15
Nov 2026
Sun
15 Nov 2026 Sun
Gem Veeramani POCSO Case Chennai Police Excavation

ചെന്നൈ: തമിഴ്നാടിനെ പിടിച്ചുകുലുക്കിയ ഗ്രാനൈറ്റ് വ്യവസായിയും ജെം ഗ്രാനൈറ്റ്സ് (Gem Granites) സ്ഥാപകനുമായ ആര്‍. വീരമണി ഉള്‍പ്പെട്ട പോക്‌സോ കേസില്‍ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍. വീരമണിയുടെ ചെന്നൈ ഗോപാലപുരം ലോയ്ഡ്‌സ് റോഡിലുള്ള വീട്ടുപരിസരത്ത് പീഡനത്തിനിരയായ കുട്ടികളെ കൊന്നു കുഴിച്ചിട്ടിട്ടുണ്ടെന്ന് ഇയാളുടെ ഡ്രൈവര്‍ മൊഴി നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ ശ്മശാനമാണ് വീരമണിയുടെ വീട്’ എന്നായിരുന്നു ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം വീരമണിയുടെ വസതിയുടെ പിന്‍വശത്ത് ജെസിബി ഉപയോഗിച്ച് കുഴിച്ചു പരിശോധന നടത്തിയെങ്കിലും ആദ്യദിവസം മൃതദേഹാവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. പരിശോധന ഇന്നും തുടരുകയാണ്.

10 അടി താഴ്ചയില്‍ കുഴിച്ചു പരിശോധന; അതിജീവിതയുടെ മൊഴിയും നിര്‍ണ്ണായകം

അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെയും തഹസില്‍ദാരുടെയും ഫൊറന്‍സിക് വിദഗ്ധരുടെയും നേതൃത്വത്തിലായിരുന്നു വീട്ടുപരിസരത്തെ പരിശോധന. വീരമണിയുടെയും കൂട്ടാളിയായ ശാന്തിയുടെയും ഡ്രൈവറായിരുന്ന ബാല നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ കസ്റ്റഡിയിലെടുത്തതും സ്ഥലത്തെത്തിച്ച് കുഴിച്ചു പരിശോധന നടത്തിയതും.

വീരമണിയുടെ കൂട്ടാളികള്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ വീടിനുള്ളില്‍ കുഴിച്ചിടുന്നത് താന്‍ നേരിട്ട് കണ്ടതായി അതിജീവിതയായ ഒരു പെണ്‍കുട്ടി നേരത്തെ പോക്‌സോ പ്രത്യേക കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഡ്രൈവര്‍ ചൂണ്ടിക്കാണിച്ച രണ്ടിടങ്ങളില്‍ 10 അടി താഴ്ചയില്‍ കുഴിച്ചു പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ല. ബാക്കിയുള്ള ഭാഗങ്ങളില്‍ ഇന്നും പരിശോധന തുടരും.

720 പേജുള്ള കുറ്റപത്രം; മുന്‍ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ കുരുക്കില്‍

സെപ്റ്റംബര്‍ 24-ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് ശേഷം 9 കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് 7 പുതിയ കേസുകളാണ് വീരമണിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 14 വയസ്സുകാരിയെ ഡ്രൈവര്‍മാരായ പാര്‍ത്ഥിബന്‍, ബാബു എന്നിവരുടെ സഹായത്തോടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ 46 ദിവസത്തിനുള്ളില്‍ 720 പേജുള്ള കുറ്റപത്രം ചെന്നൈ പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചു.

40 സാക്ഷികളുള്ള കുറ്റപത്രത്തില്‍ പോക്‌സോ നിയമത്തിന് പുറമെ പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. അതേസമയം, കേസ് അട്ടിമറിക്കാനും പ്രതിക്ക് വഴിവിട്ട സഹായം നല്‍കാനും ശ്രമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി കടുപ്പിച്ചു.

മുന്‍ ചെന്നൈ പൊലീസ് കമ്മീഷണര്‍ എ. അരുണ്‍ ഉള്‍പ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം അട്ടിമറിച്ചതിന് പ്രത്യേക അന്വേഷണ സംഘം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.കുറ്റപത്രത്തില്‍ പരാമര്‍ശിക്കെപ്പട്ട മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ തമിഴ്നാട് സര്‍ക്കാര്‍ കാത്തിരിപ്പ് പട്ടികയിലേക്ക് (Vacancy Reserve) മാറ്റി ഉത്തരവിറക്കി.

2019-ല്‍ നടന്ന പീഡനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ 2025 ഒക്ടോബറില്‍ ലഭിച്ചിട്ടും മാസങ്ങളോളം അന്വേഷണം മരവിപ്പിച്ച് കേസ് എഴുതിത്തള്ളാന്‍ ശ്രമിച്ചതിനാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

Tags: R Veeramani POCSO Case, Gem Granites Veeramani, Chennai Crime News, Tamil Nadu SIT, IPS A Arun, Gopalapuram Excavation, National News Malayalam, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക