂപയും കൊല്ലത്തെ ഹിസ്റ്ററി ആന്‍ഡ് മാരിടൈം മ്യൂസിയത്തിനായി മൂന്ന് കോടിയും വകയിരുത്തിയിട്ടുണ്ട്.

തളിപ്പറമ്പില്‍ സഫാരി പാര്‍ക്ക്

കണ്ണൂരിലെ തളിപ്പറമ്പില്‍ മൃഗശാല സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നതിനായി 2026-27 സാമ്പത്തിക വര്‍ഷം നാല് കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച, തിരൂരിലെ തുഞ്ചന്‍ പറമ്പിന് സമീപമായി സ്ഥാപിക്കുന്ന എം ടി വാസുദേവന്‍നായരുടെ സ്മാരകത്തിനായി ആദ്യഘട്ടം നടപ്പാക്കുന്നതിന് 1.50 കോടി രൂപയും അനുവദിച്ചു.

ALSO READ: വന്‍ പ്രഖ്യാപനങ്ങളുമായി ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ശമ്പള പരിഷ്‌കരണം, ക്ഷേമ പെന്‍ഷന്‍ വര്‍ധന

കേരള കലാമണ്ഡലത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 27.50 കോടിരൂപയാണ് ബജറ്റിലുള്ളത്. കായംകുളത്ത് തോപ്പില്‍ ഭാസി, തൃശൂരില്‍ പി ജെ ആന്റണി, കണ്ണൂരില്‍ കെ ടി മുഹമ്മദ് എന്നീ നാടക ഇതിഹാസങ്ങളെ ആദരിക്കാന്‍ സ്ഥിരം നാടക തീയേറ്ററുകള്‍ നിര്‍മ്മിക്കാന്‍ ‘നാടകഗൃഹം’ എന്ന പുതിയ പദ്ധതിക്കായി 2.50 കോടി രൂപ വകയിരുത്തി.

അഷ്വേര്‍ഡ് പെന്‍ഷന്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലുള്ള പങ്കാളിത്ത പെന്‍ഷനു പകരം അഷ്വേര്‍ഡ് പെന്‍ഷനും ബജറ്റില്‍ പ്രഖ്യാപിച്ചു. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെന്‍ഷനായി ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും ഡി ആര്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ എന്‍പിഎസില്‍ നിന്നും അഷ്വേര്‍ഡ് പെന്‍ഷനിലേക്ക് മാറാനുള്ള അവസരമുണ്ടാകും. എന്നാല്‍ എന്‍പിഎസില്‍ തുടരേണ്ടവര്‍ക്ക് അതില്‍ തുടരാം. ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി കൈകാര്യം ചെയ്യാനുള്ള സംവിധാനം പദ്ധതിയില്‍ ഉണ്ടായിരിക്കും. ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നടപ്പിലാക്കാന്‍ വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഉത്തരവ് പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ഹെല്‍പ്പര്‍മാരെയും ചേര്‍ത്ത് പിടിക്കുന്നതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തേതും അവസാനത്തേതുമായ ബജറ്റ്. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 1,000 രൂപയുടെ വര്‍ധനവ് പ്രഖ്യാപിച്ചു. ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപയുടെ വര്‍ധനവും വരുത്തും. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 1,000 രൂപ വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.