പത്തനംതിട്ട കോട്ടാങ്ങലില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസില്‍ പ്രതിയായ കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നസീറിന് ജീവപര്യന്തം തടവ് ശിക്ഷ. പത്തനംതിട്ട ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
|
തടിക്കച്ചവടക്കാരനായ നസീര്‍ 2019 ഡിസംബര്‍ 15നാണ് നഴ്‌സായ ടിഞ്ചുവിനെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്തുകൊന്ന ശേഷം യുവതിയെ കെട്ടിത്തൂക്കി കൊന്നത്.
ഭര്‍ത്താവുമായി പിണങ്ങി സ്‌കൂള്‍ കാലത്തെ കാമുകനായ ടിജിനൊപ്പം ടിഞ്ചു ജീവിക്കുമ്പോള്‍ ആയിരുന്നു കൊലപാതകം. യുവതിയുടെ ജീവിതപങ്കാളിയായിരുന്ന ടിജിനെ പ്രതിയെന്ന് സംശയിച്ച് പോലീസ് ക്രൂരമായി തല്ലിച്ചതച്ചിരുന്നു.
കൃത്യം നടന്ന് 20 മാസങ്ങള്‍ക്കു ശേഷമായിരുന്നു ക്രൈം ബ്രാഞ്ച് യഥാര്‍ഥ പ്രതിയായ നസീറിനെ അറസ്റ്റ് ചെയ്തത്. ടിഞ്ചുവിനെ നസീര്‍ വീട്ടില്‍ക്കയറി ബലാല്‍സംഗത്തിനിരയാക്കിയശേഷം കട്ടിലില്‍ തലയിടിപ്പിച്ച് അബോധാവസ്ഥയിലാക്കി കെട്ടിത്തൂക്കുകയായിരുന്നു.
ലോക്കല്‍ പോലിസ് ആത്മഹത്യയാണെന്ന് കരുതിയ കേസ് ടിജിന്റെ പരാതിയില്‍ 2020 ഫെബ്രുവരിയില്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. 2021 ഒക്ടോബറിലാണ് പ്രതി പിടിയിലാകുന്നത്.
മരംവെട്ടുകാര്‍ ഉപയോഗിക്കുന്ന തരം കുരുക്കാണ് ടിഞ്ചുവിനെ കെട്ടിത്തൂക്കാന്‍ ഉപയോഗിച്ച കയറിന്റെ അറ്റത്ത് ഉണ്ടായിരുന്നത്. ഇതില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കു തോന്നിയ സംശയമാണ് നസീറിലേക്ക് അന്വേഷണം എത്തിച്ചത്. ഇയാളുടെ ഇവിടുത്തെ സാന്നിധ്യം അന്വേഷണത്തില്‍ വ്യക്തമായതോടെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.
ALSO READ: ഫ്‌ളൈ ഓവറിനു മുകളില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ സ്ലാബ് തലയില്‍ വീണ് 22കാരന്‍ മരിച്ചു



