സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. സ്വര്‍ണ വില കുതിച്ചുയര്‍ന്നതിന് പിന്നാലെ ഏതാനും ദിവസങ്ങളായി വിലയില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. സംഘര്‍ഷം ആരംഭിച്ച ശേഷം താഴേക്ക് പോയ സ്വര്‍ണ വില ശനിയാഴ്ച 1,840 രൂപ കൂടിയിരുന്നു. ഇത് താല്‍ക്കാലികം എന്ന് തോന്നിപ്പിക്കുന്നതാണ് ഇന്നത്തെ ഇടിവ്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 180 രൂപ കുറഞ്ഞ് 14,820 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,18,560 രൂപയായും കുറഞ്ഞു.
|
18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 150 രൂപ കുറഞ്ഞ് 12,175 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 97,400 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 115 രൂപ കുറഞ്ഞ് 9,480 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 75,840 രൂപയായി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 6,115 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 48,920 രൂപയായി. വെള്ളിക്ക് ഒരു ഗ്രാമിന് 280 രൂപയും പത്ത് ഗ്രാമിന് 2800 രൂപയുമാണ് വിപണി വില.
ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ നികുതിയും 10 ശതമാനം പണിക്കൂലിയും ഹോള്‍മാര്‍ക്ക് ചാര്‍ജും അടക്കം 1.20 ലക്ഷം രൂപയെങ്കിലും നല്‍കേണ്ടിവരും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകും.
രാജ്യാന്തര വില രണ്ടു ശതമാനത്തിലധികം ഇടിഞ്ഞതാണ് കേരളത്തെയും ബാധിച്ചത്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 5172 ഡോളറിലായിരുന്ന രാജ്യാന്തര വില ഇന്ന് 5013 ഡോളര്‍ വരെ താഴ്ന്നു. 5090 ഡോളറിലാണ് നിലവില്‍ വ്യാപാരം. ക്രൂഡ് ഓയില്‍ വില കുതിക്കുമ്പോള്‍ പണപ്പെരുപ്പ ഭീതി ഉയരുന്നതാണ് രാജ്യാന്തര വിലയെ ഉയര്‍ത്തുന്നത്. ഇതോടെ സമീപഭാവിയില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറയും. പലിശ ഉയര്‍ന്നു നില്‍ക്കാനുള്ള സാധ്യത സ്വര്‍ണ വിലയെ ഇടിക്കുന്നതാണ്.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഡോളര്‍ മൂന്നു മാസത്തെ ഉയരത്തിലെത്തി. സുരക്ഷിത നിക്ഷേപമെന്ന ഖ്യാതി ഡോളറിലേക്ക് മാറിയതാണ് കാരണം. 10 വര്‍ഷ യു.എസ് ട്രഷറി ബോണ്ടുകളുടെ ആദായം ഒരു മാസത്തെ ഉയര്‍ന്ന തലത്തിലാണ്. ഇതോടെ ഡോളറില്‍ വ്യാപാരം നടക്കുന്ന സ്വര്‍ണം വാങ്ങുകയെന്നത് ചെലവേറിയതാണ് ഡിമാന്‍ഡ് കുറയ്ക്കുന്നത്.




