ഇടുക്കി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. എറണാകുളം- കുമളി കെഎസ്ആർടിസി ബസിൽ ഇന്നലെ വൈകിട്ടാണ് സംഭവം. തൃശൂർ കൊടകര സ്വദേശി സിജു (38) ആണ് പിടിയിലായത്.
|
പെരുമ്പാവൂരിൽ നിന്നാണ് ഇയാൾ ബസിൽ കയറിയത്. നേര്യമംഗലം കഴിഞ്ഞപ്പോൾ സമീപത്തെ സീറ്റിൽ ഇരുന്ന ചിലർ ഇറങ്ങിയതോടെ ആ സീറ്റിൽ ഇരുന്ന പെൺകുട്ടിക്ക് അടുത്തേക്ക് ഇയാൾ മാറി ഇരുന്നു. തങ്കമണിക്ക് സമീപം പാണ്ടിപ്പാറയിലെത്തിയപ്പോൾ ഇയാൾ നഗ്നത പ്രദർശനം നടത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി.
പെൺകുട്ടി ഇത് ചോദ്യം ചെയ്യുകയും ബഹളം കേട്ടതോടെ ബസ് ജീവനക്കാരും സഹയാത്രികരും ഇടപെടുകയായിരുന്നു. തുടർന്ന് ബസ് തങ്കമണി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പെൺകുട്ടിയുടെ മൊഴി എടുക്കുകയും പിന്നീട് സിജുവിനെ ചോദ്യം ചെയ്ത ശേഷം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, നഗ്നത പ്രദർശനം നടത്തിയിട്ടില്ലെന്നാണ് ഇയാളുടെ മൊഴി. കട്ടപ്പനയിലെ റിക്രൂട്ടിങ് ഏജൻസി ഓഫിസിലേക്ക് എത്തിയതാണന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സിജുവിനെതിരെ കേസ് എടുത്തത്.





