31
Jan 2026
Fri
31 Jan 2026 Fri
last date will ends today to submit first prize won lottery

ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ബ്ലാക്കില്‍ വില്‍ക്കാനുള്ള നീക്കത്തിനിടെ കണ്ണൂര്‍ പേരാവൂര്‍ സ്വദേശി സാദിഖ് അക്കരമ്മലില്‍ നിന്ന് തോക്കുചൂണ്ടിക്കൊണ്ടുപോയ ലോട്ടറി ടിക്കറ്റ് ഇനിയും കണ്ടെത്താനായില്ല. ഇന്നായിരുന്നു സമ്മാനാര്‍ഹമായ ലോട്ടറി ഹാജരാക്കാനുള്ള അവസാന ദിവസം. ഡിസംബര്‍ 30നാണ് സാദിഖിന് ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള സ്ത്രീ ശക്തി ലോട്ടറി അടിച്ചത്. ഈ ടിക്കറ്റിന് സര്‍ക്കാര്‍ ഈടാക്കുന്ന നികുതി ഒഴിവാക്കാനായി സാദിഖ് ബ്ലാക്കില്‍ പണം ആക്കി മാറ്റി വാങ്ങാനുള്ള ശ്രമം നടത്തിയതാണ് വിനയായത്. ലോട്ടറി വാങ്ങി പണം നല്‍കാനെത്തിയ സംഘം തോക്കുചൂണ്ടി ഈ ലോട്ടറിയുമായി കടക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോട്ടറി തട്ടിക്കൊണ്ടുപോയെന്നായിരുന്നു യുവാവിന്റെ പരാതി. പോലീസ് അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചത്. കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുചിലരെ കൂടി പിടികൂടിയെങ്കിലും ഇവരെ തിരിച്ചറിയാനാവുന്നില്ലെന്നായിരുന്നു സാദിഖിന്റെ നിലപാട്. ഇതിനിടെ സാദിഖ് ലോട്ടറി കൈമോശം വന്നതാണെന്നും തട്ടിക്കൊണ്ടുപോയതല്ലെന്നും കോടതിയില്‍ അറിയിച്ചിരുന്നു.

ലോട്ടറി അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിച്ചാലും ഇതു പണമാക്കി നല്‍കുന്നതിന് കോടതി ഇടപെടല്‍ അനിവാര്യമായി വരും. സാധാരണ ഗതിയില്‍ സമ്മാനമടിച്ചാല്‍ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കാന്‍ വൈകുന്നതിന് കൃത്യമായ കാരണം കാണിച്ചാല്‍ 90 ദിവസം വരെ സമയം അനുവദിക്കാന്‍ ജില്ലാ ലോട്ടറി ഓഫിസര്‍ക്ക് കഴിയും. ടിക്കറ്റ് കാണാതെ വരിക, സമ്മാന ജേതാവ് വിദേശത്ത് പോവുക, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇത്തരത്തില്‍ സാവകാശം നല്‍കുകയെന്നും കണ്ണൂര്‍ ജില്ലാ ലോട്ടറി ഓഫിസിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ALSO READ: പ്രണയവിവാഹത്തിന് എതിരുനിന്ന മാതാപിതാക്കളെ വിഷംകുത്തിവച്ചുകൊന്ന നഴ്‌സ് പിടിയില്‍