24
Apr 2023
Fri
24 Apr 2023 Fri

ബാഴ്‌സലോണ: ലോകത്തിലാദ്യമായി റോബോട്ടിക് സഹായത്തോടെ ശ്വാസകോശം മാറ്റിവച്ചു. സ്പാനിഷ് ആശുപത്രിയിലാണ് നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇത്തരമൊരു അവയവമാറ്റിവയ്ക്കല്‍ സാധ്യമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാഴ്‌സലോണയിലെ വാല്‍ ഡി ഹെബ്രോണ്‍ ആശുപത്രിയിലാണ് നാലു കൈകളുള്ള റോബോട്ട് അവയവമാറ്റ ശസ്ത്രക്രിയ നടത്തിയത്. ചെറിയ മുറിവാണ് റോബോട്ട് ശസ്ത്രക്രിയയ്ക്കായി ഉണ്ടാക്കുക. തകരാറിലായ ശ്വാസകോശം നീക്കംചെയ്തശേഷം പുതിയ ശ്വാസകോശം റോബോട്ട് വച്ചുപിടിപ്പിക്കുകയും ചെയ്തു.

എട്ട് സെന്റിമീറ്ററാണ് ഇതിനായി റോബോട്ട് ഉണ്ടാക്കിയ മുറിവിന്റെ വലിപ്പം. രോഗിക്ക് വേദന കുറച്ചുകൊടുക്കാനും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സുഖംപ്രാപിക്കല്‍ വേഗത്തിലാക്കാനും ഇതു സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 65കാരനായ സേവ്യര്‍ എന്നയാളാണ് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
അനസ്‌തേഷ്യക്ക് ശേഷം ഉണര്‍ന്നപ്പോള്‍ തനിക്ക് ചെറിയ വേദന പോലും അനുഭവപ്പെട്ടില്ലെന്ന് സേവ്യര്‍ പറഞ്ഞു. സാധാരണ ഇത്തരം അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരാവുന്നവര്‍ അനവധി വേദനസംഹാരികള്‍ കഴിക്കണമെന്നിരിക്കെ സേവ്യറിന് പാരസെറ്റാമോള്‍ ഗുളിക മാത്രമാണ് നല്‍കിയത്.