വിദ്യാഭ്യാസ രംഗത്തെ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ ഹരജി ക്കു തുടക്കമിട്ട് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (CJP). ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്ത വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെയാണ് ഈ ഡിജിറ്റല്‍ മൂവ്‌മെന്റ് രംഗത്തുവന്നിരിക്കുന്നത്.
|
ഈ കാമ്പയിന്റെ സ്ഥാപകനായ അഭിജീത് ദിപ്‌കെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുന്നത്. ഈ ഹര്‍ജിയില്‍ വന്‍തോതില്‍ ഒപ്പുവെച്ച് പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘യഥാര്‍ത്ഥത്തില്‍ ചില ജോലികള്‍ ചെയ്യേണ്ട സമയമാണിത്’
‘എന്റെ പ്രിയപ്പെട്ട കോക്രോച്ചുകളേ (അനുകൂലികളേ), സുഖമാണോ? നമ്മള്‍ ഇന്റര്‍നെറ്റില്‍ വലിയ തരംഗം സൃഷ്ടിച്ചതായി എല്ലാവരും പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരിക്കുന്നു എന്ന് ഞാന്‍ കരുതുന്നു. ഇതിനായിട്ടാണ് നമ്മള്‍ ഈ പ്രസ്ഥാനം തുടങ്ങിയത്. ഇന്ന് നമ്മള്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു ഹര്‍ജി ആരംഭിക്കുകയാണ്,’ അഭിജീത് വീഡിയോയില്‍ പറഞ്ഞു.
ALSO WATCH
പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ട വിവാദങ്ങളെയും സിസ്റ്റത്തിന്റെ പരാജയങ്ങളെയും പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ‘2.2 ദശലക്ഷത്തിലധികം (22 ലക്ഷം) വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഈ സിസ്റ്റത്തിന്റെ തകരാറുമൂലം ഇല്ലാതായത്. നീറ്റ് (NEET) പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായതും ഇതേ സിസ്റ്റത്തിന്റെ തകരാറാണ്. അതുകൊണ്ട് എന്ത് സംഭവിച്ചാലും ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെച്ചേ മതിയാകൂ.’ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കാന്‍ എല്ലാവരും ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘വിദ്യാഭ്യാസ മന്ത്രി രാജി വെക്കണം!’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘കോക്രോച്ച് ജനതാ പാര്‍ട്ടി’യുടെ അമ്പരപ്പിക്കുന്ന വളര്‍ച്ച
കഴിഞ്ഞ ഒരാഴ്ചയായി ഈ ആക്ഷേപ ഹാസ്യ കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ സ്‌ഫോടനാത്മകമായ വളര്‍ച്ചയാണ് കൈവരിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സി.ജെ.പി.യുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് ഇപ്പോള്‍ 22.4 ദശലക്ഷത്തിലധികം ( 2.24 കോടി) ഫോളോവേഴ്‌സ് ഉണ്ട്. ഇത് ഭാരതീയ ജനതാ പാര്‍ട്ടി (BJP), ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിനേക്കാള്‍ കൂടുതലാണ്.
യുവാക്കളെ ബാധിക്കുന്ന തൊഴിലില്ലായ്മ, പരീക്ഷാ വിവാദങ്ങള്‍, ഭരണപരമായ വീഴ്ചകള്‍ എന്നിവയെ പരിഹാസത്തിലൂടെയും മീമുകളിലൂടെയും (memes) വിമര്‍ശിച്ചാണ് ഈ അക്കൗണ്ട് ജനപ്രീതി നേടിയത്. സുപ്രീം കോടതിയിലെ വാദത്തിനിടയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ ‘കോക്രോച്ചുകള്‍’ (പാറ്റകള്‍) എന്ന് വിശേഷിപ്പിച്ചു എന്ന തരത്തില്‍ ഓണ്‍ലൈനില്‍ ഉയര്‍ന്ന ചര്‍ച്ചകളില്‍ നിന്നാണ് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ എന്ന പേര് രൂപപ്പെട്ടത്.
