ലഖ്നോ: ട്രെയിന്‍ വൈകിയത് കാരണം പ്രധാനപ്പെട്ട ഒരു പരീക്ഷ എഴുതാന്‍ സാധിക്കാതെ പോയ പെണ്‍കുട്ടിക്ക് ഏഴ് വര്‍ഷത്തിന് ശേഷം 9.1 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. ലഖ്നോ സര്‍വ്വകലാശാലയുടെ ബി.എസ്സി ബയോടെക്‌നോളജി പ്രവേശന പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥിനിക്ക് സാധിക്കാതെ വന്നതില്‍ റെയില്‍വേയ്ക്ക് വീഴ്ച പറ്റിയതായി ബസ്തിയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ കണ്ടെത്തി.
|
2018-ല്‍ ആരംഭിച്ച നിയമപോരാട്ടത്തിനാണ് ഇതോടെ അന്ത്യമായത്. 2018 മെയ് 7-ന് രാവിലെയാണ് അന്ന് 17 വയസ്സുകാരിയായിരുന്ന സമൃദ്ധി പരീക്ഷ എഴുതുന്നതിനായി ബസ്തിയില്‍ നിന്ന് ലഖ്നോവിലേക്ക് ട്രെയിന്‍ കയറിയത്. ലഖ്നൗവിലെ ജയ് നാരായണ്‍ പി.ജി കോളേജിലായിരുന്നു പരീക്ഷാ കേന്ദ്രം. ഉച്ചയ്ക്ക് 12.30-ഓടെ പരീക്ഷാ ഹാളില്‍ എത്തണമായിരുന്നു.
രാവിലെ 6.55-ന് ബസ്തിയിലെത്തുന്ന ഗോരഖ്പൂര്‍-ലഖ്നോ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 11 മണിക്ക് ലഖ്നോവില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ നിശ്ചിത സമയത്തേക്കാള്‍ രണ്ടര മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ എത്തിയത്.





