31
Jan 2026
Fri
31 Jan 2026 Fri
sir kerala hearing

SIR: Time to submit complaints ends today കേരളത്തിലെ എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍നിന്ന് വെട്ടിമാറ്റിയവര്‍ക്ക് പരാതി സമര്‍പ്പിക്കാനുള്ള അവസരം ഇന്നത്തോടെ തീരും. ഈ മാസം 22 വരെയായിരുന്നു ആദ്യം സമയം നിശ്ചയിച്ചിരുന്നത്. പിന്നീട് സുപ്രീംകോടതി ഇടപെട്ടതോടെയാണ് നീട്ടിയത്. എന്നാല്‍, ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി 14 വരെ തുടരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്.ഐ.ആര്‍ ഹിയറിങ് പുരോഗമിക്കുന്നതിന് പിന്നാലെ പട്ടികയില്‍നിന്ന് പുറത്തായവരുടെ ആദ്യഘട്ട വിവരങ്ങള്‍ പുറത്ത്. കരട് പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും വിദേശത്തുള്ളവരും മരിച്ചവരുമടക്കം 9868 പേരെ അന്തിമ പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്ന് കമീഷന്‍ അറിയിച്ചു.

ഇതില്‍ 1441 പേര്‍ എന്യൂമറേഷന്‍ കാലത്ത് മരിച്ചവരാണ്. 997 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരും 7430 പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്കോ മണ്ഡലങ്ങളിലേക്കോ താമസം മാറിയവരുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചു. ബന്ധുക്കള്‍ എന്യൂമറേഷന്‍ ഫോം ഒപ്പിട്ട് നല്‍കിയതിനെത്തുടര്‍ന്നാണ് മരിച്ചവര്‍ ഒഴികെയുള്ളവര്‍ കരട് പട്ടികയില്‍ ഉള്‍പ്പെട്ടതെന്നാണ് വിവരം.

ALSO READ: കേരളത്തില്‍ എസ്‌ഐആറില്‍ നിന്ന് വെട്ടിമാറ്റപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സുപ്രിംകോടതി

ബിഎല്‍ഒമാര്‍ക്ക് തലവേദന

കഴിഞ്ഞ മാസം 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 24,08,503 പേര്‍ പുറത്തായിരുന്നു. 2,78,50,855 പേരുണ്ടായിരുന്ന വോട്ടര്‍ പട്ടിക 2,54,42,352 ആയി ചുരുങ്ങി. ഇതിലാണ് ഇപ്പോള്‍ വീണ്ടും വെട്ടലുണ്ടായിരിക്കുന്നത്. വളരെ കൃത്യമായ പരിശോധനയുടെ ഫലമായാണ് അനര്‍ഹരെ ഒഴിവാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇന്നുവരെ ലഭിക്കുന്ന അപേക്ഷകളാണ് അന്തിമ വോട്ടര്‍പട്ടികയ്ക്കായി പരിഗണിക്കുക. നാളെ മുതല്‍ ലഭിക്കുന്ന അപേക്ഷകള്‍ സപ്ലിമെന്ററി വോട്ടര്‍പട്ടികയിലായിരിക്കും ഉള്‍പ്പെടുത്തുക. ഓണ്‍ലൈനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ, മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെയോ വെബ്സൈറ്റുകള്‍ വഴിയോ ബി.എല്‍.ഒമാര്‍ വഴി നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത്.

പുതുതായി വോട്ടു ചേര്‍ക്കുന്നതിന് ബൂത്ത് കാണിച്ചില്ലങ്കിലും അപേക്ഷ സമര്‍പ്പിക്കാനാവുന്നത് ബി.എല്‍.ഒമാര്‍ക്ക് തലവേദന. ആപ്പില്‍ എത്തിയ അപേക്ഷകള്‍ വെരിഫിക്കേഷന്‍ ചെയ്യാനാവാതെ എ.ഇ.ആര്‍.ഒ മാര്‍ക്ക് തിരിച്ചയക്കുകയാണ്. തിരിച്ചയക്കുന്ന അപേക്ഷകളില്‍ എന്ത് നടപടിയുണ്ടാകുമെന്ന് ഒരു നിശ്ചയവുമില്ല. ബി.എല്‍.ഒ ആപ്പില്‍ വെരിഫിക്കേഷന് എത്തുന്ന അപേക്ഷകളില്‍ ആദ്യമായി ബൂത്തിലുള്ള വോട്ടറാണോ എന്ന ചോദ്യത്തിന് ‘അല്ല’ എന്ന മറുപടി നല്‍കി സബ്മിറ്റ് ചെയ്യുമ്പോള്‍ എ.ഇ.ആര്‍.ഒ മാര്‍ക്ക് തിരിച്ചുപോവുകയാണ് ചെയ്യുന്നത്.

‘അല്ല’ എന്ന മറുപടി നല്‍കും മുന്‍പ് വോട്ടറുടെ ബൂത്ത് അറിയുന്ന ബി.എല്‍.ഒ മാര്‍ റിമാര്‍ക്‌സില്‍ ബൂത്ത് നമ്പര്‍ ചേര്‍ത്താണ് സബ്മിറ്റ് ചെയ്യുന്നത്. എന്നാല്‍ റിമാര്‍ക്‌സില്‍ കാണിച്ച ബൂത്ത് നമ്പര്‍ കാണാന്‍ കഴിയുന്നില്ലന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. ബൂത്ത് കാണിക്കാത്ത അപേക്ഷകള്‍ പരിഗണിക്കുന്നത് ഈ സാഹചര്യത്തില്‍ പ്രയാസമാണ്. ബി.എല്‍.ഒമാര്‍ തിരിച്ചയക്കുന്ന അപേക്ഷകള്‍ എ.ഇ.ആര്‍.ഒ എന്ത് ചെയ്യുമെന്നത് അവ്യക്തമാണ്. നിരവധി അപേക്ഷകളില്‍ വോട്ടര്‍മാരെ നേരില്‍ ബന്ധപ്പെട്ട് ബൂത്ത് തിരിച്ചറിഞ്ഞ് ബി.എല്‍.ഒമാര്‍ക്ക് അപേക്ഷിക്കുന്നതിന് സമയപരിധിയും ജോലി ഭാരവും തടസ്സമാകും. ഇത്തരത്തില്‍ ബന്ധപ്പെടുന്നതിന് ചില അപേക്ഷകളില്‍ ഫോണ്‍ നമ്പര്‍ പോലുമില്ല.