അറസ്റ്റ് ഭയക്കുന്നതായി സ്ഥാപകന്‍
ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ താന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ഭയക്കുന്നതായി ‘റെഡ് മൈക്ക്’ ചാനലിലെ സൗരഭ് ശുക്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിജീത് വെളിപ്പെടുത്തിയിരുന്നു. താന്‍ അടുത്ത മാസം ഇന്ത്യയില്‍ തിരിച്ചെത്താന്‍ പദ്ധതിയിടുകയാണെന്നും, എന്നാല്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്ന നിമിഷം തന്നെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലേക്ക് മാറ്റാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെയ് 16-ന് ആരംഭിച്ച ഇവരുടെ യഥാര്‍ത്ഥ ‘X’ (ട്വിറ്റര്‍) അക്കൗണ്ട് അഞ്ച് ദിവസത്തിന് ശേഷം (മെയ് 21-ന്) ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ബ്ലോക്ക് ചെയ്യപ്പെടുന്ന സമയത്ത് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ആ അക്കൗണ്ടിനുണ്ടായിരുന്നു. ഇതിന് പിന്നാലെ ‘Cockroach is Back’ എന്ന പേരില്‍ പുതിയ അക്കൗണ്ട് ആരംഭിക്കുകയും 24 മണിക്കൂറിനുള്ളില്‍ 1.44 ലക്ഷം ഫോളോവേഴ്‌സിനെ നേടുകയും ചെയ്തു.
ഇന്‍സ്റ്റ് അക്കൗണ്ട് തിരിച്ചുപിടിച്ചു
സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ ‘കോക്രോച്ച് ജനത പാര്‍ട്ടി’യുടെ (സി.ജെ.പി) ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുത്തതായി പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. നിലവില്‍ 22.4 മില്യണ്‍ ഫോളോവേഴ്‌സ് അക്കൗണ്ടിലുണ്ടെന്ന് ദിപ്‌കെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തുടര്‍ന്ന് അപ്രത്യക്ഷമായതായുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം ഐ.ടി മന്ത്രാലയം ഇടപെട്ടാണ് അക്കൗണ്ട് പൂട്ടിച്ചതെന്ന് ദിപ്‌കെ പറഞ്ഞിരുന്നു. തുടര്‍ന്ന് ഞായറാഴ്ച അക്കൗണ്ട് റീ ആക്ടീവ് ആയതായും തിരിച്ചുപിടിച്ചെന്നും സി.ജെ.പി സ്ഥാപകന്‍ സ്ഥിരീകരിച്ചു.
10 ലക്ഷം യുവാക്കള്‍ അംഗങ്ങളായിരുന്ന സി.ജെ.പിയുടെ ഔദ്യോഗിക വെബ്‌സൈറ്റും വ്യക്തിഗത, ബാക്കപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന വിയോജിപ്പുകളെയും ചോദ്യം ചെയ്യലുകളെയും കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നതിന്റെ തെളിവാണ് ഇതൊക്കെയെന്ന് അഭിജീത് ദിപ്കെ പ്രതികരിച്ചിരുന്നു.
അക്കൗണ്ട് പൂട്ടിയത് ‘ദേശീയ സുരക്ഷാ’ കാരണങ്ങളാല്‍
ഇന്റലിജന്‍സ് ബ്യൂറോയുടെ (IB) ‘ദേശീയ സുരക്ഷാ’ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മുന്‍പത്തെ എക്‌സ് (X) അക്കൗണ്ടിനെതിരെ നടപടിയെടുത്തതെന്ന് ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 2000-ലെ സെക്ഷന്‍ 69(A) പ്രകാരം അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എക്‌സ് (X) പ്ലാറ്റ്ഫോമിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാകുന്ന രീതിയിലുള്ള ആശങ്കകളാണ് ഇന്റലിജന്‍സ് ബ്യൂറോ ചൂണ്ടിക്കാണിച്ചത്.
വിദ്യാഭ്യാസ നയം, യുവാക്കളുടെ തൊഴിലില്ലായ്മ, ഡിജിറ്റല്‍ സെന്‍സര്‍ഷിപ്പ് എന്നിവയെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടയില്‍, ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ രാജ്യത്തെ വലിയൊരു രാഷ്ട്രീയ-സാമൂഹിക സംവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്.
Cockroach Janta Party’s petition demanding Dharmendra Pradhan’s resignation


