തിളങ്ങി നില്‍ക്കവെ തന്നെ സിനിമകളില്‍ നിന്ന് കാണാതായതിനു പിന്നില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുടെ ചതിയെന്ന് വെളിപ്പെടുത്തി ഹാസ്യതാരം ഹരീഷ് കണാരന്‍. ബാദുഷ തന്നോട് കടമായി വാങ്ങിയ 20 ലക്ഷം രൂപ താന്‍ തിരികെ ചോദിക്കുകുയം കിട്ടാതെ വന്നതോടെ താരസംഘടനയായ അമ്മയ്ക്കു പരാതി നല്‍കിയതുമാണ് ഇതിനു കാരണമായതെന്നും ഹരീഷ് കണാരന്‍ ചൂണ്ടിക്കാട്ടി.
|
പ്രമുഖ നിര്‍മാതാവായ ബാദുഷ ഇടപെട്ട് ഹരീഷ് കണാരനായി നീക്കിവച്ചിരുന്ന വേഷം അനേകം സിനിമകളില്‍ നിന്ന് വെട്ടുകയായിരുന്നു. ഇതോടെ ഹരീഷിന് സിനിമകളൊന്നുമില്ലാതായി. മീഡിയാ വണ്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഹരീഷ് കണാരന്‍ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയ്‌ക്കെതിരേ തുറന്നുപറച്ചില്‍ നടത്തിയത്. നേരത്തേ അഭിമുഖങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ഹരീഷ് നല്‍കിയെങ്കിലും ബാദുഷയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.
ബാദുഷയ്ക്ക് കടമായി നല്‍കിയ പണം തന്റെ വീട് പണിയുമായി ബന്ധപ്പെട്ട ആവശ്യം വന്നപ്പോഴാണ് തിരികെ ചോദിച്ചതെന്ന് ഹരീഷ് പറയുന്നു. തന്റെ ഒരു ചിത്രം റിലീസാവാനുണ്ടെന്നും ഇതിനു ശേഷം നല്‍കാമെന്നുമായിരുന്നു ഈ സമയം ബാദുഷ നല്‍കിയ മറുപടി. എന്നാല്‍ ഈ പണം ഒരിക്കലും തിരികെ നല്‍കിയില്ല. ഇതോടെ താരസംഘടനയില്‍ പരാതി നല്‍കി. ഇതിനു ശേഷമാണ് സിനിമകളിലൊന്നും തനിക്കു വിളി വരാതായതെന്ന് ഹരീഷ് വ്യക്തമാക്കി.
അജയന്റെ രണ്ടാം മോഷണം എന്ന ടൊവിനോ തോമസ് ചിത്രത്തിലേക്കു ഹരീഷ് കണാരനെ നിശ്ചയിച്ചിരുന്നെങ്കിലും ഇതു ബാദുഷ ഇടപെട്ട് റദ്ദാക്കുകയായിരുന്നു. ഹരീഷിന് ഡേറ്റ് ഇല്ലെന്ന നുണ പിന്നണി പ്രവര്‍ത്തകരോടു പറഞ്ഞായിരുന്നു ഈ നടപടി. ടൊവിനോ നേരില്‍കണ്ടപ്പോള്‍ എന്താണ് അജയന്റെ രണ്ടാം മോഷണത്തില്‍ അഭിനയിക്കാതിരുന്നതെന്നു ചോദിച്ചപ്പോഴാണ് ഇക്കാര്യം താന്‍ അറിഞ്ഞതെന്നും ഹരീഷ് ചൂണ്ടിക്കാട്ടി. മറ്റു ചിത്രങ്ങളിലും തന്നെ അഭിനയിപ്പിക്കാതിരിക്കാന്‍ ബാദുഷ ഇടപെടീല്‍ നടത്തിയെന്നും താരം പറയുന്നു. ഈ തുറന്നുപറച്ചില്‍ കൊണ്ട് തനിക്കിനിയും വേഷങ്ങള്‍ നഷ്ടപ്പെട്ടേക്കാമെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.
ഹരീഷ് കണാരന്റെ വെളിപ്പെടുത്തലിനു പിന്നാലെ താരത്തെ അനുകൂലിച്ചും ബാദുഷയുടെ നടപടിയെ വിമര്‍ശിച്ചും സാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചകളാണ് നടക്കുന്നത്.അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നും ഹരീഷിനെ കാണാതെ വന്നതോടെ സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മകളിലും മറ്റും ചര്‍ച്ചകള്‍ നടന്നിരുന്നു. ഒരേപോലുള്ള റോളുകള്‍ ആവര്‍ത്തിച്ചുചെയ്തതിനാലാവാം പിന്നീട് സിനിമകള്‍ കിട്ടാതെ പോയതെന്നായിരുന്നു ഒരുവിഭാഗം അഭിപ്രായപ്പെട്ടത്. ഇതിനിടെയാണ് ഹരീഷ് തന്നെ തനിക്കു സംഭവിച്ച ദുരനുഭവം വെളിപ്പെടുത്തി രംഗത്തുവന്നത്.
ALSO READ: യുഎഇയിലെ പ്രവാസികള്‍ ജാഗ്രതൈ; ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും, അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴ





